മനാമ: ബഹ്റൈനിലും മറ്റ് ജി.സി.സി രാജ്യങ്ങളിലും ഇതുവരെ അസാധാരണമായ റേഡിയേഷൻ അളവ് കണ്ടെത്തിയിട്ടില്ലെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ജനറൽ സെക്രട്ടേറിയറ്റ്. ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ യു.എസ് നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് റേഡിയോ ആക്ടീവ് മലിനീകരണ ഭീതിക്കിടെയാണ് ജി.സി.സി ജനറൽ സെക്രട്ടേറിയറ്റിന്റെ വിശദീകരണം.
രാജ്യത്ത് റേഡിയേഷൻ അളവുകൾ കണ്ടെത്തിയിട്ടില്ലെന്ന് സുപ്രീം കൗൺസിൽ ഫോർ ദി എൻവയോൺമെന്റും (എസ്.സി.ഇ) സ്ഥിരീകരിച്ചു. റേഡിയേഷൻ സൂചകങ്ങളും അളവുകളും നിരീക്ഷിക്കുന്നതിനായി ബന്ധപ്പെട്ട ദേശീയ അധികാരികളുമായി ചേർന്നുള്ള പരിസ്ഥിതി നിരീക്ഷണ പ്രവർത്തനങ്ങൾ തുടരുകയാണ്. ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി) ജനറൽ സെക്രട്ടേറിയറ്റിന് കീഴിലുള്ള ജി.സി.സി എമർജൻസി മാനേജ്മെന്റ് സെന്ററുമായും, ഇന്റർനാഷനൽ അറ്റോമിക് എനർജി ഏജൻസിയുമായും നിരന്തരമായ സഹകരണവും നിലവിലുണ്ട്.
പരിസ്ഥിതി, വികിരണ സൂചകങ്ങൾ ഇപ്പോഴും സുരക്ഷിതവും സാങ്കേതികമായി അനുവദനീയവുമായ നിലവാരത്തിലാണെന്ന് ജി.സി.സി എമർജൻസി മാനേജ്മെന്റ് സെന്റർ വ്യക്തമാക്കി. അംഗരാജ്യങ്ങളുമായി ഏകോപിപ്പിച്ച് മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ വഴി തുടർച്ചയായി സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ട്. നിരീക്ഷണം തുടരുമെന്നും റിപ്പോർട്ടുകൾ ലഭിച്ചാലുടൻ പുറത്തുവിടുമെന്നും ജി.സി.സി ജനറൽ സെക്രട്ടേറിയറ്റ് അറിയിച്ചു. അടിയന്തര പ്രതികരണ പദ്ധതികൾ സജ്ജമാണെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.