മനാമ: 42 വർഷത്തെ സുദീർഘമായ പ്രവാസ ജീവിതത്തിന് ശേഷം കണ്ണൂർ ചക്കരക്കൽ മൗവ്വഞ്ചേരി സ്വദേശി അബ്ദുൽ ജബ്ബാർ അഹമ്മദ് പ്രവാസത്തോട് വിടപറയുന്നു. 1984 മാർച്ച് 3ന് ഗൾഫ് എന്ന സ്വപ്നവുമായി ബഹ്‌റൈൻ മണ്ണിലിറങ്ങിയതാണ് അദ്ദേഹം. ബഹ്‌റൈന്‍റെ വളർച്ച നേരിട്ടു കണ്ടും ഒട്ടേറെ പേർക്ക് വഴികാട്ടിയായും തന്‍റെ പ്രവാസ ജീവിതത്തെ ധന്യമാക്കി കൂടിയാണ് അദ്ദേഹം യാത്ര തിരിക്കുന്നത്.
കണ്ണൂരിൽ നിന്ന് ബോംബെ വഴി ഗൾഫ് എയർ വിമാനത്തിൽ ബഹ്‌റൈനിലെത്തിയ അബ്ദുൽ ജബ്ബാർ, ചക്കരക്കൽ-മൗവ്വഞ്ചേരി മേഖലയിൽ നിന്ന് ആദ്യമായി ബഹ്‌റൈനിൽ എത്തിയ വ്യക്തി എന്ന പ്രത്യേകതയുമുണ്ട്. തുടക്കത്തിൽ എട്ടു വർഷത്തോളം വിവിധ ഷോപ്പുകളിൽ ജോലി ചെയ്ത അദ്ദേഹം, 1992-ലാണ് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിൽ ജോലിക്കാരനായി പ്രവേശിക്കുന്നത്. തുടർന്ന് 34 വർഷക്കാലം മന്ത്രാലയത്തിൽ സേവനമനുഷ്ഠിച്ചാണ് അദ്ദേഹം ഔദ്യോഗിക ജീവിതം പൂർത്തിയാക്കുന്നത്.
ഇന്നത്തെ ആധുനിക ബഹ്‌റൈൻ രൂപപ്പെടുന്നതിന് മുൻപുള്ള കാലം നേരിൽ കണ്ട വ്യക്തിയാണ് അബ്ദുൽ ജബ്ബാർ. ഗോൾഡ് സിറ്റി മാൾ, ശൈഖ് സൽമാൻ ഹൈവേ തുടങ്ങിയ പ്രധാനപ്പെട്ട നിർമിതികളൊന്നും ഇല്ലാതിരുന്ന, ബഹ്‌റൈന്റെ വളർച്ചയുടെ ആദ്യകാല ഘട്ടം മുതൽ അദ്ദേഹം ഇവിടെയുണ്ട്. തന്റെ പ്രവാസ ജീവിതത്തിനിടയിൽ സ്വന്തം നാട്ടുകാരും ബന്ധുക്കളുമായ നിരവധി പേർക്ക് ബഹ്‌റൈനിൽ തൊഴിൽ അവസരങ്ങൾ ഒരുക്കി നൽകാൻ അദ്ദേഹത്തിന് സാധിച്ചു. ഇതിൽ പലരും ഇന്നും കുടുംബസമേതം ബഹ്‌റൈനിൽ സ്ഥിരതാമസക്കാരാണ്.
തന്റെ പ്രവാസ ജീവിതത്തിലെ ഏറ്റവും വേദനയേറിയ ഓർമ്മയായി അദ്ദേഹം പങ്കുവെക്കുന്നത് ഈജിപ്തിൽ നിന്ന് യാത്രക്കാരുമായി ബഹ്‌റൈനിലേക്ക് വന്ന ഗൾഫ് എയർ വിമാനം കടലിൽ തകർന്നുവീണ ദുരന്തമാണ്. ഈ ദുരന്തം ഇന്നും അദ്ദേഹത്തിന്റെ മനസ്സിൽ മായാത്ത മുറിവായി അവശേഷിക്കുന്നുണ്ട്.
തന്റെ നീണ്ട പ്രവാസ യാത്രയിൽ സ്വന്തം നാട്ടുകാരനെപ്പോലെ ചേർത്തുപിടിച്ച ബഹ്‌റൈൻ സർക്കാരിനോടും, തനിക്ക് സ്നേഹവും പിന്തുണയും നൽകിയ സ്വദേശി സുഹൃത്തുക്കളോടും, കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട നാട്ടുകാർക്കും സഹപ്രവർത്തകർക്കും അദ്ദേഹം ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. 42 വർഷത്തെ ഓർമ്മകൾ പേറി വീട്ടിലേക്ക് മടങ്ങുമ്പോൾ, പ്രവാസം നൽകിയ അനുഭവങ്ങളുടെയും സൗഹൃദങ്ങളുടെയും വലിയൊരു സമ്പാദ്യവുമായാണ് അബ്ദുൽ ജബ്ബാർ നാട്ടിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.