മനാമ: വി. മുരളീധരെൻറ സന്ദർശനത്തെ ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹവും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. യാത്രപ്രശ്നം, കോവിഡ് പ്രതിസന്ധി തുടങ്ങി നിരവധി വിഷയങ്ങളിൽ കേന്ദ്ര സർക്കാറിെൻറ ഇടപെടൽ കാത്തിരിക്കുകയാണ് പ്രവാസികൾ. എയർ ബബ്ൾ പ്രകാരമുള്ള വിമാന സർവിസ് വർധിപ്പിക്കണമെന്ന ആവശ്യത്തിന് ചെറിയതോതിൽ പരിഹാരമായിട്ടുണ്ട്. സെപ്റ്റംബർ 15 മുതൽ പ്രതിദിന സർവിസ് ഒന്നിൽനിന്ന് രണ്ടായി ഉയർത്താനാണ് തീരുമാനം. എന്നാൽ, കേരളത്തിൽനിന്നുള്ള വിമാന സർവിസുകളിൽ കാര്യമായ വർധന ഇല്ലാത്തത് പ്രവാസി മലയാളികൾക്ക് തിരിച്ചടിയാണ്. ഇക്കാര്യത്തിൽ നടപടി ഉണ്ടാകണമെന്ന് പ്രവാസികൾ ആവശ്യപ്പെടുന്നു. കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളിൽ മരിച്ച ഇന്ത്യൻ പ്രവാസികളുടെ കുടുംബങ്ങളെയും കേന്ദ്ര സർക്കാറിെൻറ സഹായപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിനും പരിഹാരമായിട്ടില്ല. ഇക്കാര്യത്തിലും മന്ത്രിയുടെ ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.
മതിയായ രേഖകളില്ലാതെ ബഹ്റൈനിൽ കഴിയുന്ന നിരവധി പ്രവാസികളുണ്ട്. ഇവർക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കാൻ ഇന്ത്യൻ എംബസി നടപടിയെടുത്തിരുന്നു. ഇത്തരം ആളുകളെ കണ്ടെത്തി രേഖകൾ ക്രമപ്പെടുത്താൻ ഇടപെടൽ വേണമെന്നതാണ് മറ്റൊരാവശ്യം.
ബഹ്റൈനിലെത്തി ദുരിതം നേരിടുന്ന ഹൗസ്മെയ്ഡുകൾക്ക് സഹായമെത്തിക്കാനുള്ള സംവിധാനം കാര്യക്ഷമമാക്കണമെന്ന ആവശ്യവും സാമൂഹിക പ്രവർത്തകർ ഉന്നയിക്കുന്നുണ്ട്. ഇരകളാകുന്നവർ നേരിട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകേണ്ട സാഹചര്യം നിലവിലുണ്ട്. ഭാഷ ഉൾപ്പെടെ നിരവധി തടസ്സങ്ങൾ ഇക്കാര്യത്തിൽ ഇവർ അഭിമുഖീകരിക്കുന്നു. ഇൗ വിഷയത്തിൽ ഇന്ത്യൻ എംബസി മുഖേന ശക്തമായ ഇടപെടൽ നടത്തണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.