സോഷ്യൽ മീഡിയയിലൂടെ 14 കാരിയെ ബ്ലാക്ക്‌മെയിൽ ചെയ്ത 19 കാരൻ ബഹ്‌റൈനിൽ അറസ്റ്റിൽ
മനാമ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴി 14 വയസ്സുള്ള പെൺകുട്ടിയെ കെണിയിൽപ്പെടുത്തി ബ്ലാക്ക്‌മെയിൽ ചെയ്ത സംഭവത്തിൽ 19-കാരനെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിന് കീഴിൽ പ്രവർത്തിക്കുന്ന 'ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഇൻ സൈബർസ്‌പേസ്' ആണ് പ്രതിയെ പിടികൂടിയത്.
സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചയുടൻ അന്വേഷണം ആരംഭിച്ച സൈബർ സുരക്ഷാ വിഭാഗം, തെളിവുകളും വിവരങ്ങളും ശേഖരിച്ച് പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർ നിയമനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് മന്ത്രാലയം അറിയിച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ, കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി. അപരിചിതർ വ്യാജ വാഗ്ദാനങ്ങളും വഞ്ചനാപരമായ രീതികളും ഉപയോഗിച്ച് കുട്ടികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ചൂണ്ടിക്കാട്ടി.
കുട്ടികളുടെ ഓൺലൈൻ ഇടപഴകലുകൾ രക്ഷിതാക്കൾ കൃത്യമായി നിരീക്ഷിക്കണം. , അപരിചിതരുമായി സംഭാഷണങ്ങളിൽ ഏർപ്പെടുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് കുട്ടികളോട് സംസാരിക്കണം.
ചിത്രങ്ങൾ, വ്യക്തിഗത വിവരങ്ങൾ, മറ്റ് സ്വകാര്യ വിവരങ്ങൾ എന്നിവ അപരിചിതരുമായി പങ്കുവെക്കുന്നില്ലെന്ന് ഉറപ്പാക്കണം. സോഷ്യൽ മീഡിയയിലൂടെ കുട്ടികളെ സ്വാധീനിക്കാനോ കെണിയിൽപ്പെടുത്താനോ ഉള്ള ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ 33523300 എന്ന നമ്പറിലോ, cpcu@interior.gov.bh എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെട്ട് പരാതി നൽകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.