ഹുർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ജലപാതകളിൽ ഫീസ് ഈടാക്കാൻ അനുവദിക്കില്ല; ശക്തമായി എതിർക്കുമെന്ന് മാർക്കോ റൂബിയോ

മനാമ: ഹുർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ജലപാതകളിൽ കപ്പലുകൾക്ക് ടോളോ ഫീസോ ചുമത്താനുള്ള ഏത് നീക്കത്തെയും അമേരിക്ക ശക്തമായി എതിർക്കുന്നതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ ജി.സി.സി വിദേശകാര്യ മന്ത്രിമാരുമായി നടത്തിയ സംയുക്ത മന്ത്രിതല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം ഒരു രാജ്യത്തിനും ഇത്തരത്തിൽ ഫീസ് ഈടാക്കാൻ അവകാശമില്ലെന്നും, ഈ നടപടി മേഖലയിൽ അസ്ഥിരത സൃഷ്ടിക്കുമെന്നും റൂബിയോ മുന്നറിയിപ്പ് നൽകി. ഭാവിയിൽ ഒപ്പിടുന്ന ഏതൊരു ധാരണയിലും ഇത്തരം നിബന്ധനകൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമായി യു.എസ് ഒപ്പുവെച്ച പ്രാഥമിക ധാരണാപത്രത്തിന്റെ പശ്ചാത്തലത്തിൽ, മേഖലയിലെ സഖ്യകക്ഷികളുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.

ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കുന്നത് തടയുക എന്നത് അമേരിക്കയുടെ പ്രധാന ലക്ഷ്യമാണെന്ന് റൂബിയോ വീണ്ടും വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് തെഹ്‌റാനുമായി ഉണ്ടാക്കുന്ന ഏത് കരാറും ആണവായുധ നിർമ്മാണം ഇല്ലെന്ന് ഉറപ്പുവരുത്തുന്നതും, പരിശോധനകൾക്ക് വിധേയമാകുന്നതുമായിരിക്കണം. മേഖലയിൽ സമാധാനം നിലനിർത്തുന്നതിനായി നയതന്ത്ര ചർച്ചകൾക്ക് അമേരിക്ക തയ്യാറാണെന്നും, എന്നാൽ അത് സഖ്യകക്ഷികളുടെ സുരക്ഷയെ ബാധിക്കാത്ത രീതിയിലായിരിക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.

മേഖലയിലെ സുരക്ഷ, സമുദ്രപാതകളുടെ സുരക്ഷ, നാവിഗേഷൻ സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് ജിസിസി വിദേശകാര്യ മന്ത്രിമാരുമായി അദ്ദേഹം വിശദമായ ചർച്ചകൾ നടത്തി. മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റൂബിയോയുടെ സന്ദർശനം.

Tags:    
News Summary - No fees will be allowed in international waterways including Strait of Hormuz; Marco Rubio vows strong opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.