പ്രിയ ബഹുമാനപ്പെട്ട സമുന്നതരായ വിവിധ സംഘടന നേതാക്കളെ, നിങ്ങൾ ചെയ്തുപോരുന്ന സേവനങ്ങളെ സ്നേഹ ബഹുമാനത്തോടെ ആദരിക്കുന്നു. പ്രത്യേകിച്ച് യുദ്ധ സമാനമായ സാഹചര്യത്തിൽ ബഹ്റൈനിൽ നിന്ന് ഏറ്റവും കുറഞ്ഞത് 3000ത്തിലധികം യാത്രക്കാരെ കേരളത്തിലേക്ക് മാത്രം എത്തിച്ചതിന് അഭിനന്ദനങ്ങൾ.
ഇനിയും ചാർട്ടേഡ് വിമാന സേവനത്തിന്‍റെ കാര്യത്തിൽ നമ്മൾ ഏകോപനത്തോട് കൂടി മാത്രം ആയിരിക്കണം പ്രവർത്തിക്കേണ്ടത്. അല്ലാത്തപക്ഷം മുൻകൂട്ടി ടിക്കറ്റ് എടുത്തിട്ടുള്ളവർക്കും പോലും വൻ തുക നൽകി യാത്ര ചെയ്യേണ്ട അവസ്ഥ സംജാതമാകും. ഇപ്പോൾ നമ്മൾ ചാർട്ടേഡ് ഫ്ലൈറ്റ് എന്ന പേരിൽ ക്രമീകരിച്ചിട്ടുള്ള സേവനങ്ങൾക്ക് വൻ തുക നൽകേണ്ടതായി വന്നിട്ടുണ്ട്. സാധാരണഗതിയിൽ മാർച്ച് മാസങ്ങളിൽ വിമാനയാത്ര നിരക്കുകൾ വളരെ കുറവാണ്. ഏകദേശം ഇരുപതിനായിരം ഇന്ത്യൻ രൂപയിൽ താഴെ മാത്രം വരുന്ന ടിക്കറ്റുകൾക്ക് 75,000 ഇന്ത്യൻ രൂപ വരെ ഈടാക്കിയാണ് ഒരു വശത്തേക്ക് മാത്രം യാത്ര ക്രമീകരണങ്ങൾ ചെയ്തത്.
(വളരെ സജീവമായി പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനകൾ സേവനത്തിന്‍റെ ഭാഗമായി ചുരുക്കം ചില യാത്രക്കാരെ പ്രത്യേക അനുകൂല്യങ്ങൾ നൽകി യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു എന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടുണ്ട് അത് വിമാന കമ്പനികളുടെ അനുകൂല്യങ്ങൾ പറ്റാതെയാണ് ശ്രേഷ്ഠമായ സേവനത്തിന് നന്ദി രേഖപ്പെടുത്തുന്നു)
യുദ്ധ സമാന സാഹചര്യങ്ങൾ മുതലാക്കി വിമാന കമ്പനികൾ സേവനം ചെയ്തു എന്ന് പറയാം. ചികിത്സക്കും മറ്റ് അത്യന്താപേക്ഷിതമായ കാര്യങ്ങൾക്ക് വേണ്ടി അതോടൊപ്പം ഭയം മൂലം നാട്ടിലേക്ക് യാത്ര ചെയ്തവരും ഇതിൽപ്പെടുന്നു. സാധാരണഗതിയിൽ ചാർട്ടേഡ് ഫ്ലൈറ്റ് എന്ന് പറയുമ്പോൾ ഒരു ഭാഗത്തേക്ക് മാത്രം യാത്ര ചെയ്യുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങൾ അല്ല എന്നാണ് മനസ്സിലാക്കിയിട്ടുള്ള കാര്യം.
വൺവേ ടിക്കറ്റ് മാത്രം നമ്മൾ ഉപയോഗപ്പെടുത്തുന്നു. നാട്ടിൽ നിന്ന് യാത്ര ചെയ്യാൻ ടിക്കറ്റ് കൈവശമുണ്ടായിട്ട് പോലും യാത്രക്കാരെ വിമാന കമ്പനികൾ ഉൾക്കൊള്ളുന്നില്ല. മറിച്ച് കേരളത്തിൽ നിന്നും ഗൾഫിലേക്ക് സംഘടനകൾ വഴി ചാർട്ടേഡ് ഫ്ലൈറ്റുകൾ ക്രമീകരിക്കുകയാണ്. യഥാർത്ഥത്തിൽ ഗൾഫ് നാടുകളിൽ നിന്നും നാട്ടിലേക്ക് വരുന്ന ഫ്ലൈറ്റ് തിരിച്ചു പോകുമ്പോൾ ഇവരെ കൂടി ഉൾക്കൊള്ളുകയാണെങ്കിൽ ടിക്കറ്റ് നിരക്കിൽ വളരെ കുറവ് വരും. രണ്ടാമതൊരു ക്രമീകരണത്തിന്‍റെ ആവശ്യവുമില്ല.
ഗൾഫ് നാടുകളിലെ ഇന്ത്യൻ സ്ഥാനപതികൾക്കൊപ്പം നിന്നുകൊണ്ട് കേന്ദ്ര-സംസ്ഥാന ഗവൺമെന്‍റുകളുടെ സഹകരണത്തോടുകൂടി നമുക്ക് പ്രശ്നപരിഹാരത്തിന് കൈകോർക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.