മനാമ: ഇറാൻ കേന്ദ്രീകരിച്ചുള്ള തീവ്രവാദ പ്രവർത്തനങ്ങളെ സാമ്പത്തികമായി സഹായിച്ചതിനും, രാജ്യത്തിനെതിരെ ശത്രുതാപരമായ പ്രവർത്തനങ്ങൾ നടത്താൻ ഇന്റലിജൻസ് പിന്തുണ നൽകിയതിനും പിടിക്കപ്പെടുകയും പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത വ്യക്തിക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ കാസ്സേഷൻ കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു.
പ്രതി കുറ്റകൃത്യങ്ങൾ ചെയ്തതായി കോടതിയുടെ നിരീക്ഷണങ്ങളിൽ വ്യക്തമായിട്ടും വെറുതെവിട്ടതിനെ തുടർന്നാണ് അപ്പീൽ നൽകിയതെന്ന് പ്രോസിക്യൂഷൻ മേധാവി വ്യക്തമാക്കി. രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയായി ഫണ്ട് സമാഹരിച്ചു നൽകിയ പ്രധാന വ്യക്തികളിൽ ഒരാളാണ് പ്രതി. തീവ്രവാദ ഗ്രൂപ്പിൽ ചേരുക, രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ രീതിയിൽ വിദേശ രാജ്യവുമായി ഇന്റലിജൻസ് ബന്ധത്തിൽ ഏർപ്പെടുക, തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ മാത്രം പ്രതി അനധികൃതമായി 21 ദശലക്ഷം ബഹ്റൈൻ ദിനാറിലധികം സമാഹരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ തുക ഇറാനിലെ ഇന്റലിജൻസ് ഏജൻസികൾക്കും രാജ്യത്തിനെതിരെയുള്ള തീവ്രവാദ പദ്ധതികൾക്കും വേണ്ടിയാണ് ഉപയോഗിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ഫണ്ടിംഗ് എന്നിവയുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ പ്രത്യേക അന്വേഷണങ്ങൾ നടത്തിവരികയാണെന്നും, കേസ് ഉടൻ തന്നെ കോടതയിലേക്ക് മാറ്റുമെന്നും പ്രോസിക്യൂഷൻ മേധാവി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.