‘എം.ടി. വാസുദേവൻ നായരുടെ 'മഞ്ഞി'ലെ മുഖ്യ കഥാപാത്രം വിമല അമ്മാവനോട് ചോദിക്കുന്നുണ്ട്: ‘വായിക്കാൻ മറ്റൊന്നും കിട്ടിയില്ലെങ്കിൽ അമ്മാവൻ എന്ത് ചെയ്യും?’ അമ്മാവൻ: ‘വായിക്കാൻ വേറെയൊന്നും കിട്ടിയില്ലെങ്കിൽ, ഞാൻ ടെലിഫോൺ ഡയറക്ടറി എടുക്കും’.
വിമല: ‘അതെന്തിനാണ്?’
അമ്മാവൻ: ‘അതിൽ കുഴപ്പമൊന്നുമില്ല. കുറേ പേരുകളും നമ്പറുകളുമുണ്ട്. അതെല്ലാം ഓരോ മനുഷ്യരാണ്. അവർ സംസാരിക്കുന്നത് എനിക്ക് കേൾക്കാം. അവരുടെ ജീവിതത്തെക്കുറിച്ച് എനിക്ക് ഊഹിക്കാം’.
നമ്മുടെ വായനശീലങ്ങളെക്കുറിച്ചും അത് ജീവിതത്തിൽ നൽകുന്ന അർഥങ്ങളെക്കുറിച്ചും പറയുന്നുണ്ട് എം.ടിയുടെ നോവലിലെ ഈ രണ്ട് കഥാപാത്രങ്ങളുടെ സംഭാഷണം. നോവലിൽ, വിമലയുടെ അച്ഛന്റെ സഹോദരനായ അമ്മാവൻ നാട്ടിലെ തിരക്കുകളിൽനിന്ന് ഒഴിഞ്ഞുമാറി, പുറംലോകവുമായി അധികം ബന്ധമില്ലാതെ, ഒരു തരം വിരസതയിലും ഏകാന്തതയിലുമാണ് കഴിയുന്നത്. വായിക്കാൻ മറ്റ് നല്ല പുസ്തകങ്ങളോ കഥകളോ ഇല്ലാത്തപ്പോഴുള്ള അദ്ദേഹത്തിന്റെ വായനശീലത്തെക്കുറിച്ചുള്ള വിമലയുടെ ചോദ്യത്തിനുള്ള മറുപടിയാണ് ഈ ഭാഗം. ഒരു നിലക്ക് നമ്മൾ പ്രവാസികളും വിമലയുടെ അമ്മാവന്റെ അവസ്ഥയിലാണ്.
നമ്മുടെ ജീവിതം സാർഥകമാക്കുന്ന, ബന്ധങ്ങളെ ഇഴചേർക്കുന്ന നാട്ടിലെ വ്യവഹാരങ്ങളിൽനിന്നൊക്കെ മാറി പ്രവാസത്തിന്റെ മേലങ്കി സ്വയം അണിഞ്ഞ നമ്മൾക്ക് നാടുമായുള്ള പൊക്കിൾക്കൊടി ബന്ധം നിലനിർത്തുന്ന മുഖ്യ മാധ്യമമാണ് ഗൾഫിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ദിനപത്രങ്ങൾ. എന്റെ പ്രവാസം തുടങ്ങുന്നതും ‘ഗൾഫ് മാധ്യമം’ ഗൾഫിൽനിന്ന് പ്രസിദ്ധീകരണം തുടങ്ങുന്നതും ഒരേ സമയമാണ്. മുമ്പ് ദിവസങ്ങൾക്കുശേഷം കൈയിൽ കിട്ടുന്ന പഴകിയ ദിനപത്രങ്ങൾ വായിച്ച് നിർവൃതിയടഞ്ഞിരുന്ന വർത്തമാനം അവശേഷിക്കുന്ന പഴമക്കാർ വഴി ഇപ്പോഴും കേൾക്കാം.
ഞാൻ പേടിച്ചിരുന്ന വിരസത പ്രവാസത്തിൽ അനുഭവപ്പെടാതിരിക്കാൻ ദിവസേന പ്രഭാതത്തിൽ കൈയിൽ കിട്ടുന്ന ഗൾഫ് മാധ്യമം ഒരു കാരണമായിരിക്കാം. മലയാളികളെയും മലയാളത്തിൽ വർത്തകളെയും ഒരു പോലെ കോർത്തിണക്കാൻ ബഹ്റൈനിലും ഇതര ഗൾഫ് നാടുകളിലും ഗൾഫ് മാധ്യമത്തിനായിട്ടുണ്ട്. യാത്രകളിലാണ് ഗൾഫ് മാധ്യമത്തിന്റെ അഭാവം ഏറെ അനുഭവപ്പെടുക. പകരം ഓൺലൈൻ വാതായനങ്ങൾ തുറന്നുകിടക്കുന്നുണ്ടെങ്കിലും പത്രം കടലാസിൽ വായിക്കുന്നതിന്റെ ഒരു സുഖം ഒരിക്കലും കിട്ടാറില്ല.
പ്രിന്റ് മാധ്യങ്ങളുടെ ശവക്കുഴി മാന്തിക്കൊണ്ടിരിക്കുന്ന ഇക്കാലത്തും തുടക്കക്കാരായ ഗൾഫ് മാധ്യമം, മലയാളത്തിലെ പ്രമുഖരായ പത്രങ്ങൾ പിൻവാങ്ങിയിടത്ത് ഒരുദിവസം പോലും നിലക്കാതെ അച്ചടിച്ച് വിതരണം ചെയ്യുന്നതിനുപിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു. ഗൾഫ് മാധ്യമത്തിന്റെ പ്രചാരണ കാമ്പയിന് എല്ലാ വിജയവും നേരുന്നു. വാർഷിക താരിഫ് കണ്ടപ്പോൾ മനസ്സിലായത് നമ്മൾ കൊടുക്കുന്നതിലും കൂടുതൽ മൂല്യത്തിന്റെ സമ്മാനങ്ങൾ പകരം കിട്ടുന്നു എന്നാണ്. ഒരു വർഷം ഗൾഫ് മാധ്യമവും അനുബന്ധ പ്രസിദ്ധീകരണവും കിട്ടുന്നത് ഏതാണ്ട് സൗജന്യമായാണല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.