മനാമ: ബഹ്‌റൈൻ പാർലമെന്റിലെ മൂന്ന് അംഗങ്ങളുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് 37 എം.പിമാർ ഒപ്പിട്ട അപേക്ഷക്ക് പാർലമെന്ററി ലെജിസ്ലേറ്റീവ് ആൻഡ് ലീഗൽ അഫയേഴ്സ് കമ്മിറ്റി ഐകകണ്ഠേന അംഗീകാരം നൽകി. ഒന്നാം ഡെപ്യൂട്ടി സ്പീക്കർ അബ്ദുന്നബി സൽമാൻ, മംദൂഹ് അൽ സാലിഹ്, മഹ്ദി അൽ ശുവൈഖ് എന്നിവർക്കെതിരെയാണ് നടപടി.
രാജ്യത്തിനെതിരായ ഇറാൻ്റെ നീക്കങ്ങളെ അനുകൂലിച്ചവർക്കെതിരെ സർക്കാർ സ്വീകരിച്ച നടപടികളെ വിമർശിച്ചുകൊണ്ട് പ്രസ്താവന നടത്തിയതാണ് ഇവർക്കെതിരെയുള്ള പ്രധാന ആരോപണം. എം.പിമാരുടെ ഈ നിലപാട് ദേശീയ താൽപ്പര്യങ്ങൾക്കും പാർലമെന്ററി സത്യപ്രതിജ്ഞയ്ക്കും വിരുദ്ധമാണെന്ന് അപേക്ഷയിൽ ഒപ്പിട്ടവർ ചൂണ്ടിക്കാട്ടി.
ഇന്ന് നടക്കേണ്ടിയിരുന്ന പാർലമെന്റ് സമ്മേളനം മാറ്റിവെച്ച സാഹചര്യത്തിൽ, ഈ വ്യാഴാഴ്ച ചേരുന്ന പ്രത്യേക സമ്മേളനത്തിൽ സമിതിയുടെ റിപ്പോർട്ട് വോട്ടിനിടും. 40 അംഗങ്ങളുള്ള പാർലമെന്റിൽ 37 പേരും ഈ അപേക്ഷയിൽ ഒപ്പിട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇവർ നേരത്തെ മാപ്പ് അപേക്ഷ നൽകിയിരുന്നുവെങ്കിലും അത് പരിഗണിക്കാതെ അംഗത്വം റദ്ദാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് പാർലമെന്റിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.