തീപിടിത്തമുണ്ടായ കെട്ടിടത്തിൽ അധികൃതർ പരിശോധനക്കിടെടെ
മനാമ: ബഹ്‌റൈൻ റാംലിയിൽ നാലുപേരുടെ മരണത്തിനിടയാക്കിയ തീപിടുത്തമുണ്ടായ അപ്പാർട്ട്മെന്റിൽ ഉന്നതതല സംഘം സന്ദർശനം നടത്തി. സാമൂഹിക വികസന മന്ത്രി ഒസാമ അൽ അലവി, പൊലീസ് മേധാവി ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസൻ, ഹൗസിങ് ആൻഡ് അർബൻ പ്ലാനിങ് മന്ത്രാലയം അണ്ടർസെക്രട്ടറി ഫാത്തിമ അൽ മന്നായി, നോർത്തേൺ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സാലിഹ് അൽ ദോസരി, സിവില്‍ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ പൈലറ്റ് അലി അൽ ഖുബൈസി എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.
ഒരേ കുടുംബത്തിലെ നാല് അംഗങ്ങളുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും, കാരണങ്ങൾ കണ്ടെത്തി മന്ത്രിസഭയ്ക്ക് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.
അപകട സ്ഥലമടക്കം പരിശോധിച്ച സംഘം, സംഭവത്തിന്റെ പശ്ചാത്തലത്തെക്കുറിച്ചും അധികാരികൾ സ്വീകരിച്ച നടപടികളെക്കുറിച്ചും വിലയിരുത്തി. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താനുള്ള അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. കെട്ടിടത്തിൽ താമസിക്കുന്ന മറ്റ് കുടുംബങ്ങളുടെ അവസ്ഥകളും സംഘം അവലോകനം ചെയ്യുകയും, ദുരന്തബാധിതർക്ക് ആവശ്യമായ പിന്തുണ നൽകാൻ ബന്ധപ്പെട്ട വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കണമെന്നും പറഞ്ഞു.
പൗരന്മാരുടെ സുരക്ഷയിൽ കിരീടാവകാശി പുലർത്തുന്ന നിരന്തരമായ കരുതലിന്റെ തെളിവാണ് ഈ സന്ദർശനമെന്ന് മന്ത്രി ഒസാമ അൽ അലവി വ്യക്തമാക്കി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അദ്ദേഹം അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ ഫയർ പ്രിവൻഷൻ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയം പ്രവർത്തിച്ചുവരികയാണെന്ന് ഫാത്തിമ അൽ മന്നായി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.