മനാമ: സർക്കാറിന്റെ 2023 മുതൽ 2026 വരെയുള്ള ചതുർവർഷ പദ്ധതിക്ക് മന്ത്രിസഭ യോഗം അംഗീകാരം നൽകി. ‘സാമ്പത്തിക ഉത്തേജന പാക്കേജിൽനിന്നും സുസ്ഥിര വളർച്ചയിലേക്ക്’ എന്ന പ്രമേയത്തിലാണ് സർക്കാർ കർമപദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്. പാർലമെന്റും ശൂറ കൗൺസിലും പദ്ധതി നേരത്തെ അംഗീകരിച്ചിരുന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശത്തിന്റെ വെളിച്ചത്തിൽ സർക്കാറിന്റെ നയങ്ങളും ജനങ്ങൾക്ക് നൽകുന്ന സേവനങ്ങളും പദ്ധതികളും സംബന്ധിച്ച് രൂപരേഖ തയാറാക്കുന്നതിനുള്ള ചർച്ചകൾ മന്ത്രിസഭ യോഗത്തിൽ നടന്നു. ഇതുമായി ബന്ധപ്പെട്ട തുടർ റിപ്പോർട്ടുകൾ മന്ത്രിസഭയിൽ ചർച്ച ചെയ്യുന്നതിനും തീരുമാനിച്ചു. ഓഡിറ്റ് റിപ്പോർട്ടിൽ വന്നിട്ടുള്ള നിർദേശങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.
റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള പോരായ്മകൾ പരിഹരിക്കുന്നതിനും തെറ്റുകൾ തിരുത്തുന്നതിനും വിവിധ മന്ത്രാലയങ്ങൾക്കും സർക്കാർ അതോറിറ്റികൾക്കും നിർദേശം നൽകുകയും ചെയ്തു. മുൻ വർഷങ്ങളിലെ നിർദേശങ്ങൾ നടപ്പാക്കിയതിൽ വിജയിച്ച മന്ത്രാലയങ്ങൾക്ക് ഉപപ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. തുടർച്ചയായി രണ്ടാം വർഷവും സ്കൈ ട്രാക്സിന്റെ പഞ്ചനക്ഷത്ര പദവി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചതിൽ കാബിനറ്റ് സന്തുഷ്ടി രേഖപ്പെടുത്തി. രാജ്യത്തെ ടൂറിസം മേഖല വളർച്ചയുടെ പാതയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതായി കഴിഞ്ഞ വർഷത്തെ ടൂറിസം റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് മന്ത്രി വ്യക്തമാക്കി. വിവിധ മന്ത്രിമാരുടെ വിദേശ സന്ദർശനവും അവർ പങ്കെടുത്ത യോഗങ്ങളുടെ റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിച്ചു. ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ അധ്യക്ഷനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.