പ്രവാസികൾക്കും വോട്ടവകാശമുണ്ട്..!



മനാമ: സമ്മതിദാന അവകാശം എന്നത് ജനാധിപത്യ പ്രക്രിയയിലെ ഏറ്റവും ശക്തമായ ആയുധമാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം, തങ്ങളുടെ നാടിന്‍റെ വികസനത്തിലും ഭരണത്തിലും പങ്കാളികളാകാനുള്ള ഏറ്റവും വലിയ മാർഗമാണ് ‘പ്രവാസി വോട്ട്’. നിലവിലെ നിയമപ്രകാരം, തിരഞ്ഞെടുപ്പ് ദിവസം പ്രവാസി വോട്ടർ തന്‍റെ മണ്ഡലത്തിലെ പോളിംഗ് ബൂത്തിൽ നേരിട്ടെത്തിയാൽ മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂ. എന്നാൽ അതിന് വലിയൊരു ചോദ്യ ചിഹ്നവുമായാണ് ഇത്തവണത്തെ വോട്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രവാസികൾക്ക് വിദൂര വോട്ടിങ് സംവിധാനം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയവരാകും അധികവും.

പ്രതിസന്ധികളും സാമ്പത്തിക ബുദ്ധിമുട്ടും കാരണം പ്രാവാസികൾക്ക് നാട്ടിലെത്താൻ കഴിയാത്ത സാഹചര്യങ്ങളിൽ വിദൂര വോട്ടിങ് സംവിധാനം പ്രാധാന്യമർഹിക്കുന്നുണ്ട്. നേരിട്ടെത്തി വോട്ട് ചെയ്യുക എന്നത് പ്രവാസികൾക്ക് സാമ്പത്തികമായും പ്രായോഗികമായും വലിയ ബുദ്ധിമുട്ടാണ്.

ഇതിന് പരിഹാരമായി പ്രധാനമായും മൂന്ന് നിർദ്ദേശങ്ങളാണ് പ്രവാസികൾക്കിട‍യിൽ ചർച്ച ചെയ്യപ്പെടുന്നത്. അതിലൊന്ന് പ്രോക്സി വോട്ട് ആണ്. വോട്ടർക്ക് പകരം നാട്ടിലുള്ള വിശ്വസ്തനായ ഒരാളെ വോട്ട് ചെയ്യാൻ ചുമതലപ്പെടുത്തുന്ന രീതിയാണിത്. എന്നാൽ ഇത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന വിമർശനം ശക്തമാണ്. ഇ-പോസ്റ്റൽ ബാലറ്റ് ആണ് രണ്ടാമത്തേത്. വോട്ടർക്ക് ഇന്‍റർനെറ്റ് വഴി ബാലറ്റ് പേപ്പർ ലഭിക്കുകയും, അത് ഡൗൺലോഡ് ചെയ്ത് രേഖപ്പെടുത്തി തപാൽ വഴി അയക്കുകയും ചെയ്യുന്ന രീതി. ഇത് പ്രവാസികൾക്ക് ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ ദശലക്ഷക്കണക്കിന് പ്രവാസികൾക്ക് ഇ-ബാലറ്റ് സൗകര്യം ഒരുക്കുന്നത് സാങ്കേതികമായി വലിയ വെല്ലുവിളിയാണെന്നും വിലയിരുത്തുന്നുണ്ട്. ഓൺലൈൻ സംവിധാനങ്ങൾ ഹാക്ക് ചെയ്യപ്പെടുമോ എന്ന ആശങ്കയും ബാലറ്റുകൾ തപാൽ വഴി കൃത്യസമയത്ത് എത്തുമോ എന്ന സംശയവും നിലനിൽക്കുന്നു.

മറ്റൊരു മാർഗം അതാത് രാജ്യങ്ങളിൽ നിന്ന് തന്നെ പ്രവാസികൾക്ക് വോട്ട് ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാക്കുക എന്നതാണ്. യൂറോപ്യൻ രാജ്യങ്ങളിലെ പൗരൻമാർക്കും, ബംഗ്ലാദേശ്, ഫിലിപ്പിൻസ് പോലുള്ള രാജ്യങ്ങളിലെ പൗരന്മാർക്കും ഈ സംവിധാനമുണ്ട്. അംഗസംഖ്യയിൽ ഏറ്റവും കൂടുതലുള്ള ഇന്ത്യക്കാർക്ക് അങ്ങനെയൊരു സംവിധാനമില്ലെന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇതാവും ഏറ്റവും ഉചിതമായ മാർഗമെന്നാണ് അധിക പേരും വിലയിരുത്തുന്നത്.

പ്രവാസി വോട്ട് വിഷയത്തിൽ ബഹ്റൈനിലെ വ്യത്യസ്ത പാർട്ടികളും സംഘടനകളും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കയാണ്.

പ്രവാസികളുടെ വർഷങ്ങളായുള്ള ആവശ്യം- കെ.എം.സി.സി


മനാമ: പ്രവാസികളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു പ്രവാസി വോട്ട് നടപ്പിലാക്കുക എന്നത്. പ്രവാസികളുടെ പ്രത്യേകിച്ച് കെ.എം.സി.സിയുടെ നിരന്തര ആവശ്യപ്രകാരം പ്രവാസികൾക്കും വോട്ടർ പട്ടികയിൽ ഇടം പിടിക്കാൻ സാധിച്ചു എന്നതിൽ വളരെയധികം സന്തോഷമുണ്ട്.

എന്നാൽ പ്രവാസ ഭൂമിയിലിരുന്നു കൊണ്ട് പ്രവാസികൾക്കും നാട്ടിൽ പോകാതെ വോട്ട് ചെയ്യാനുദകും വിധം നിയമ വേദഗതി വരുത്താൻ സാധിക്കണമെന്നാണ് കെ.എം.സി.സി ബഹ്‌റൈന്‍റെ ആവശ്യം. വോട്ട് ചെയ്യാൻ നാട്ടിൽ പോകാൻ സാധിക്കാത്ത ഒരു അന്തരീക്ഷമാണ് ഗൾഫ് നാടുകളിൽ നിലനിൽക്കുന്നത്. പ്രവാസികൾക്ക് പോസ്റ്റൽ വോട്ട് അനുവദിക്കുകയാണെങ്കിൽ നാട്ടിൽ പോകാതെ തന്നേ വോട്ട് രേഖപ്പെടുത്താൻ സാധിക്കും. കഴിഞ്ഞ കാലങ്ങളിൽ ഫ്ലൈറ്റ് ചാർട്ട് ചെയ്തു പോലും നാട്ടിൽ പോയി വോട്ട് ചെയ്ത പ്രവാസികൾക്ക് ഈ തെരഞ്ഞെടുപ്പിൽ യുദ്ധ അന്തരീക്ഷത്തിൽ പല രാജ്യങ്ങളിൽ നിന്നും ഫ്ലൈറ്റ് പോകാത്തതും പോകുന്ന സ്ഥലങ്ങളിൽ നിന്ന് വലിയ ടിക്കറ്റ്‌ നിരക്കും പ്രവാസികളുടെ വോട്ട് ചെയ്യുക എന്ന ആഗ്രഹത്തിന് വിലങ്ങു തടിയാകുന്നു.

അതുകൊണ്ട് അടുത്ത തെരെഞ്ഞെടുപ്പിലെങ്കിലും പ്രവാസികളുടെ നിരന്തര ആവശ്യം സാക്ഷത്കരിച്ചു കിട്ടുകയാണെങ്കിൽ അത് വളരെ ഉപകാരപ്രദവും പ്രവാസികൾക്ക് സന്തോഷമുളവാക്കുന്ന ലാര്യമാണെന്നും കെ.എം.സി.സി ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്‍റ് എ.പി ഫൈസൽ, ആക്ടിങ് ജനറൽ സെക്രട്ടറി അഷ്‌റഫ്‌ കാട്ടിൽ പീടിക എന്നിവർ ആവശ്യപ്പെട്ടു. 

ജനാധിപത്യത്തിന്‍റെ സൗന്ദര്യം നിഷേധിക്കപ്പെടുന്ന പ്രവാസികൾ -ഒ.ഐ.സി.സി




 


മനാമ : ലോകത്തിലെ ജനാധിപത്യരാജ്യങ്ങളിൽ ഏറ്റവും വലുതും, ശക്തവുമായ രാജ്യം എന്ന് നമ്മൾ അഹങ്കരിക്കുമ്പോൾ തന്നെ, ജനാധിപത്യത്തിന്‍റെ സൗന്ദര്യം നുകരാനോ, അതിൽ പങ്കെടുക്കാനോ സാധിക്കാതെ വരുന്ന പ്രവാസികൾക്ക് തങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ഭാഗം അല്ലെന്ന തോന്നൽ ഉണ്ടാകുന്നത് സ്വഭാവികം ആണ്. യു.പി.എ ഗവൺമെന്‍റിന്‍റെ കാലത്താണ് അന്നത്തെ പ്രവാസികാര്യ വകുപ്പ് മന്ത്രി ആയിരുന്ന വയലാർ രവിയുടെ പ്രത്യേക താൽപര്യ പ്രകാരം പ്രവാസികൾക്കും സ്വന്തം ബൂത്തിലെ വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാം എന്ന നിയമം വന്നത്.

ഈ നിയമനിർമ്മാണത്തിൽ നിന്ന് ഒരിഞ്ച് പോലും മുന്നോട്ട് നീങ്ങാൻ സാധിക്കാതെ പ്രവാസികളുടെ ആവശ്യം ഇന്നും കോടതിയിൽ കിടക്കുകയാണ്. പ്രവാസികളുടെ ന്യായമായ ആവശ്യം, അവർ ജീവിക്കുന്ന നാടുകളിൽ വോട്ട് ചെയ്യാൻ അവസരം ലഭിക്കുക എന്നതാണ്. നിലവിൽ ലോകത്തിലെ പല രാജ്യങ്ങളും, തങ്ങളുടെ ജനാധിപത്യ പ്രക്രിയയിൽ മറ്റ് രാജ്യങ്ങളിൽ ഉള്ള എംബസികൾ വഴിയോ, ഓൺലൈനിലോ വോട്ട് ചെയ്യാൻ അവസരം ഉണ്ടാക്കി കൊടുക്കുന്നുണ്ട്.

നമ്മുടെ ഭരണകർത്താക്കൾക്ക് പ്രവാസികളുടെ ഈ ആവശ്യത്തോട് അനുഭാവപൂർണമായ സമീപനം അല്ല നിലവിൽ ഉള്ളത്. ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഉന്നതമായ സ്ഥാനം ഉള്ള രാജ്യം എന്ന് നമ്മൾ അഭിമാനിക്കുമ്പോളും, പ്രവാസ ലോകത്ത് ഇരുന്ന് വോട്ട് ചെയ്യാൻ ഉള്ള അവസരത്തിനായി ഇനിയും നമ്മൾ നിരവധി വർഷം കാത്തിരിക്കേണ്ടി വരുമായിരിക്കും. ഇതിനായി എല്ലാ പ്രവാസി സംഘടനകളും ഒരു സമ്മർദ ശക്തിയായി മുന്നോട്ട് പോകുവാനും, നാട്ടിൽ ശക്തമായ സ്വാധീനം നടത്തണം എന്നും അഭ്യർത്ഥിക്കുന്നു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം പത്രക്കുറിപ്പിലൂടെ അറിയിച്ചു.

സാമൂഹിക നീതിയുടെ നേട്ടം -പ്രവാസി വെൽഫെയർ


മനാമ: രാജ്യത്തിന്‍റെ സാമ്പത്തിക സാമൂഹിക വളർച്ചയിൽ വലിയ പങ്ക് വഹിക്കുന്ന ഒരു കോടിയോളം വരുന്ന ഇന്ത്യൻ പ്രവാസികൾക്ക് ഇനിയും അവർ താമസിക്കുന്ന സ്ഥലങ്ങളിൽ നിന്നും രാജ്യത്തെ ജനാധിപത്യ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുവാനും രാജ്യത്തിന്‍റെ ഭാവി ഭാഗധേയം നിർണയിക്കുന്ന ഘടകങ്ങളിൽ അവസരം ഒരുക്കാത്തത് സാമൂഹിക നീതിയുടെ നിഷേധമാണ് എന്ന് പ്രവാസി വെൽഫെയർ പ്രസിഡന്‍റ് മജീദ് തണൽ പറഞ്ഞു.

പ്രോക്സി വോട്ട്, ഇ-ബാലറ്റ്, വിദേശത്തുനിന്നുള്ള സുരക്ഷിത വോട്ടിംഗ് തുടങ്ങിയ മാർഗങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം വൈകുന്നത്തിന്‍റെ ഫലമായി വിദേശത്ത് ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർ തിരഞ്ഞെടുപ്പ് ദിവസങ്ങളിൽ നാട്ടിലെത്താൻ കഴിയാതെ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാതെ പോകുന്നു. രാജ്യത്തിന്‍റെ അംബാസഡർമാർ എന്ന് കേന്ദ്ര ധനകാര്യ മന്ത്രി വിശേഷിപ്പിച്ച, രാജ്യത്തിൻറെ

സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളുടെ പ്രശ്നങ്ങളിൽ കരുണയോടെയുള്ള മാനവിക നിലപാട് സ്വീകരിക്കുന്നതിന് ഗവൺമെന്‍റുകളെ തടയുന്നതിന്‍റെ പരമപ്രധാനമായ കാരണം അവർ വോട്ടില്ലാത്തവരാണ് എന്നതാണ്. പ്രവാസികളുടെ രാഷ്ട്രീയ പങ്കാളിത്തം ശക്തിപ്പെടുത്താനും പ്രവാസികളെ പരിഗണിക്കാത്ത സർക്കാറുകളോട് ജനാധിപത്യ വ്യവസ്ഥയിലൂടെ തങ്ങളുടെ പ്രതിഷേധം വോട്ടിലൂടെ രേഖപ്പെടുത്താനുമുള്ള അവസരമാണ് പ്രവാസി വോട്ട് അനുവദിക്കാതിരുന്നത് മൂലം പ്രവാസികൾക്ക് നഷ്ടപ്പെടുന്നത്. പ്രവാസി വോട്ട് അനുവദിക്കാത്തതോ വൈകുന്നതോ ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാനമായ എല്ലാ പൗരന്മാരെയും ഉൾക്കൊള്ളലിനെ ബാധിക്കുന്ന വിഷയമാണ്.

പ്രവാസികൾക്കും സുരക്ഷിതവും എളുപ്പവുമായ ഒരു വോട്ടിംഗ് സംവിധാനം ആവശ്യമാണ്. പ്രവാസികൾക്ക് വോട്ട് ചെയ്യാൻ അവകാശമുണ്ട്; എന്ന നിലയിൽ നിന്ന് പ്രവാസി വോട്ടവകാശം എളുപ്പത്തിൽ പ്രയോഗികമാക്കാം എന്ന നിലയിലേക്ക് നിയമ നടപടികൾ നീങ്ങേണ്ടത് അത്യാവശ്യമാണ് എന്ന് പ്രവാസി വെൽഫെയർ മനസിലാക്കുന്നു.

വോട്ട് മൗലികാവകാശം -ഫ്രൻഡ്‌സ് അസോസിയേഷൻ




മനാമ: പ്രവാസികളുടെ വോട്ടവകാശം മൗലികാവകാശമാക്കണമെന്ന് ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് ആരവങ്ങൾക്ക് ചൂട് പിടിക്കുമ്പോഴും കാലങ്ങളായി ഉന്നയിക്കുന്ന പ്രവാസികളുടെ വോട്ടവകാശത്തോട് പുറംതിരിഞ്ഞു നിൽക്കുന്ന സമീപനമാണ് എല്ലാ സർക്കാരുകളും സ്വീകരിക്കുന്നത്. ലോകത്തെ ഏതാണ്ടെല്ലാ ജനാധിപത്യ രാജ്യങ്ങളൊക്കെയും പ്രവാസികൾക്ക് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം വിവിധ രാജ്യങ്ങളുടെ എംബസികൾ വഴിയും മറ്റും നൽകുന്നുണ്ട്.

എന്നാൽ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് മേനി നടിക്കുന്ന ഇന്ത്യക്ക് ഇത് വരെ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കാൻ സാധിക്കാതിരിക്കുന്നത് തീർത്തും ജനാധിപത്യവിരുദ്ധമാണ്. ഇന്ത്യയുടെ വികസനത്തിലും പുരോഗതിയിലും വളർച്ചയിലും സമ്പദ്‌വ്യവസ്ഥയിലും നിർണായക പങ്ക് വഹിക്കുന്ന പ്രവാസികളെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കുന്നതിന് നടപടി സ്വീകരിക്കേണ്ടതുണ്ട്. കേന്ദ്ര സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ഇക്കാര്യത്തിൽ അടിയന്തിര നീക്കങ്ങൾ നടത്തേണ്ടതുണ്ട്. പ്രവാസികളുടെ പാസ്പോർട്ട് രേഖയായി കണക്കാക്കി എംബസികൾ വഴി വോട്ട് രേഖപ്പെടുത്താൻ സൗകര്യം ഒരുക്കാൻ സാധിക്കും.

പ്രവാസികൾ അവർ ജോലി ചെയ്യുന്ന നാട്ടിൽ നിന്നും വോട്ട് രേഖപ്പെടുത്താൻ നാട്ടിൽ എത്തുക എന്നത് പ്രായോഗികമല്ല. വർധിച്ച വിമാനയാത്രാ നിരക്കും അവധി സംബന്ധമായ പ്രായോഗിക ബുദ്ധിമുട്ടുകളും കാരണം അധിക പ്രവാസികൾക്കും ഈ അവകാശം വിനിയോഗിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ലക്ഷക്കണക്കിന് വരുന്ന പ്രവാസികളെ ജനാധിപത്യ പ്രക്രിയയുടെ മുഖ്യധാരയിൽ നിന്ന് അകറ്റി നിർത്തുന്നതിന് എന്ത് ന്യായീകരണമാണുള്ളത്.

വോട്ടവകാശം ജനാധിപത്യ പ്രക്രിയയിലെ മൗലികാവകാശമായി അംഗീകരിക്കുകയും ലോകത്തിന്‍റെ ഏത് കോണിലിരുന്നു കൊണ്ടും ഇതിൽ ഭാഗഭാക്കാകാൻ കഴിയേണ്ടതുണ്ടെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അവകാശങ്ങൾ വിനിയോഗിക്കാൻ പ്രവാസികൾക്കും സാധിക്കണം- ഐ.വൈ.സി.സി



മനാമ: നാടിന്‍റെ വികസനത്തിൽ നിർണായക പങ്കുവഹിക്കുന്ന പ്രവാസികൾക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വോട്ടവകാശം ഉറപ്പാക്കണമെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ആവശ്യപ്പെട്ടു. ജനാധിപത്യപരമായ അവകാശങ്ങൾ വിനിയോഗിക്കാൻ പ്രവാസികൾക്കും സാധിക്കണം.

​നിലവിൽ വോട്ട് ചെയ്യാനായി നാട്ടിലെത്തുക എന്നത് പ്രവാസികൾക്ക് വലിയ പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. ഇത് പരിഹരിച്ച്, വിദേശത്തുനിന്ന് തന്നെ വോട്ട് ചെയ്യാനുള്ള സംവിധാനം ഒരുക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം. നാടിന്‍റെ ഭാവി തീരുമാനിക്കുന്നതിൽ പ്രവാസികളുടെ അഭിപ്രായവും വിലപ്പെട്ടതാണെന്നും, വോട്ടിങ് സൗകര്യം ഇനിയും വൈകിക്കൂടാത്ത ആവശ്യമാണെന്നും ഐ.വൈ.സി.സി ബഹ്‌റൈൻ പ്രസിഡന്‍റ് റിച്ചി കളത്തൂരേത്ത്, ജനറൽ സെക്രട്ടറി സലിം അബുത്വാലിബ്, ട്രഷറർ ഷഫീക് സൈഫുദ്ധീൻ എന്നിവർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.


പ്രവാസികൾക്ക് വിദേശത്തുനിന്ന് വോട്ട് ചെയ്യാനുള്ള അവസരം വേണം- ഐ.സി.എഫ്


മനാമ: നാട് വീണ്ടുമൊരു പൊതു തെരെഞ്ഞെടുപ്പിനെ നേടിടുമ്പോൾ പ്രവാസികളായതിന്‍റെ പേരിൽ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിയാതെ വലിയൊരു സമൂഹം പുറത്ത് നിൽക്കുകയാണ്. രാജ്യത്തിന്‍റെ വികസനത്തിലും സാമ്പത്തിക വളർച്ചയിലും മികച്ച പങ്ക് വഹിക്കുന്ന പ്രവാസികൾ രാജ്യത്തെ ജനാധിപത്യ പ്രക്രിയയിൽ ഇന്നും കേവല കാഴ്ചക്കാരായി മാത്രം തുടരുകയാണ്.

പ്രവാസികളുടെ വോട്ടവകാശത്തെക്കുറിച്ചുള്ള ചർച്ചകൾ ദീർഘകാലമായി സജീവമാണെങ്കിലും ഇതുവരേക്കും ഈ ആവശ്യത്തെ യാഥാർഥ്യമാക്കാൻ സർക്കാറുകൾക്ക് സാധിച്ചിട്ടില്ല. ഒൺലൈൻ വോട്ട് പ്രോക്‌സി വോട്ട് വഴി ഇന്ത്യൻ പൗരന്മാർക്ക് വിദേശത്തുനിന്ന് സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള അവസരം ഉണ്ടാവണമെന്നതാണ് ദീർഘകാലമായുള്ള ആവശ്യം. ഇതിൽ തെരഞ്ഞടുപ്പ് കമ്മീഷനും കേന്ദ്രസർക്കാറുമാണ് മുൻകൈ എടുക്കേണ്ടത്. സുപ്രീംകോടതി പോലും ഒരു ഘട്ടത്തിൽ ഇക്കാര്യത്തിൽ അനുകൂല തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.

നിലവിലെ നിയമ പ്രകാരം വോട്ടുചെയ്യുന്നതിന് പ്രസ്തുത വ്യക്തിയുടെ ഭൗതികസാന്നിധ്യം അനിവാര്യമാണ്. ഇതിൽ മാറ്റംവരുത്തി മറ്റു രാജ്യങ്ങളിലേത് പോലെ എംബസി സംവിധാനം ഉപയോഗപ്പെടുത്തി പ്രവാസികൾക്ക് വിദേശത്തുനിന്ന് വോട്ട് ചെയ്യാനുള്ള അവസരമാണ് പ്രായോഗികമായിട്ടുള്ളതെന്ന് ഐ.സി.എഫ് ബഹ്റൈൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു. 

അധികൃതരുടെ മൗനം ജനാധിപത്യവിരുദ്ധം -യൂത്ത് ഇന്ത്യ ബഹ്റൈൻ

മനാമ: കേരളത്തിൽ തിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാകുമ്പോഴും പ്രവാസികൾ കാലാകാലങ്ങളായി ഉന്നയിക്കുന്ന വോട്ടവകാശമെന്ന ആവശ്യത്തോട് അധികൃതർ കാണിക്കുന്ന മൗനം ജനാധിപത്യവിരുദ്ധമാണെന്ന് യൂത്ത് ഇന്ത്യ ബഹ്‌റൈൻ. നാടിന്‍റെ വികസനത്തിലും സമ്പദ്‌വ്യവസ്ഥയിലും നിർണായക പങ്ക് വഹിക്കുന്ന പ്രവാസികളെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കാൻ കേന്ദ്ര സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

നിലവിലെ നിയമമനുസരിച്ച് വോട്ട് രേഖപ്പെടുത്താൻ പ്രവാസികൾ ജോലി സ്ഥലത്തുനിന്നും നാട്ടിൽ നേരിട്ട് എത്തേണ്ടതുണ്ട്. വർധിച്ചുവരുന്ന വിമാനയാത്രാ നിരക്കും അവധി സംബന്ധമായ പ്രായോഗിക ബുദ്ധിമുട്ടുകളും കാരണം ഭൂരിഭാഗം പ്രവാസികൾക്കും ഈ അവകാശം വിനിയോഗിക്കാൻ സാധിക്കുന്നില്ല. ലക്ഷക്കണക്കിന് വരുന്ന പ്രവാസികളെ ജനാധിപത്യത്തിന്‍റെ മുഖ്യധാരയിൽ നിന്ന് ബോധപൂർവം മാറ്റിനിർത്തുന്നതിന് തുല്യമാണിത്.

പുതിയ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലോ അതല്ലെങ്കിൽ എംബസികൾ മുഖേനയോ വോട്ട് രേഖപ്പെടുത്താനുള്ള ബദൽ മാർഗങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി സ്ഥാപിക്കണമെന്ന് യൂത്ത് ഇന്ത്യ ആവശ്യപ്പെട്ടു. പ്രവാസികളുടെ വോട്ടവകാശം കേവലം ഒരു വാഗ്ദാനമായി മാത്രം അവശേഷിക്കരുത്. അത് എത്രയും വേഗം യാഥാർത്ഥ്യമാക്കാൻ ആവശ്യമായ സമ്മർദ്ദങ്ങൾ രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ നിന്ന് ഉണ്ടാകണമെന്നും യൂത്ത് ഇന്ത്യ ബഹ്‌റൈൻ ആവശ്യപ്പെട്ടു.


Tags:    
News Summary - Expatriates also have the right to vote..!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.