കേരളം- പുതുച്ചേരി ടൂറിസം-ഒ.ഡി.ഒ.പി പ്രദർശനവുമായി ഇന്ത്യൻ എംബസി

മനാമ: ഇന്ത്യൻ എംബസി കോൺസുലാർ ഹാളിൽ കേരളത്തിന്റെയും പുതുച്ചേരിയുടെയും ടൂറിസം, വൺ ഡിസ്ട്രിക്റ്റ് വൺ പ്രോഡക്റ്റ് (ഒ.ഡി.ഒ.പി) പ്രദർശനം ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ബഹ്‌റൈനിലെ മലയാളി പ്രവാസികളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഇരു സംസ്ഥാനങ്ങളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളും ഒ.ഡി.ഒ.പി പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന തനത് ഉൽപ്പന്നങ്ങളും ഈ പ്രദർശനത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

 

ചടങ്ങിൽ മലയാളത്തിലും തമിഴിലുമായി പ്രസംഗിച്ച അംബാസഡർ, വരും മാസങ്ങളിൽ ഈ പ്രദർശനം ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിനും മറ്റു രാജ്യക്കാർക്കും കേരളത്തിന്റെയും പുതുച്ചേരിയുടെയും സാംസ്കാരിക സൗന്ദര്യം ആസ്വദിക്കാനും വാണിജ്യപരമായ ബന്ധങ്ങൾ അന്വേഷിക്കാനും മികച്ച അവസരമൊരുക്കുമെന്ന് പറഞ്ഞു. പുതുച്ചേരിയുടെ ചരിത്രപരമായ ഫ്രഞ്ച് ബന്ധത്തെ മാനിച്ച്, കൗൺസിലർ രാജീവ് കുമാർ മിശ്ര ചടങ്ങിൽ ഫ്രഞ്ച് ഭാഷയിൽ പ്രസംഗിച്ചത് ശ്രദ്ധേയമായി.

 

പ്രദർശനത്തിനായി ഉൽപ്പന്നങ്ങൾ ലഭ്യമാക്കാൻ സഹായിച്ച ബഹ്‌റൈൻ കേരളീയ സമാജത്തിന് അംബാസഡർ നന്ദി അറിയിച്ചു. കേരളത്തിന്റെ തനത് ഭക്ഷണവിഭവങ്ങൾ ഉൾപ്പെടെയുള്ള വിവിധ പരിപാടികളും ബി.കെ.എസ് ഇതിനായി ഒരുക്കിയിരുന്നു.

Tags:    
News Summary - Indian Embassy Organizes Kerala-Puducherry Tourism and ODOP Exhibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.