കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ
യു.എ.ഇ സന്ദർശനത്തിനിടെ
മനാമ: യു.എ.ഇയും ബഹ്റൈനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന വിവിധ കരാറുകളും ധാരണപത്രങ്ങളും നിലവിൽ വന്നു. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നടത്തിയ യു.എ.ഇ സന്ദർശനത്തിനിടെയാണ് പുതിയ കരാറുകളിൽ ഒപ്പുവെച്ചത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നതാണ് കരാറുകൾ. സാമ്പത്തിക വളർച്ചയെന്ന മുഖ്യ ലക്ഷ്യത്തിനൊപ്പം കാലാവസ്ഥാ സംരക്ഷണം, സൈബർ സുരക്ഷ എന്നിവയും ഉറപ്പാക്കുന്ന കരാറുകളിൽ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഒപ്പുവെച്ചത്.
ഉന്നത വിദ്യാഭ്യാസം, അധ്യാപക പരിശീലനം, മനുഷ്യ വിഭവശേഷി, വ്യാപാരവും നിക്ഷേപവും നവീന സാേങ്കതികവിദ്യ, ഒാഹരിവിപണി, നിർമിതബുദ്ധി, എണ്ണ-പ്രകൃതിവാതകം, ചരക്കുകടത്ത്, ഗതാഗതം, സൈബർ സുരക്ഷ, സൈബർ ഇടങ്ങളിലെ സാേങ്കതിക സഹകരണം, കുറ്റകൃത്യങ്ങൾ തടയൽ, ഭക്ഷ്യസുരക്ഷ, ആരോഗ്യപരിപാലനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളെ സ്പർശിക്കുന്ന കരാറുകളാണ് കിരീടാവകാശിയുടെ യു.എ.ഇ സന്ദർശനത്തിൽ രൂപംകൊണ്ടത്. ഇരുരാജ്യങ്ങൾക്കുമിടയിൽ കോൺസൽ തല സഹകരണം ശക്തമാക്കാൻ പ്രത്യേക സമിതികൾ രൂപവത്കരിക്കാനും തീരുമാനിച്ചു.
ആഗോള സമാധാനത്തിനായുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതോടൊപ്പം തീവ്രവാദം, ഭീകരവാദം, കുറ്റകൃത്യങ്ങൾ എന്നിവ തടയാനും ശ്രമിക്കും. സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിന് സഹകരിച്ച് പ്രവർത്തിക്കും. സൈബർ സുരക്ഷാ രംഗത്ത് സംയുക്ത സഹകരണം വർധിപ്പിക്കുന്നതിന് ഇരുരാജ്യങ്ങളിലെയും കഴിവുറ്റവരുടെ നിര വളർത്തിയെടുക്കുകയും അവരുടെ അനുഭവ സമ്പത്ത് പരസ്പരം കൈമാറുകയും ചെയ്യും. വ്യാപാര ബന്ധങ്ങൾ ഊർജ്ജിതമാക്കാനും പരസ്പരം നിക്ഷേപ പദ്ധതികൾ പ്രോൽസാഹിപ്പിക്കുന്നതിനും ധാരണയിലെത്തിയിട്ടുണ്ട്.
നിക്ഷേപ പദ്ധതികൾ ശക്തമാക്കുന്നതിെൻറ ഭാഗമായി ബഹ്റൈനിൽ യു.എ.ഇ ഇൻവെസ്റ്റേഴ്സ് സെൻറർ സ്ഥാപിക്കും. യു.എ.ഇയിലുള്ള കമ്പനികൾക്ക് ബഹ്റൈനിൽ പ്രവർത്തനാനുമതി നൽകുകയും ചെയ്യും. ഓയിൽ, ഗ്യാസ് മേഖലയിൽ സംയുക്ത കമ്പനി രൂപവത്കരിക്കുന്നതിനുള്ള ശ്രമം നടത്തുകയും ചെയ്യും. ഏവിയേഷൻ മേഖലയിൽ സഹകരണം ശക്തമാക്കി കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് എത്തിക്കുന്നതിന് ശ്രമിക്കാനും ഇരുനേതാക്കളും തീരുമാനിച്ചു. പുതിയ കരാറുകളും ധാരണപത്രങ്ങളും ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം കൂടുതൽ വിപുലപ്പെടുത്തുമെന്ന് കിരീടാവകാശി അഭിപ്രായപ്പെട്ടു. ശക്തമായ ഉഭയകക്ഷി ബന്ധം കൂടുതൽ ശകതിപ്പെടുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.