മനാമ: സ്വകാര്യ വസ്ത്രങ്ങൾ പുറത്തേക്ക് പ്രദർശിപ്പിച്ച് വിൽപന നടത്തുന്ന കടകൾ മാറ്റണമെന്ന നിർദേശവുമായി മുഹറഖ് മുനിസിപ്പൽ കൗൺസിൽ. ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ മുന്നോട്ടുവെച്ച നിർദേശം കൗൺസിലർമാർ ഏകകണ്ഠമായാണ് അംഗീകരിച്ചത്. പൊതു മര്യാദയുടെ ലംഘനമായാണ് ഇതിനെ കാണുന്നതെന്നാണ് വിശദീകരണം. ഇത്തരം വസ്ത്രങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ കടകൾ എവിടെയാണെന്നും അറിയാം. അതുകൊണ്ട് പുറത്തുകൂടെ നടക്കുന്ന എല്ലാവരും കാണുന്നതരത്തിൽ പ്രദർശിപ്പിക്കേണ്ട കാര്യമില്ലായെന്നും അബ്ദുൽ അസീസ് അൽ നാർ പറഞ്ഞു. രാജ്യത്തിന്റെ മൂല്യങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിരുദ്ധമാണ് ഇത്തരം പ്രദർശനങ്ങളെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരത്തെ ബാധിക്കാത്ത പൊതുമാന്യത നിലനിർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അൽ നാർ പറഞ്ഞു.
നിർദേശം തുടർ അനുമതികൾക്കായി വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റുവിന് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, ഈ നീക്കത്തെ കാലഹരണപ്പെട്ടതും പരിഹാസ്യവുമാണെന്നാണ് പലരും സൂചിപ്പിക്കുന്നത്. കൂടാതെ കച്ചവടത്തെ ദേഷകരമായി ബാധിക്കാനിടയുണ്ടെന്ന് കടയുടമകൾ വേവലാതി അറിയിച്ചു. കച്ചവടത്തിന്റെ പ്രധാന ആകർഷണം ഡിസ്പ്ലേകളാണെന്നാണ് കച്ചവടക്കാരുടെ ഭാഷ്യം. അതിൽ കുറ്റകരമായി ഒന്നുമില്ലെന്നും അവർ വാദിക്കുന്നു. അനാവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഞങ്ങൾ ശ്രമിക്കുന്നില്ല, പകരം പൊതു ഇടങ്ങളോടുള്ള വിവേചനാധികാരവും ബഹുമാനവും മാത്രമാണ് ആവശ്യപ്പെടുന്നതെന്നും മറുപടിയായി അൽ നാർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.