മനാമ: ബഹ്റൈനിൽ വലുപ്പം കുറഞ്ഞ സമുദ്രജീവികളെ പിടിക്കുന്നതിന് വിലക്കേർപ്പെടുത്തി. നിയമം തെറ്റിക്കുന്നവർക്ക് 1000 ദീനാർ വരെ പിഴയോ അല്ലെങ്കിൽ ഒരു മാസം വരെ തടവോ ലഭിച്ചേക്കാം. സമുദ്രവിഭവ സംരക്ഷണ നടപടികൾക്കുള്ള സുപ്രീം കൗൺസിലിന്റെ ചെയർമാനും ഹമദ് രാജാവിന്റെ വ്യക്തിഗത പ്രതിനിധിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ പുറപ്പെടുവിച്ച 2025ലെ ഉത്തരവ് (3) അനുസരിച്ചാണ് നിരോധനം.
ഹമൂർ, കിങ് ഫിഷ് ഉൾപ്പെടെ 18 ഇനം മത്സ്യക്കുഞ്ഞുങ്ങൾ, കവച ജലജീവികൾ, മറ്റു മധ്യേതര സമുദ്രജീവികൾ എന്നിവയെ പിടിക്കുന്നതും വിൽക്കുന്നതുമാണ് നിരോധിച്ചത്. ഈ ഇനങ്ങളെ ശീതീകരിച്ചോ ഉപ്പിട്ടോ ടിന്നിലടച്ചോ പുകയിൽ ഉണക്കിയോ വിൽക്കുന്നതിനും നിരോധനം ബാധകമാണ്.
ഈ ഇനങ്ങളെ കൈയിൽ കിട്ടിയാൽ മത്സ്യത്തൊഴിലാളികൾ അവയുടെ സുരക്ഷിതത്വം ഉറപ്പാക്കി കടലിൽ തിരികെ വിടണം.
സമുദ്രസമ്പത്ത് സംരക്ഷിക്കുന്നതിൽ മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്നവർ വഹിച്ച പങ്ക് വലുതാണെന്നും അവരുടെ വൈദഗ്ധ്യവും നിർദേശങ്ങളും മത്സ്യസമ്പത്ത് സംരക്ഷിക്കാനുള്ള ദേശീയ ശ്രമങ്ങൾക്ക് സംഭാവന നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമലംഘനത്തിലേർപ്പെടുന്നവരുടെ ഫിഷിങ് വസ്തുവകകളും കണ്ടുകെട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.