എഫ്.ഐ.എ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്പ് 2036 വരെ ബഹ്‌റൈനിൽ തുടരും

മനാമ: 2036 വരെ എഫ്.ഐ.എ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്പിന് ബഹ്‌റൈൻ ആതിഥേയത്വം വഹിക്കുമെന്ന് ബഹ്‌റൈൻ ഇന്റർനാഷനൽ സർക്യൂട്ട് (ബി.ഐ.സി) പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എൻഡുറൻസ് റേസിംഗ് പരമ്പരയുമായി ദീർഘകാലത്തേക്കുള്ള കരാർ ബി.ഐ.സി പുതുക്കി. 2012-ൽ ഈ ചാമ്പ്യൻഷിപ്പ് ആരംഭിച്ചത് മുതൽ ബഹ്‌റൈൻ ഇതിന്റെ ഭാഗമാണ്.

ഇതുവരെ 14 തവണയാണ് ബി.ഐ.സിയിൽ ഡബ്ല്യു.ഇ.സി മത്സരങ്ങൾ നടന്നത്. ചാമ്പ്യൻഷിപ്പിന്റെ അവസാന ഘട്ട മത്സരങ്ങൾക്ക് സാഖിർ സ്ഥിരമായി വേദിയാകാറുണ്ട്. ഒട്ടനവധി റേസിംഗ് ചാമ്പ്യന്മാരെ കണ്ടെത്തിയ വേദി കൂടിയാണിത്. ബഹ്‌റൈന്റെ ദീർഘകാല മോട്ടോർസ്പോർട്ട് പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ കരാറെന്ന് ബി.ഐ.സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശൈഖ് സൽമാൻ ബിൻ ഈസ അൽ ഖലീഫ പറഞ്ഞു. എല്ലാ വർഷവും റെക്കോർഡ് കാണികളാണ് ബഹ്‌റൈനിലെ റേസ് കാണാനെത്തുന്നത്.

ഈ വർഷത്തെ ഡബ്ല്യു.ഇ.സി മത്സരങ്ങൾ നവംബർ 5 മുതൽ 7 വരെയാണ് നടക്കുന്നത്. ഇത്തവണയും സീസണിലെ എട്ടാമത്തെയും അവസാനത്തെയും റൗണ്ടാണ് ബഹ്‌റൈനിൽ നടക്കുന്നത്. കൂടാതെ, 2027ലെ ഡബ്ല്യു.ഇ.സി കലണ്ടറും അധികൃതർ പുറത്തിറക്കി. ഒമ്പത് റേസുകൾ ഉൾപ്പെടുന്ന 2027-ലെ സീസണിന്റെ ഫൈനൽ മത്സരം നവംബർ 4 മുതൽ 6 വരെ ബഹ്‌റൈനിൽ തന്നെയായിരിക്കും നടക്കുക.

Tags:    
News Summary - FIA World Endurance Championship to continue in Bahrain until 2036

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.