മനാമ: വിശുദ്ധ റമദാൻ മാസത്തിൽ പൗരന്മാർക്കും താമസക്കാർക്കും മികച്ച ഡിജിറ്റൽ അനുഭവം ഉറപ്പാക്കുന്നതിനായി മൈഗവ് ആപ്പ് ആപ്പിൽ പുതിയ ഇ-സേവനങ്ങളും ഫീച്ചറുകളും ഉൾപ്പെടുത്തിയതായി ബഹ്റൈൻ ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി അറിയിച്ചു. ഉപയോക്താക്കളുടെ നിർദേശങ്ങൾ പരിഗണിച്ച് നടപ്പിലാക്കുന്ന കാമ്പയിന്റെ ഭാഗമായാണ് ഈ വിപുലീകരണം.
തവാസുൽ സിസ്റ്റം വഴിയും സോഷ്യൽ മീഡിയ വഴിയും പൊതുജനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് ‘അദാൻ’ (ബാങ്ക് വിളി) ശബ്ദ നോട്ടിഫിക്കേഷൻ ഫീച്ചർ ഇപ്പോൾ ആപ്പിൽ ലഭ്യമാണ്. താഴെ പറയുന്ന ലളിതമായ ഘട്ടങ്ങളിലൂടെ ഇത് പ്രവർത്തനസജ്ജമാക്കാം.
ആപ്പിന്റെ ഹോം പേജിലുള്ള Prayer Timings സെക്ഷൻ തിരഞ്ഞെടുക്കുക.
അവിടെയുള്ള Adhan Settings എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ താൽപര്യാനുസരണം നോട്ടിഫിക്കേഷൻ ക്രമീകരിക്കുക (Customize).
വിവിധ ഗവർണറേറ്റുകളിലെ റമദാൻ മജ്ലിസുകൾ കണ്ടെത്താനുള്ള ഡയറക്ടറി, സകാത്ത് നൽകാനും ചാരിറ്റി പ്രവർത്തനങ്ങളിലേക്ക് ഓൺലൈനായി സംഭാവന നൽകാനുമുള്ള സൗകര്യം, കൃത്യമായ നിസ്കാര സമയം, ഖിബ്ല ദിശ, ചന്ദ്രന്റെ ഘട്ടങ്ങൾ, ഹിജ്റി-ഗ്രിഗോറിയൻ കലണ്ടറുകൾ, ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാനുള്ള പ്രത്യേക പോർട്ടൽ തുടങ്ങി നീതി ന്യായ, ഇസ്ലാമിക കാര്യ മന്ത്രാലയവുമായി സഹകരിച്ച് ഒട്ടേറെ സേവനങ്ങളാണ് ആപ്പിൽ ഒരുക്കിയിരിക്കുന്നത്. പുതിയ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി മൈഗവ് ആപ്പ് ഉടൻ അപ്ഡേറ്റ് ചെയ്യാൻ അതോറിറ്റി ആവശ്യപ്പെട്ടു. ഇ-ഗവൺമെന്റ് ആപ്പ് സ്റ്റോർ (bahrain.bh/apps), ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ സ്റ്റോർ, ഹുവാവേ ഗാലറി എന്നിവയിൽ ആപ്പ് ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.