ലെബനീസ് പ്രസിഡന്‍റ് ജോസഫ് ഔൺ ഹമദ് രാജാവുമായുള്ള കൂടിക്കാഴ്ചക്കിടെ

ബെയ്റൂത്തിൽ ബഹ്റൈന് സ്ഥിരം എംബസി തുറക്കും; പ്രഖ്യാപനവുമായി ഹമദ് രാജാവ്

മനാമ: ബെയ്റൂത്തിൽ ബഹ്റൈനായി സ്ഥിരം എംബസി സ്ഥാപിക്കാൻ തീരുമാനിച്ചതായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അറിയിച്ചു. ലെബനീസ് പ്രസിഡന്‍റ് ജോസഫ് ഔണിന്‍റെ ഔദ്യോഗിക ബഹ്റൈൻ സന്ദർശന വേളയിൽ ഹമദ് രാജാവുമായി ഗുദൈബിയ കൊട്ടാരത്തിൽ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഹമദ് രാജാവ് എംബസി സ്ഥാപിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. 2021 ഒക്ടോബറിൽ ലെബനാനും നിരവധി ഗൾഫ് രാജ്യങ്ങളും തമ്മിലുണ്ടായ നയതന്ത്ര തർക്കങ്ങളെത്തുടർന്ന് ബഹ്‌റൈൻ ബെയ്‌റൂത്തിലെ എംബസി അടച്ചിരുന്നു.

കൂടിക്കാഴ്ചയിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സന്നിഹിതനായിരുന്നു. എംബസി സ്ഥാപിക്കുന്നതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ദൃഢമാകുമെന്ന് ഹമദ് രാജാവ് പ്രത്യാശ പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രങ്ങളും കരാറുകളും നടപ്പിലാക്കുന്നതിനും, ഇരു രാജ്യങ്ങൾക്കും പ്രയോജനകരമായ കൂടുതൽ അവസരങ്ങൾ കണ്ടെത്താനും ബഹ്‌റൈൻ-ലെബനീസ് സംയുക്ത സമിതി സജീവമാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം സൂചിപ്പിച്ചു.

ബഹ്റൈൻ സന്ദർശനത്തിനെത്തിയ ലെബനീസ് പ്രസിഡന്റിന് ഔദ്യോഗിക സ്വീകരണം നൽകിയാണ് ഗുദൈബിയ കൊട്ടാരത്തിലേക്ക് സ്വീകരിച്ചത്. രാജാവിന്റെ പേഴ്‌സനൽ പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ, മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, ബഹ്​റൈൻ ഒളിമ്പിക്​ കമ്മിറ്റി ചെയർമാനും യുവജന, കായിക സുപ്രീം കൗൺസിൽ ഒന്നാം വൈസ്​ ചെയർമാനുമായ ശൈഖ്​ ഖാലിദ്​ ബിൻ ഹമദ്​ ആൽ ഖലീഫ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.

പരസ്പര സൗഹൃദവും എല്ലാ മേഖലകളിലുമുള്ള സഹകരണവും ഇരുരാജ്യങ്ങളും ഉറപ്പിച്ചു. പ്രാദേശികവും അന്താരാഷ്ട്രീയവുമായ സംഭവവികാസങ്ങളും ലെബനാനിലെ സമീപകാല സംഭവവികാസങ്ങളും അവ പരിഹരിക്കാനുള്ള നിലവിലുള്ള ശ്രമങ്ങളും വിലയിരുത്തി. ലെബനാനോടും അവിടുത്തെ ജനങ്ങളോടും ഹമദ് രാജാവിന്‍റെ നേതൃത്വത്തിൽ ബഹ്‌റൈൻ സ്വീകരിച്ച മാന്യമായ നിലപാടുകൾക്കും ലെബനാന്റെ ഐക്യം, സുരക്ഷ, സ്ഥിരത എന്നിവയ്ക്കുള്ള പിന്തുണയ്ക്കും പ്രസിഡന്റ് ഔൺ നന്ദി രേഖപ്പെടുത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പായാണ് ലെബനാൻ പ്രസിഡന്റിന്‍റെ ബഹ്റൈൻ സന്ദർശനത്തെ വിലയിരുത്തുന്നത്. രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനാണ് ഈ സന്ദർശനം ഊന്നൽ നൽകുന്നത്.

Tags:    
News Summary - King Hamad announces permanent Bahrain embassy in Beirut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.