മുഹമ്മദ് റാഫി നീൽ

ആംസ്ട്രോങ്ങുമൊത്ത്

നീൽ ആംസ്ട്രോങ്ങുമായുള്ള നിമിഷങ്ങളുടെ ഓർമയിൽ മുഹമ്മദ് റാഫി

മനാമ: ഇന്ത്യയുടെ ചന്ദ്രയാൻ ചന്ദ്രനെ തൊട്ട സന്തോഷം ലോകമെങ്ങും ആഘോഷിക്കുമ്പോൾ ചന്ദ്രനിൽ ആദ്യമിറങ്ങിയ മനുഷ്യനെ കണ്ട ഓർമകളുടെ നിർവൃതിയിലാണ് മുഹമ്മദ് റാഫി. ബഹ്റൈനിലെ അമേരിക്കൻ നേവിയിൽ ഫെസിലിറ്റി ഓപറേഷൻ സ്പെഷലിസ്റ്റ് ആയി ജോലിചെയ്യുന്ന തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ കരൂപ്പടന്ന സ്വദേശിയായ മാന്തുരുത്തി മുഹമ്മദ് റാഫിയാണ് ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആംസ്ട്രോങ്ങുമൊത്തുള്ള നിമിഷങ്ങൾ ഓർത്തെടുക്കുന്നത്.

2010 ഡിസംബർ 20നാണ് ബഹ്റൈനിലെ അമേരിക്കൻ നേവിയുടെ ആസ്ഥാനത്ത് നീൽ ആംസ്ട്രോങ് എത്തിയത്. സൈനികർക്കുള്ള ഇൻസ്പിരേഷൻ കാമ്പയിനിൽ മുഖ്യാതിഥിയായിരുന്നു നീൽ ആംസ്ട്രോങ്. അന്ന് ക്യാമ്പിലെ എന്റർടെയ്ൻമെന്റ് കോഓഡിനേറ്റർ ആയിരുന്ന മുഹമ്മദ് റാഫിക്കും സുഹൃത്തുക്കൾക്കും നീൽ ആംസ്ട്രോങ്ങിനെ കാണാനും സംസാരിക്കാനും അദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കാനും ഭാഗ്യമുണ്ടായി.

ചോദ്യോത്തര വേളയിൽ പലരും രസകരമായ ചോദ്യങ്ങൾ ആംസ്ട്രോങ്ങിനോട് ചോദിച്ചതും അതിന് അദ്ദേഹം നൽകിയ മറുപടികളും മുഹമ്മദ് റാഫി ഓർക്കുന്നു.

ആംസ്ട്രോങ്ങിന് മുന്നിലെത്തിയ ഒരു പിഞ്ചുബാലൻ ചന്ദ്രനിൽ പോയപ്പോൾ ഏലിയനെ കണ്ടുവോ എന്ന് ചോദിച്ചപ്പോൾ കൂട്ടച്ചിരി ഉയർന്നതും റാഫി ഓർക്കുന്നു. 1969 ജൂലൈ 20ന് ചന്ദ്രനിൽ കാലുകുത്തിയ നീൽ ആംസ്ട്രോങ് തന്റെ 82ാം വയസ്സിൽ, 2012ലാണ് മരിച്ചത്.

ബഹ്റൈനിൽ അധ്യാപികയായ സബിതയാണ് മുഹമ്മദ് റാഫിയുടെ ഭാര്യ. ഇബ്നു ഹൈഥം സ്കൂളിലെ വിദ്യാർഥികളായ ലംയ, മുഹമ്മദ് നിദാൻ, നെന എന്നിവർ മക്കളാണ്.

Tags:    
News Summary - Neil Armstrong-Muhammad Rafi-memory-moments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT