സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി നടന്ന ശുചീകരണം
മനാമ: പുത്തൻ ബാഗുകളും പുസ്തകങ്ങളുമായി പുതിയ അധ്യയനവർഷത്തെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ബഹ്റൈൻ. സെപ്റ്റംബർ മൂന്നിനാണ് ഔദ്യോഗികമായി രാജ്യത്ത് സ്കൂളുകൾ തുറക്കുക. സർക്കാർ, സ്വകാര്യ സ്കൂളുകളെല്ലാം സെപ്റ്റംബർ ആദ്യവാരം തുറന്നുപ്രവർത്തിക്കും. നാട്ടിൽ അവധിക്കുപോയ പ്രവാസികളെല്ലാം ഈ സമയമാവുമ്പോഴേക്കും മടങ്ങിയെത്തും. ചിലരൊക്കെ വന്നുതുടങ്ങി. വിവിധ മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും സ്കൂൾ വിപണി അതിവിപുലമായാണ് നടന്നുകൊണ്ടിരിക്കുന്നത്. അധ്യയനവർഷം ആരംഭിക്കാനിരിക്കെ, വിദ്യാർഥികളെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളുമായി സർക്കാറും രംഗത്തുണ്ട്. എല്ലാ പൊതുവിദ്യാലയങ്ങളിലും ശുചീകരണപ്രവർത്തനങ്ങൾ പൂർത്തിയായി.
ക്ലാസ് മുറികൾ, ഓഫിസുകൾ, മുറ്റങ്ങൾ, ജനലുകൾ, ബെഞ്ചുകൾ, വാതിലുകൾ, നിലകൾ, സ്റ്റെയർകേസുകൾ, ബാത്ത്റൂമുകൾ എന്നിവയെല്ലാം പൂർണമായി വൃത്തിയാക്കി. കൂടാതെ, സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും ക്ലാസ് മുറികളിൽ ഊർജക്ഷമതയുള്ള 5000 പുതിയ എയർ കണ്ടീഷനിങ് യൂനിറ്റുകൾ സ്ഥാപിക്കുന്നതും പൂർത്തിയായി. നൂറുകണക്കിന് വിദ്യാർഥികളെ എത്തിക്കാൻ പുതിയ വാഹനങ്ങൾ ഉൾപ്പെടെയുള്ള ബസ് ഫ്ലീറ്റും ഒരുക്കിയിട്ടുണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്കായി പ്രത്യേക ബസുകളും മന്ത്രാലയം ക്രമീകരിച്ചിട്ടുണ്ട്.
വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർധിപ്പിക്കുന്നതിനും വിദ്യാർഥികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുമായി നിരവധി പുതിയ പദ്ധതികൾക്കാണ് വിവിധ സർക്കാർ സ്ഥാപനങ്ങൾ തുടക്കമിട്ടത്.ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ന്യായമായ വിലയിൽ പൗരന്മാർക്കും താമസക്കാർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ വാണിജ്യമന്ത്രാലയത്തിന്റെ കൺസ്യൂമർ പ്രൊട്ടക്ഷൻ ഡയറക്ടറേറ്റ് 'കൺസ്യൂമർസ് ഫ്രണ്ട്' എന്ന പേരിൽ ഒരു പുതിയ സംരംഭം ആരംഭിച്ചിട്ടുണ്ട്. നവംബർ വരെ നീളുന്ന ഈ പരിപാടിയിൽ സ്റ്റേഷനറി, യൂനിഫോം, ഇലക്ട്രോണിക്സ്, ഫർണിച്ചർ, ഭക്ഷണസാധനങ്ങൾ തുടങ്ങിയ സ്കൂൾ അനുബന്ധ ഉൽപന്നങ്ങൾക്ക് വ്യാപാരികൾ കിഴിവ് നൽകും.
സാധനങ്ങൾക്ക് വില വർധിപ്പിക്കുന്നത് തടയാൻ മന്ത്രാലയത്തിന്റെ ഇൻസ്പെക്ടർമാർ ശക്തമായ പരിശോധന നടത്തും. പുതിയ അധ്യയനവർഷത്തിൽ പൊതുവിദ്യാലയങ്ങളിലെ എല്ലാ വിദ്യാർഥികൾക്കും ആരോഗ്യകരമായ ഭക്ഷണം നൽകുമെന്ന് പ്രഖ്യാപിച്ചാണ് വിദ്യാഭ്യാസ മന്ത്രാലയം രംഗത്തെത്തിയത്. മികച്ച സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ശാരീരിക വളർച്ചക്കും മാനസികവികാസത്തിനും ആവശ്യമായ പോഷകങ്ങൾ ലഭ്യമാകുന്ന തരത്തിലാണ് ഈ ഭക്ഷണം തയാറാക്കിയിരിക്കുന്നത്. കബാബ്, മക്രോണി, പാസ്ത, മിനി പിസ്സ, ഫ്രഷ് ബ്രഡ്, കപ്പ്കേക്ക് എന്നിവയും വിവിധതരം സാൻവിച്ചുകളും സാലഡുകളും ഫ്രഷ് ജ്യൂസുകളും ഉൾപ്പെടെയുള്ള വിഭവങ്ങൾ ഇതിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.