മനാമ:പശ്ചിമേഷ്യ സംഘർഷം തുടരുന്ന സാഹചര്യത്തിലും ബഹ്റൈന്‍റെ വായുനിലവാരം സാധാരണ നിലയിലാണെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്‍റ് (എസ്.സി.ഇ) അറിയിച്ചു. ബാപ്‌കോ എനർജീസ്, ജി.പി.ഐ.സി കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ തുടർന്ന് തീപിടുത്തമുണ്ടായ സാഹചര്യത്തിലാണ് എസ്.സി.ഇ വായു പരിശോധന നടത്തിയത്.
തീപിടുത്തം അണച്ചതിന് പിന്നാലെ സ്പെഷ്യലൈസ്ഡ് ടീമുകൾ ബാപ്‌കോ, ജി.പി.ഐ.സി പരിസരങ്ങളിലും അടുത്തുള്ള ജനവാസ മേഖലകളിലും സമഗ്രമായ പരിശോധന നടത്തി. വായുവിൽ അസാധാരണമായ രീതിയിലുള്ള വിഷവാതകങ്ങളോ മലിനീകരണമോ കണ്ടെത്തിയിട്ടില്ലെന്നും പരിശോധനാ ഫലങ്ങൾ സാധാരണ നിലയിലാണെന്നും കൗൺസിൽ വ്യക്തമാക്കി.
മുൻകരുതൽ നടപടികളുടെ ഭാഗമായി രാജ്യത്തുടനീളമുള്ള വായുനിലവാരം അതോറിറ്റി 24 മണിക്കൂറും നിരീക്ഷിച്ചുവരികയാണ്. അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള പ്രത്യേക പദ്ധതികളുടെ ഭാഗമായാണ് ഈ നടപടി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ആക്രമണത്തെ തുടർന്ന് വായു മലിനീകരണം ഉണ്ടാകുമെന്ന ആശങ്ക ജനങ്ങൾക്കിടയിൽ പരന്നിരുന്നു. എന്നാൽ ശാസ്ത്രീയമായ പരിശോധനകൾക്ക് ശേഷം ഈ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് അറിയിക്കുകയായിരുന്നു. ഗവൺമെന്റിന്റെ വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് നിലവിൽ നിരീക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.