ബഹ്‌റൈനിലേക്ക് ‘തമ്പാക്’ കടത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറുമാസം തടവും പിഴയും

മനാമ: ബഹ്‌റൈനിൽ നിരോധിത പുകയില ഉൽപ്പന്നമായ ‘തമ്പാക്’ കടത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറുമാസം തടവും 37,856 ബഹ്‌റൈൻ ദീനാർ പിഴയും വിധിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളപ്പണ വെളുപ്പിക്കലും സംബന്ധിച്ച പ്രോസിക്യൂഷനിലെ ടാക്സ് എവേഷൻ ക്രൈംസ് യൂണിറ്റ് മേധാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ചാം മിനി ക്രിമിനൽ കോടതിയാണ് കേസിൽ വിധി പ്രസ്താവിച്ചത്.

ശിക്ഷാ നടപടികൾക്ക് ശേഷം പ്രതിയെ രാജ്യത്ത് നിന്ന് സ്ഥിരമായി നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവായിട്ടുണ്ട്. രാജ്യത്തെ കടൽ വഴി റെഡിമെയ്ഡ് കോൺക്രീറ്റിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ചാണ് നിരോധിത വസ്തു കടത്താൻ ശ്രമിച്ചത്.

ബഹ്‌റൈൻ കസ്റ്റംസ് അതോറിറ്റിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചത്. പരിശോധനക്കിടയിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയ ചരക്ക് പരിശോധിച്ചപ്പോഴാണ് 2,912 കിലോഗ്രാം വരുന്ന നിരോധിത തമ്പാക് കണ്ടെടുത്തത്. ഇതിന് 37,856 ദീനാർ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്.

തുടർന്ന് കസ്റ്റംസ് അധികൃതർ നിയമനടപടികൾ പൂർത്തിയാക്കി കേസ് ബന്ധപ്പെട്ട യൂണിറ്റിന് കൈമാറുകയായിരുന്നു. യൂണിറ്റ് നടത്തിയ അന്വേഷണത്തിൽ, വാണിജ്യ ലൈസൻസിന്റെ ഉടമയായ പ്രതിയാണ് ചരക്ക് വരുത്തിയതെന്നും, നിരോധിത വസ്തുക്കളുടെ ഇറക്കുമതി നിരോധനം മറികടക്കാൻ കസ്റ്റംസിന് വ്യാജ രേഖകൾ സമർപ്പിച്ചതായും തെളിഞ്ഞു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.

Tags:    
News Summary - Six months imprisonment and fine for suspect in attempt to smuggle 'Tambak' into Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.