മനാമ: ഇന്ത്യൻ സ്കൂൾ ഭരണസമിതിയുടെ കാലാവധി നീട്ടിയതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ചിലർ നടത്തുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതവും സ്കൂളിന്റെ സൽപേരിന് കളങ്കം വരുത്താൻ ലക്ഷ്യമിട്ടുള്ളതുമാണെന്ന് ഇന്ത്യൻ സ്കൂൾ അധികൃതർ വ്യക്തമാക്കി. വ്യാജ പ്രചാരണങ്ങൾ രാജ്യത്തെ നീതിന്യായ വ്യവസ്ഥക്കും വിദ്യാഭ്യാസ-ആരോഗ്യ മന്ത്രാലയങ്ങളുടെ കോവിഡ്-19 മാർഗനിർദേശങ്ങൾക്കും എതിരാണ്. നിലവിലെ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ കാലാവധി 2020 ഡിസംബറിൽ അവസാനിക്കുംമുമ്പ് തന്നെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സംബന്ധിച്ച് സ്കൂൾ എക്സിക്യൂട്ടിവ് കമ്മിറ്റി വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ടിരുന്നു. കോവിഡിനെ തുടർന്ന് തെരഞ്ഞെടുപ്പ് നടത്താൻ പറ്റാത്ത അവസ്ഥയിൽ നിലവിലെ ഭരണസമിതിയുടെ കാലാവധി ഒരു ടേം കൂടി നീട്ടാൻ ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയിരുന്നു. അതേസമയം, വിദ്യാഭ്യാസ മന്ത്രാലയം നൽകിയ അനുമതിക്കെതിരെ ഒരു രക്ഷിതാവ് കേസ് ഫയൽ ചെയ്തു. ഈ ഹരജി സുപ്രീം അഡ്മിനിസ്ട്രേറ്റിവ് കോടതി റദ്ദാക്കി.
പക്ഷേ, ഈ വിധിക്കെതിരെ രക്ഷിതാവ് സുപ്രീം സിവിൽ അപ്പീൽ കോടതിയിൽ അപ്പീൽ നൽകി. എന്നാൽ, കോടതി മുൻ വിധി ശരിവക്കുകയായിരുന്നു. ഇന്ത്യൻ സ്കൂളിൽ നിന്നുള്ള സർക്കുലറിലൂടെ ഈ വിവരം എല്ലാ രക്ഷിതാക്കളെയും അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിവിധിയെയും വിദ്യാഭ്യാസ മന്ത്രാലയത്തെയും അവഗണിച്ച് ഇന്ത്യൻ സ്കൂളിനെതിരെ ചിലർ പ്രചാരണം നടത്തുന്നത്. വെള്ളിയാഴ്ച നടക്കുന്ന സ്കൂളിന്റെ വാർഷിക പൊതുയോഗത്തിന് മുന്നോടിയായി സ്കൂളിനെതിരെ ദുരുദ്ദേശ്യപരമായ പ്രചാരണം നടത്തുന്നവർ രക്ഷാകർതൃസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. സ്കൂൾ ഭരണസമിതി അംഗങ്ങൾ അവരുടെ ഭരണകാലയളവിൽ രക്ഷിതാക്കളായിരിക്കണം എന്ന നിലപാടാണ് ഭരണസമിതിക്കുള്ളത്. 2021 സെപ്റ്റംബർ വരെ നിലവിലെ ചെയർമാനും സെക്രട്ടറിയും സ്കൂളിന്റെ രക്ഷിതാക്കളായിരുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം മാത്രമാണ് അവർ ഇപ്പോൾ ഈ സ്ഥാനങ്ങളിൽ തുടരുന്നത്. കോവിഡിനുശേഷം സ്കൂൾ പ്രവർത്തനം സാധാരണ നിലയിലായാൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ തെരഞ്ഞെടുപ്പ് നടത്താൻ എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും സ്കൂൾ ഭരണസമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.