ലൈസൻസില്ലാതെ ടൂർ പാക്കേജുകൾ സംഘടിപ്പിച്ച ട്രാവൽ ഓഫിസ് പൂട്ടി ടൂറിസം അതോറിറ്റി

മനാമ: രാജ്യത്തെ ടൂറിസം നിയമങ്ങൾ ലംഘിച്ച് ആവശ്യമായ ലൈസൻസോ അനുമതികളോ ഇല്ലാത ടൂർ പാക്കേജുകൾ സംഘടിപ്പിച്ചതിന് ബഹ്റൈനിൽ ഒരു ട്രാവൽ ആൻഡ് ടൂറിസം ഓഫിസ് പൂട്ടി ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ.) . ആവശ്യമായ സുരക്ഷാ അനുമതികളും നിയമപരമായ നടപടികളും പൂർത്തിയാക്കാതെ ചില ട്രാവൽ ഏജൻസികൾ സിറിയയിലേക്ക് യാത്ര സംഘടിപ്പിച്ചതിനെ തുടർന്ന് നിരവധി ബഹ്റൈൻ പൗരന്മാർക്ക് സിറിയയിൽ പ്രവേശിക്കാൻ സാധിക്കാതെ വന്നിരുന്നു. ഈ സംഭവത്തെത്തുടർന്നാണ് അതോറിറ്റി ബന്ധപ്പെട്ട നിയമനടപടികൾ സ്വീകരിച്ചത്.

അനുമതികളില്ലാതെ വിനോദയാത്രകൾ സംഘടിപ്പിക്കുന്നതോ ചട്ടങ്ങൾ പാലിക്കാത്തതോ ആയ ഏജൻസികൾക്കെതിരെ കർശനമായ അഡ്മിനിസ്ട്രേറ്റീവ്, നിയമപരമായ നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. വിനോദയാത്രകളും മതപരമായ തീർത്ഥാടനങ്ങളും സംഘടിപ്പിക്കുന്ന ട്രാവൽ ഓഫിസുകൾ, യാത്ര പുറപ്പെടുന്നതിന് മുൻപ് ലക്ഷ്യസ്ഥാനത്തെ രാജ്യത്തെ അതോറിറ്റികളുടെ എല്ലാ സുരക്ഷാ അനുമതികളും പെർമിറ്റുകളും കൃത്യമായി വാങ്ങിയിരിക്കണം. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അനാവശ്യ തടസ്സങ്ങളും കാലതാമസവും ഒഴിവാക്കുന്നതിനും ഇത് അത്യാവശ്യമാണ്.

ബഹ്‌റൈനിലെ ടൂറിസം മേഖലയുടെ സുസ്ഥിര വളർച്ചയ്ക്കും ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി ട്രാവൽ ഓഫിസുകളുടെ മേൽനോട്ടം ശക്തമായി തുടരുമെന്ന് അതോറിറ്റി അറിയിച്ചു. യാത്രക്കാർ തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിശ്വസനീയമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനും അംഗീകൃതവും ലൈസൻസുള്ളതുമായ ട്രാവൽ ഓഫിസുകൾ മാത്രം തിരഞ്ഞെടുക്കണമെന്നും, യാത്ര തിരിക്കുന്നതിന് മുൻപ് എല്ലാ അനുമതികളും പൂർത്തിയായിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ബി.ടി.ഇ.എ. പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Tags:    
News Summary - License, tour packages, travel office, tourism authority,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.