മനാമ: കായിക കേന്ദ്രങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് സാമൂഹികമായും പരിസ്ഥിതിക്കും ആരോഗ്യത്തിനും ഏറെ ഗുണകരമായിരിക്കുമെന്ന് ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി ചെയർമാനും യുവജന, കായിക സുപ്രീം കൗൺസിൽ ഒന്നാം വൈസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി.
കായിക ജനറൽ അതോറിറ്റി മുൻസിപ്പൽ, കാർഷിക മന്ത്രാലയവുമായി സഹകരിച്ച് നടപ്പാക്കുന്ന കായിക കേന്ദ്രങ്ങളിലെ മരംനടൽ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈസ ടൗണിലെ കായിക കേന്ദ്രത്തിലാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനച്ചടങ്ങ് നടന്നത്. കായിക മേഖല പരിസ്ഥിതി സംരക്ഷണത്തിന് ഉപയോഗപ്പെടുത്തുന്നത് എന്തുകൊണ്ടും പ്രശംസനീയമാണ്.
പരിസ്ഥിതിക്ക് ഇണങ്ങുംവിധം കായിക കേന്ദ്രങ്ങളും സ്ഥാപനങ്ങളുമാക്കി തീർക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നതായും ബഹ്റൈന്റെ കായികമുഖം ഇത്തരത്തിലാക്കാനാവശ്യമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ ഹരിതപ്രദേശങ്ങൾ വ്യാപിപ്പിക്കുന്നതിലൂടെ പരിസ്ഥിതിയിലും കാലാവസ്ഥയിലും മാറ്റങ്ങളുണ്ടാവുമെന്നും ശുദ്ധമായ ഭൂമിയും ആകാശവും സ്വപ്നം കാണാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുനിസിപ്പൽ, കാർഷിക മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക്, സ്പോർട്സ് ജനറൽ അതോറിറ്റി സി.ഇ.ഒ ഡോ. അബ്ദുറഹ്മാൻ സാദിഖ് അസ്കർ, കാർഷിക, സമുദ്ര സമ്പദ്വിഭാഗം അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് അഹ്മദ് ഹസൻ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
എന്നും ഹരിതം പദ്ധതി: 51,000 വൃക്ഷത്തൈകൾ നട്ടു
മനാമ: എന്നും ഹരിതം പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 51,000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചതായി നാഷനൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്മെന്റ് അറിയിച്ചു.
13,589 ചതുരശ്ര മീറ്ററിലാണ് 50,814 വൃക്ഷത്തൈകൾ നട്ടത്. 57 പദ്ധതികളിലൂടെയാണ് ഇത്രയും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചിട്ടുള്ളത്. മുനിസിപ്പൽ, കാർഷിക മന്ത്രാലയത്തിന്റെയും പരിസ്ഥിതികാര്യ സുപ്രീം കൗൺസിലിന്റെയും സഹകരണത്തോടെയാണ് പദ്ധതി മുന്നേറുന്നത്.
രണ്ടാംഘട്ട ‘എന്നും ഹരിതം’ പദ്ധതി വിജയിപ്പിക്കുന്നതിന് സഹകരിച്ച മന്ത്രാലയങ്ങൾ, സർക്കാർ അതോറിറ്റികൾ, സ്വകാര്യ സ്ഥാപനങ്ങൾ, സാമൂഹിക സംഘടനകൾ തുടങ്ങിയവർക്കെല്ലാം നാഷനൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്മെന്റ് സെക്രട്ടറി ശൈഖ മറാം ബിൻത് ഈസ ആൽ ഖലീഫ പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ചെയർപേഴ്സൻ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ കീഴിലായിരുന്നു ‘എന്നും ഹരിതം’ രണ്ടാംഘട്ട പദ്ധതിക്ക് തുടക്കമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.