മനാമ: ബുദയ്യ ബീച്ചിൽ ഫുട്ബാൾ പിച്ച് നിർമിക്കാനുള്ള നിർദേശത്തിന് നോർത്തേൺ മുനിസിപ്പൽ കൗൺസിലിന്റെ അംഗീകാരം. ബഹ്റൈന്റെ തീരദേശങ്ങൾ ഉപകാരപ്രദമായ രീതിയിൽ പുനർനിർമിക്കുക എന്നലക്ഷ്യത്തോടെ ആകർഷക രൂപത്തിൽ നിർമിച്ച് പ്രദേശത്തുകാർക്ക് നൽകുക എന്നതാണ് ഈ സംരംഭമെന്ന് ഏരിയ കൗൺസിലർ മുഹമ്മദ് അൽ ദോസരി പറഞ്ഞു.
ഏകകണ്ഠമായാണ് നിർദേശത്തെ കൗൺസിൽ അംഗീകരിച്ചത്. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും യുവാക്കൾക്കും കുടുംബങ്ങൾക്കും കായിക പ്രേമികൾക്കും കടൽത്തീരത്ത് ഫുട്ബാൾ കളിക്കാൻ സുരക്ഷിതവും അനുയോജ്യവുമായ ഇടങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ പദ്ധതിയെന്നും അൽ ദോസരി പറഞ്ഞു.
ബുദയ്യ ബീച്ച് കേവലം നടക്കാൻ മാത്രമുള്ള ഒരു ബീച്ച് മാത്രമാണെന്ന് ഞങ്ങൾ കരുതുന്നില്ല, മികച്ച കൂട്ടായ പ്രവർത്തനങ്ങൾക്കുള്ള ഒരിടമായി അത് മാറണമെന്നത് ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കിടയിൽ ശാരീരിക പ്രവർത്തനങ്ങളും ആരോഗ്യകരമായ ജീവിത ശൈലിയും പ്രോത്സാഹിപ്പിക്കുക, താമസക്കാർക്കും സന്ദർശകർക്കും ആകർഷകമായ കായിക വിനോദകേന്ദ്രം നൽകിക്കൊണ്ട് ആഭ്യന്തര വിനോദ സഞ്ചാരത്തെ മികച്ചതാക്കുക, ബീച്ച് ഫുട്ബാൾ പരിശീലിക്കുന്നതിനും കളിക്കുന്നതിനും സുരക്ഷിതവും നിയുക്തവുമായ ഒരു സ്ഥലം ഒരുക്കുക, ബഹ്റൈൻ ഫുട്ബാൾ അസോസിയേഷനുമായി (ബി.എഫ്.എ) ഏകോപിപ്പിച്ച് പരിശീലന ക്യാമ്പുകൾ, മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുക എന്നീ നാല് പ്രാഥമിക ലക്ഷ്യങ്ങളാണ് നിർദേശത്തിലുള്ളത്. അബ്ദുല്ല അൽ തവാദി അധ്യക്ഷനായ കൗൺസിലിന്റെ സേവന, പൊതു യൂട്ടിലിറ്റീസ് കമ്മിറ്റി നിർദേശത്തെക്കുറിച്ച് വിശദമായ അവലോകനം നടത്തി.
ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുമായുള്ള കൂടിയാലോചനകളെത്തുടർന്ന്, മന്ത്രാലയങ്ങളുടെ അന്തിമ അംഗീകാരത്തിന് വിധേയമായി പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് എതിർപ്പുകളൊന്നുമില്ലെന്നും കമ്മിറ്റി സ്ഥിരീകരിച്ചു. പദ്ധതി പ്രാദേശിക വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കാൻ ഇത് സഹായിക്കുമെന്നും അൽ തവാദി പറഞ്ഞു.
മികച്ച സൗകര്യങ്ങളോടെ സജ്ജമാക്കുന്നതിലൂടെ പ്രദേശവാസികളെ മാത്രമല്ല രാജ്യത്തുടനീളമുള്ള ഫുട്ബാൾ ആരാധകരെയും അമച്വർ സ്പോർട്സ് ടീമുകളെയും ആകർഷിക്കുമെന്ന് കൗൺസിൽ പ്രതീക്ഷിക്കുന്നു. നിർദേശം ഇനി അവലോകനത്തിനും അന്തിമ അംഗീകാരത്തിനുമായി മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈൽ അൽ മുബാറക്കിന് ഔദ്യോഗികമായി സമർപ്പിക്കും.അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, ഫണ്ടിങ് ഉറപ്പാക്കുന്നതിനും, ഡിസൈൻ ആസൂത്രണം ആരംഭിക്കുന്നതിനും, സൈറ്റിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുമുള്ള നടപടികൾ ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി ഏകോപിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.