ബുഹൈർ വാലി
മനാമ: സോഷ്യൽ മീഡിയ വഴി പ്രസിദ്ധിയാർജിച്ച ബഹ്റൈനിലെ ചരിത്രപ്രസിദ്ധമായ ബുഹൈർ വാലി പൂർണ്ണമായും നിരോധിത മേഖലയെന്ന് അധികൃതർ. ഈസ്റ്റ് റിഫയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്ക് അതിക്രമിച്ചു കയറി അച്ചടക്കമില്ലാതെ പെരുമാറിയ സന്ദർശകർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഈദ് അവധി ദിവസങ്ങളിലാണ് ഇവിടേക്ക് ആളുകളുടെ വൻ ഒഴുക്കുണ്ടായത്. ഈ പ്രദേശത്തെ പച്ചപ്പും, നീരുറവകളും, അപൂർവ്വ പാറക്കെട്ടുകളും ദൃശ്യമാകുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ഇവിടേക്ക് ആളുകൾ കൂട്ടമായി എത്തിത്തുടങ്ങിയത്.
എന്നാൽ, സന്ദർശകർ നിയന്ത്രിത മേഖലകളിലേക്ക് വാഹനങ്ങൾ ഓടിച്ചു കയറ്റുന്നതായും, സംരക്ഷിത പാറക്കെട്ടുകളിൽ കയറുന്നതായും, വൻതോതിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നതായും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇവിടുത്തെ തണ്ണീർത്തടങ്ങളും പുൽമേടുകളും ചവിട്ടി നശിപ്പിക്കുകയും, കുളത്തിലെ മത്സ്യങ്ങൾക്ക് ഭക്ഷണം കൊടുക്കുകയും ചെയ്യുന്നതായി മാധ്യമങ്ങളും പരിസ്ഥിതി പ്രവർത്തകരും റിപ്പോർട്ട് ചെയ്തു.
ഈ പ്രദേശത്തേക്ക് പ്രവേശിക്കുന്നവർ നിയമം ലംഘിക്കുകയാണെന്നും അവർ കടുത്ത നിയമനടപടികൾ നേരിടേണ്ടിവരുമെന്നും സതേൺ മുൻസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുള്ള അബ്ദുള്ളത്തീഫ് മുന്നറിയിപ്പ് നൽകി. സന്ദർശകരുടെ അച്ചടക്കമില്ലാത്ത പെരുമാറ്റത്തെക്കുറിച്ച് ഓയിൽ ആൻഡ് എൻവയോൺമെന്റ് മന്ത്രിയും കാലാവസ്ഥാ വ്യതിയാന നിരീക്ഷകനുമായ ഡോ. മുഹമ്മദ് ബിൻ ദൈനയ്ക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
ഈ വാലി സന്ദർശകർക്കായി ഔദ്യോഗികമായി തുറന്നുകൊടുക്കുന്നത് വരെ ഇവിടേക്കുള്ള പ്രവേശനം പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. ഏകദേശം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ബുഹൈർ വാലിയിലെ സ്വാഭാവിക പ്രകൃതി രൂപങ്ങൾ. ഇതിന്റെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത്, 2022 ജൂലൈയിൽ ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഈ പ്രദേശത്തെ സംരക്ഷിത പ്രകൃതിദത്ത റീജിയനായി പ്രഖ്യാപിച്ചിരുന്നു.
ദേശാടന പക്ഷികളുടെ അടക്കം ആവാസ സ്ഥലമായ വാലിയെ കുറിച്ച്, സോഷ്യൽ മീഡിയയിൽ വീഡിയോകൾ പങ്കുവെക്കുന്ന കണ്ടന്റ് ക്രിയേറ്റർമാരും ഇൻഫ്ലുവൻസർമാരും ഇത്തരം പരിസ്ഥിതിലോല പ്രദേശങ്ങളെക്കുറിച്ച് കൃത്യമായി പഠിച്ചതിന് ശേഷം മാത്രമേ വിവരങ്ങൾ പ്രചരിപ്പിക്കാവൂ എന്നും അധികൃതർ ഓർമ്മിപ്പിച്ചു.
മുൻപ് 2022ൽ ഈ പ്രദേശം നശിപ്പിച്ച് കമേഴ്സ്യൽ മാൾ പണിയാനുള്ള നീക്കത്തിനെതിരെ ആയിരത്തിലധികം പേർ ഒപ്പിട്ട ഓൺലൈൻ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത്, സംരക്ഷിത മേഖല കൃത്യമായി അടയാളപ്പെടുത്താനും ആളുകൾ അതിക്രമിച്ചു കയറുന്നത് തടയാൻ ചുറ്റുമതിൽ അല്ലെങ്കിൽ സംരക്ഷണ വേലി സ്ഥാപിക്കാനും സതേൺ മുൻസിപ്പൽ കൗൺസിൽ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.