പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ഈദ് ഫെസ്റ്റ് ബാബ ഖലീൽ ഉദ്ഘാടനം ചെയ്യുന്നു

പ്രവാസി മനം നിറച്ച് പ്രവാസി വെൽഫെയർ ഈദ് ലഞ്ച്

മനാമ: ജന്മനാടിന്റെ ഓർമ്മകളും പെരുന്നാൾക്കാലത്തെ ഒത്തുചേരലിന്റെ മനോഹാരിതയും പ്രവാസലോകത്ത് പുനർജനിച്ചപ്പോൾ പ്രവാസി വെൽഫെയർ സംഘടിപ്പിച്ച 'ഈദ് ഫെസ്റ്റ്' പ്രവാസി മലയാളികൾക്ക് അവിസ്മരണീയമായ അനുഭവമായി മാറി. വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളോടെയും നാടൻ തനിമയാർന്ന വിഭവങ്ങളോടെയും ഒരുക്കിയ ഈദ് ഫെസ്റ്റിൽ നൂറുകണക്കിന് പ്രവാസികളാണ് കുടുംബസമേതം പങ്കെടുത്തത്.

കഴിഞ്ഞ ദിവസം ബി.എം.സിയിൽ നടന്ന വിപുലമായ ആഘോഷ പരിപാടികൾ 'അഗതികളുടെ പിതാവ്' എന്ന പേരിൽ പ്രശസ്തനായ ബാബ ഖലീൽ ഉദ്ഘാടനം ചെയ്തു. പരസ്പര സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശമാണ് ഈദ് നൽകുന്നതെന്ന് ഉദ്ഘാടന ഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. പ്രവാസി വെൽഫെയർ നടത്തുന്ന സാമൂഹിക ഇടപെടലുകളെ പ്രശംസിച്ച അദ്ദേഹം അദ്ദേഹത്തിൻറെ നേതൃത്വത്തിൽ നടക്കുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളെയും സദസ്സിന് പരിചയപ്പെടുത്തി.

ആഘോഷങ്ങൾ എല്ലാവരുടെതുമാകട്ടെ എന്ന് തലക്കെട്ടിൽ എല്ലാ ആഘോഷങ്ങളോടുമനുബന്ധിച്ച് പ്രവാസി വെൽഫെയർ സംഘടിപ്പിക്കാറുള്ള സാമൂഹ്യ സാഹോദര്യ ഒത്തുചേരലുകളുടെ ഭാഗമായാണ് ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചത്. സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യരെയും ഒരുമിപ്പിച്ച് ഒരുക്കിയ സാഹോദര്യ ഈദ് ലഞ്ച് സൽക്കാരം ഈദ് ഫെസ്റ്റിനെ വേറിട്ടതാക്കി. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി കലാവിരുന്നുകളും പ്രാദേശിക പ്രതിഭകൾ അണിനിരന്ന സംഗീത നിശയും ഒപ്പനയും മുട്ടിപ്പാട്ടും ഈദ് ഫെസ്റ്റിന്റെ പ്രധാന ആകർഷണമായിരുന്നു.

പ്രവാസ ലോകത്തെ ഇത്തരം കൂട്ടായ്മകൾ നാട്ടിലെ പെരുന്നാൾക്കാലത്തിന്റെ ഗൃഹാതുരത്വം ഉണർത്തുന്നതാണെന്ന് അധ്യക്ഷത വഹിച്ചു സംസാരിച്ച പ്രവാസി പ്രസിഡന്‍റ് മജീദ് തണൽ പറഞ്ഞു.ഈദ് ഫെസ്റ്റിൽ അണിച്ചേർന്ന മുഴുവൻ സാമൂഹിക പ്രവർത്തകരെയും പ്രതിനിധീകരിച്ച് ബഹ്റൈനിലെ പ്രവാസി വ്യവസായ പ്രമുഖനായ അസീൽ അബ്ദുറഹ്മാൻ ആശംസകൾ നേർന്നു സംസാരിച്ചു.

ചടങ്ങിൽ പ്രവാസി വെൽഫെയർ ബി.എം.സി ഇന്ഷുറന്സ് പദ്ധതി ഗുണഭോക്താക്കൾക്കുള്ള ധാരണാ പത്രം പ്രവാസി വെൽഫെയർ പ്രസിഡൻ്റ് മജീദ് തണലിന് നൽകി ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് കൈമാറി. പരിപാടിയിൽ നിരവധി സാമൂഹിക പ്രവർത്തകർ പങ്കാളികളായി. പ്രവാസി വെൽഫെയർ സെക്രട്ടറി ഇർഷാദ് കോട്ടയം സ്വാഗതം ആശംസിച്ച ഈദ് ഫെസ്റ്റിന് വൈസ് പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ നന്ദി രേഖപ്പെടുത്തി. 

Tags:    
News Summary - Delighting Expatriates: Pravasi Welfare Organizes Grand Eid Lunch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.