ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഓപൺ ഹൗസിൽനിന്ന്
മനാമ: പുതുവർഷത്തെ ആദ്യ ഓപൺ ഹൗസ് സംഘടിപ്പിച്ച് ഇന്ത്യൻ എംബസി. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിന്റെ അധ്യക്ഷതയിൽ നടന്ന ഓപൺ ഹൗസിൽ എംബസിയുടെ കമ്യൂണിറ്റി വെൽഫെയർ ടീമും കോൺസുലർ ടീമും, പാനൽ അഭിഭാഷകരും പങ്കെടുത്തു.
ലൈസൻസില്ലാത്ത പണമിടപാടുകാരിൽനിന്ന് വായ്പകൾ വാങ്ങുന്നത് ഒഴിവാക്കണമെന്ന് അംബാസഡർ കമ്യൂണിറ്റി അംഗങ്ങളോട് അഭ്യർഥിച്ചു. അമിത പലിശനിരക്കിൽ വായ്പയെടുക്കാൻ ഒരേ രാജ്യക്കാരുമായി ഇടപഴകുന്ന ഒരു കൂട്ടം തൊഴിലാളികളെക്കുറിച്ചും വിവിധ നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ നേടിയ പണം ഉപയോഗിച്ചാണ് ഇവർ പ്രവർത്തിക്കുന്നതെന്നും എംബസിക്ക് റിപ്പോർട്ടുകൾ ലഭിച്ചു. ഈ വായ്പാ പ്രവർത്തനങ്ങൾ കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ സൂചനയായിരിക്കാമെന്ന് അംബാസഡർ പറഞ്ഞു.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ നടത്തിയ ഓപൺ ഹൗസിൽ ഏകദേശം 30 കേസുകൾ ലഭിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി എംബസി സംഘടിപ്പിച്ച പതാക ഉയർത്തൽ ചടങ്ങിലും സായാഹ്ന സ്വീകരണത്തിലും ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങളുടെ വൻതോതിലുള്ള പങ്കാളിത്തമുണ്ടായതിൽ അംബാസഡർ സന്തോഷം പ്രകടിപ്പിച്ചു. നിയമപരമായ പ്രശ്നങ്ങൾ തടയുന്നതിന് പ്രായപൂർത്തിയാകാത്തവർക്കുള്ള പാസ്പോർട്ട് അപേക്ഷക്ക് ആവശ്യമായ അനുബന്ധങ്ങൾ (‘സി’, ‘ഡി’) ഇന്ത്യ അടുത്തിടെ പരിഷ്കരിച്ചിട്ടുണ്ട്. ഈ മാറ്റങ്ങൾ പ്രവാസികളായ ഇന്ത്യക്കാരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
പ്രവാസിസമൂഹത്തെ പരിപാലിക്കുന്നതിൽ ബഹ്റൈൻ അധികാരികളുടെ പിന്തുണക്കും സഹകരണത്തിനും അംബാസഡർ നന്ദി പറഞ്ഞു. ഓപൺ ഹൗസിൽ എത്തിയ കേസുകളിൽ ചിലത് പരിഹരിച്ചു, മറ്റുള്ളവ എത്രയുംവേഗം ഏറ്റെടുക്കും. ഓപൺ ഹൗസിൽ സജീവമായി പങ്കെടുത്തതിന് എല്ലാ ഇന്ത്യൻ അസോസിയേഷനുകൾക്കും കമ്യൂണിറ്റി അംഗങ്ങൾക്കും അംബാസഡർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.