മനാമ: കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ജൂൺ മാസത്തെ വൈദ്യുതി ബില്ലിൽ ഉണ്ടായ പെട്ടെന്നുള്ള വർദ്ധനവിൽ ഔദ്യോഗിക വിശദീകരണം തേടി നോർത്തേൺ മുനിസിപ്പൽ കൗൺസിൽ അംഗം രംഗത്ത്. ബില്ലുകളിൽ അപ്രതീക്ഷിതമായ വർദ്ധനവ് ഉണ്ടായതായി നിരവധി താമസക്കാരിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് കൗൺസിലർ മുഹമ്മദ് സാദ് അൽ ദോസരി ഇക്കാര്യം ആവശ്യപ്പെട്ടത്.
ഉപയോഗത്തിൽ യാതൊരു മാറ്റവുമില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ തങ്ങളുടെ പ്രതിമാസ വൈദ്യുതി ബിൽ ഇരട്ടിയായതായി നിരവധി കുടുംബങ്ങൾ അറിയിച്ചതായി അൽ ദോസരി പറഞ്ഞു. കഴിഞ്ഞ വർഷം വേനൽക്കാലത്ത് 70നും 90നും ദീനാറിനിടയിൽ ബിൽ ലഭിച്ചിരുന്ന പല താമസക്കാർക്കും ഈ ജൂണിൽ 200 ദീനാറിനോടടുത്ത തുകയ്ക്കുള്ള ബില്ലുകളാണ് ലഭിച്ചത്. ഒറ്റപ്പെട്ട സംഭവങ്ങളിൽ മാത്രമായി ഇത് ഒതുങ്ങുന്നില്ലെന്നും പ്രദേശത്തെ നിരവധി കുടുംബങ്ങളെ ഇത് ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് അംഗങ്ങൾ മാത്രം ഉള്ള ഒരു കുടുംബത്തിന് പോലും 200 ദീനാറിനടുത്ത് ബിൽ വന്നത് നിരക്കുകളുടെ കൃത്യതയെക്കുറിച്ച് ആശങ്ക ഉയർത്തുന്നുണ്ട്.
വർദ്ധനവിന് കാരണം കണ്ടെത്താൻ താമസക്കാർ വിവിധ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ബന്ധപ്പെട്ട അധികാരികളുടെ ഔദ്യോഗിക വിശദീകരണം ലഭിക്കാതെ ഇത് സ്ഥിരീകരിക്കാനാവില്ലെന്ന് അൽ ദോസരി പറഞ്ഞു. വൈദ്യുതി ബില്ലുകൾ എങ്ങനെയാണ് കണക്കാക്കുന്നതെന്നും താരിഫുകളിലോ മീറ്റർ റീഡറിംഗ് നടപടികളിലോ ബില്ലിംഗ് സംവിധാനങ്ങളിലോ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോയെന്നും വ്യക്തമാക്കാൻ അദ്ദേഹം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.