സാമൂഹിക പ്രവര്ത്തകൻ റിയാസ് ഓമാനൂരും മണികണ്ഠനും
മനാമ: 33 വർഷമായി നാട്ടിൽ പോവാൻ കഴിയാതെ ബഹ്റൈനിൽ കഴിഞ്ഞ മലപ്പുറം പുറത്തൂര്‍ സ്വദേശി കട്ടയില്‍ മണികണ്ഠൻ നാടണഞ്ഞു. സാമൂഹിക പ്രവര്‍ത്തകനും മലപ്പുറം ജില്ല കെ.എം.സി.സി മുന്‍ ഭാരവാഹിയുമായ റിയാസ് ഓമാനൂരിന്റെ അടിയന്തര ഇടപെടലാണ് മണികണ്ഠന് നാടണയാനുള്ള വഴിയൊരുങ്ങിയത്. നാടിനെയും വീടിനെയും ബന്ധുക്കളെയും വിട്ടൊഴിഞ്ഞ് പ്രവാസലോകത്തേക്ക് പറിച്ചുനടുമ്പോഴും അവരുടെ ഏക ആശ്വാസം നാട്ടിൽ പോകുന്ന സമയങ്ങളാണ്. എന്നാൽ, ആ ഭാഗ്യാണ് കഴിഞ്ഞ 33 വർഷക്കാലം മണികണ്ഠനെ അനുഗ്രഹിക്കാതിരുന്നത്. 1993 ലാണ് അദ്ദേഹം ബഹ്റൈനിലെത്തുന്നത്. ടൈലർ വിസയിലാണെത്തിയതെങ്കിലും അറബി വീട്ടിലെ വേലക്കാരനായാണ് ആദ്യ കുറച്ചു വർഷങ്ങൾ കഴിച്ചുകൂട്ടിയത്. പിന്നീട് അതേ സ്പോൺസർ വിസയിൽ പുറത്തും ജോലി ചെയ്തു.
അതിനിടയിൽ നാട്ടിൽ പോവാനുള്ള ചില ഒരുക്കങ്ങളൊക്കെ മണികണ്ഠൻ നടത്തിത്തുടങ്ങിയിരുന്നു. ആ സമയത്താണ് ബന്ധുവിനെ ഇവിടെ ജോലി അന്വേഷണാർഥം എത്തിക്കുന്നത്. ജോലി തരപ്പെടാതിരുന്ന ബന്ധുവിനെ ഒടുവിൽ നാട്ടിലേക്കയക്കേണ്ട ബാധ്യതയും മണികണ്ഠനായി. അങ്ങനെ നാട്ടിൽ പോകാനായി അദ്ദേഹം ഒരുക്കിവെച്ചതെല്ലാം നൽകി ബന്ധുവിനെ അദ്ദേഹം നാട്ടിലേക്കയച്ചു. മണികണ്ഠന്റെ നാട്ടിൽ പോകാനുള്ള ആദ്യ ആഗ്രഹം അവിടെ അവസാനിപ്പിക്കേണ്ടിവന്നു.
പിന്നീടാണ് ഒരു മലയാളി സഹപ്രവർത്തകന്റെ ചതിക്കുഴിയിൽ അകപ്പെട്ട് മണികണ്ഠന് 3000 ദീനാറിന്റെ നഷ്ടമുണ്ടാകുന്നത്. ആ സമയം സ്പോൺസർ വിസ പുതുക്കുന്നതിനായി ഭീമമായ ഒരു തുക ചോദിച്ച സാഹചര്യവുമായിരുന്നു. അവിടെ മുതലാണ് മണികണ്ഠന്റെ ജീവിതം താളം തെറ്റിത്തുടങ്ങുന്നത്. പാസ്പോര്‍ട്ട് സ്പോണ്‍സറുടെ കൈവശമായതിനാൽ അത് വിട്ടുനല്‍കാന്‍ അദ്ദേഹവും തയാറായില്ല. പിന്നീട് തൊഴിലുടമ പാസ്പോർട്ട് കൈവശം വെക്കരുതെന്ന നിയമം വന്നതോടെ അദ്ദേഹം ഇന്ത്യൻ എംബസിക്ക് കൈമാറി. അപ്പോഴേക്കും പാസ്പോർട്ടിന്റെ കാലാവധിയും കഴിഞ്ഞിരുന്നു. എന്നാൽ, മണികണ്ഠന് എംബസി പാസ്പോർട്ട് പുതുക്കി നൽകി. ശേഷം മറ്റൊരു വിസയിൽ മൂന്ന് വർഷക്കാലം കൂടി മറ്റു ജോലികളുമായി മണികണ്ഠൻ ഇവിടെ താമസിച്ചു. പിന്നീട് വിസക്ക് നൽകാൻ പണമില്ലാതെ വന്നതോടെ 2008 മുതൽ അനധികൃതമായി ഇവിടെ തുടരുകയായിരുന്നു. അതിനിടയിൽ വീണ്ടും നാട്ടിലേക്ക് പോവാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
അപ്പോഴേക്കും പുതുക്കി നൽകിയ പാസ്പോര്‍ട്ടിന്റെ കാലാവധിയും അവസാനിച്ചിരുന്നു. അവിവാഹിതനായ മണികണ്ഠന്റെ മാതാപിതാക്കൾ ഇതിനോടകം മരിച്ചിരുന്നു. അവശേഷിക്കുന്ന ബന്ധുക്കളുടെ അടുത്തേക്ക് പോകണമെന്നായി പിന്നീട് മണികണ്ഠന്റെ ആഗ്രഹം. പലവഴികൾ തേടിയെങ്കിലും നിയമക്കുരുക്കുകൾ അതിനനുവദിച്ചില്ല.
അതിനിടെയാണ് ഈ വിവരം ഇദ്ദേഹത്തിന്റെ സുഹൃത്ത് ഗംഗാധരന് വഴി റിയാസ് ഓമാനൂരിന്റെ അടുത്തെത്തുന്നത്. നിയമക്കുരുക്കുകൾ ഇല്ലാതാക്കാനുള്ള റിയാസിന്റെ നിരന്തര ഇടപെടലുകൾക്കുശേഷം ഇന്ത്യന്‍ എംബസിയുടെയും എമിഗ്രേഷന്റെയും സഹായത്തോടെ മണികണ്ഠന് നാട്ടിലേക്ക് പോവാനുള്ള ഔട്ട് പാസ് ലഭിക്കുകയായിരുന്നു.
തുടർന്ന് ബഹ്റൈന്‍ തിരൂര്‍ കൂട്ടായ്മ അദ്ദേഹത്തിനുള്ള വിമാനടിക്കറ്റ് നൽകാൻ സന്നദ്ധത അറിയിക്കുകയും ചെയ്യുകയായിരുന്നു. നീണ്ട മൂന്ന് പതിറ്റാണ്ടു കാലത്തെ നീറുന്ന പ്രവാസ ഓർമകളോട് യാത്ര പറഞ്ഞ് മണികണ്ഠൻ ഇന്ന് നാടണയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.