തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ
മനാമ: രാജ്യത്തിന്റെ സമഗ്രവികസനത്തിനും നിക്ഷേപക സൗഹൃദ അന്തരീക്ഷത്തിനുമുതകുന്ന രീതിയിൽ പുതിയ തൊഴിൽ നയം നടപ്പാക്കുമെന്ന് തൊഴിൽ മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ഡയറക്ടർ ബോർഡ് ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ.
വ്യവസായ വളർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം പ്രദാനം ചെയ്യണമെന്ന കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ താൽപ്പര്യമനുസരിച്ചാണ് നയം നടപ്പാക്കുക. 2023-2026 ലെ നാഷണൽ ലേബർ മാർക്കറ്റ് പ്ലാനിന് കാബിനറ്റ് അംഗീകാരം നൽകിയതിനെ തുടർന്നാണ് തൊഴിൽ മന്ത്രിയുടെ പ്രസ്താവന. 2021-2023 കാലയളവിലെ മുൻ പദ്ധതിയുടെ 91ശതമാനവും പൂർത്തിയാക്കിയെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ മേഖലയിൽ പൗരന്മാരുടെ തൊഴിൽ നിരക്ക് വർദ്ധിപ്പിക്കുന്നതിന് മുൻ പദ്ധതി കാരണമായി.
രാജ്യത്തിന്റെ സാമ്പത്തികം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മുൻ പദ്ധതി തയാറാക്കിയിരുന്നത്. പുതിയ നിക്ഷേപങ്ങൾ ആകർഷിക്കാനും തൊഴിൽലഭ്യത ഉറപ്പുവരുത്താനും സാധിക്കുന്ന തരത്തിൽ പരിശീലന പരിപാടികൾ ആരംഭിച്ചിരുന്നു. നിലവിലെ പദ്ധതിയിൽ ശേഷിക്കുന്ന സംരംഭങ്ങൾ പൂർത്തീകരിക്കുമെന്നും മന്ത്രി ഹുമൈദാൻ ചൂണ്ടിക്കാട്ടി.
ആഭ്യന്തര മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, വ്യവസായ വാണിജ്യ മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ കൗൺസിൽ, എൽ.എം.ആർ.എ, ലേബർ ഫണ്ട് (തംകീൻ), സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ (എസ്.ഐ.ഒ), ഇൻഫർമേഷൻ എന്നിവയുൾപ്പെടെയുള്ള സർക്കാർ ഏജൻസികളുമായി സഹകരിച്ചായിരിക്കും പദ്ധതി. കൂടാതെ ഇ-ഗവൺമെന്റ് അതോറിറ്റി, എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് ക്വാളിറ്റി അതോറിറ്റി എന്നിവയുമായുള്ള പങ്കാളിത്തം വർധിപ്പിക്കും.
പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വിദ്യാഭ്യാസം തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസൃതമായി പുനർനിർണയിക്കാനുമാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. സ്വകാര്യ മേഖലയുമായി ചേർന്നായിരിക്കും പദ്ധതി നടപ്പാക്കുക. രാജ്യത്ത് പ്രാദേശിക, വിദേശ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുതകുന്ന രീതിയിൽ നിലവിലുള്ള നിയന്ത്രണങ്ങളെയും നിയമങ്ങളെയും ഏകീകരിക്കും. പാർട്ട് ടൈം തൊഴിൽ, റിമോട്ട് വർക്ക് എന്നിങ്ങനെയുള്ള എല്ലാ തൊഴിൽ രീതികളും തൊഴിൽ വിപണിയിൽ പ്രയോഗിക്കാൻ സ്ഥാപനങ്ങളെയും കമ്പനികളെയും പ്രോത്സാഹിപ്പിക്കും. സർക്കാരും സ്വകാര്യ മേഖലയും തമ്മിലുള്ള പങ്കാളിത്തം വിപുലീകരിക്കുന്നതിന് സഹായകരമായ നടപടികൾ ആവിഷ്കരിക്കും.
സ്ത്രീകളെ തൊഴിൽ വിപണിയിൽ കൂടുതലായി എത്തിക്കാനും പുതിയ തൊഴിൽ നയം ലക്ഷ്യമിടുന്നു. സ്വദേശികളെയും വിദേശികളെയും നിയമിക്കമ്പോൾ ചെലവിലുണ്ടാകുന്ന വ്യത്യാസം കുറച്ചുകൊണ്ടുവരും. ഇതിലൂടെ സ്വദേശിവൽക്കരണം സ്വകാര്യമേഖലയിലും ഫലപ്രദമാകുമെന്നാണ് കണക്കാക്കുന്നത്. തൊഴിൽ വിപണിയിൽ പ്രവേശിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്ന തൊഴിലന്വേഷകർക്കായി പരിശീലനവും ശേഷി വർധിപ്പിക്കുന്ന സംരംഭങ്ങളും പ്രോഗ്രാമുകളും ആരംഭിക്കും.
നൂതന സാങ്കേതിക പരിശീലനത്തിനും അവസരമൊരുക്കും. തൊഴിൽ വിപണിയുടെ ആവശ്യകതകൾക്കനുസൃതമായി സാങ്കേതികവും തൊഴിലധിഷ്ഠിതവുമായ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം സാങ്കേതികവും പ്രായോഗികവുമായ കോഴ്‌സുകൾ ഉൾക്കൊള്ളുന്ന പരിശീലന ഓപ്ഷനുകൾ വിദ്യാർഥികൾക്ക് നൽകും.
സ്വദേശികളുടെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ധനസഹായവും സാങ്കേതിക കൺസൾട്ടേഷനും മറ്റ് സേവനങ്ങളും നൽകും. തൊഴിൽ വിപണിയിൽ പൗരന്മാരുടെയും വിദേശികളുടെയും സന്തുലിതാവസ്ഥ നിലനിർത്തും. നിയമവിരുദ്ധ പ്രവൃത്തികൾ അവസാനിപ്പിക്കുമെന്നും തൊഴിലാളികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള നിയമങ്ങളും ചട്ടങ്ങളും വികസിപ്പിക്കുമെന്നും ജോലിസ്ഥലത്ത് ആരോഗ്യവും സുരക്ഷയും പ്രോത്സാഹിപ്പിക്കുമെന്നും തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുമെന്നും തൊഴിൽ നയം അടിവരയിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.