ഒമാൻ സന്ദർശനത്തിനായി എത്തിയ ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഒമാൻ സാമ്പത്തിക കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ദി യസിൻ ബിൻ ഹൈതമിനെ അഭിവാദ്യംചെയ്യുന്നു (ഇടത്ത്), ഇരുവരെയും വിമാനത്താവളത്തിൽ റോയൽ ആർമി ബഹുമതികളോടെ സ്വീകരിക്കുന്നു (മധ്യത്തിൽ), മസ്കത്തിലെ അൽ ബറക്ക കൊട്ടാരത്തിൽ സുൽത്താ ഹൈതം ബിൻ താരിഖുമായി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി. മസ്കത്തിലെ അൽ ബറക്ക കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ വ്യാപാരം, നിക്ഷേപം, പ്രാദേശിക സ്ഥിരത എന്നിങ്ങനെ നിരവധി വിഷയങ്ങളിൽ ഇരുപക്ഷവും അഭിപ്രായങ്ങൾ കൈമാറി. ഒമാനിലെത്തിയ ബഹ്റൈൻ പ്രധാനമന്ത്രിക്ക് വൻ വരവേൽപാണ് ഒരുക്കിയത്. മസ്കത്തിലെ രാജകീയ വിമാനത്താവളത്തിൽ സാമ്പത്തിക കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ദി യസിൻ ബിൻ ഹൈതം ബഹ്റൈൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു. റോയൽ ആർമി ഗാർഡ് ഓഫ് ഓണർ നൽകി.
ബറക കൊട്ടാരത്തലെത്തിയ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ആശംസാസന്ദേശം സുൽത്താനെ അറിയിച്ചു. വ്യാപാരം, നിക്ഷേപം, മറ്റ് പ്രധാന മേഖലകൾ എന്നിവയിലുടനീളം ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. പരസ്പര താൽപര്യങ്ങൾ നിറവേറ്റുന്നതിനും അതത് രാജ്യങ്ങളിലെ സുസ്ഥിര വികസനത്തെ പിന്തുണക്കുന്നതിനുമുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള പദ്ധതിയും ഇരുപക്ഷവും ചർച്ചചെയ്തു.
ഗൾഫ് മേഖലയിലെ സ്ഥിരതയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിന് സംഭാഷണത്തിന്റെയും ഏകോപനത്തിന്റെയും പ്രാധാന്യം ഇരുവിഭാഗവും ആവർത്തിച്ചു. സമീപകാല പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും കൈമാറി.
സാമ്പത്തിക കാര്യ ഉപപ്രധാനമന്ത്രി ഒമാൻ ഭാഗത്ത് നിന്ന് സയ്യിദ് ദി യസിൻ ബിൻ ഹൈതം, റോയൽ കോടതി ദിവാൻ മന്ത്രി ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, ആഭ്യന്തര മന്ത്രി ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, ധനമന്ത്രി സുൽത്താൻ ബിൻ സലീം അൽ ഹബ്സി, സ്വകാര്യ ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, മന്ത്രിസഭ ജനറൽ സെക്രട്ടറി ശൈഖ് അൽ ഫദൽ ബിൻ മുഹമ്മദ് അൽ ഹാർത്തി, ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സബ്തി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി അൻവർ ബിൻ ഹിലാൽ അൽ ജബ്രി, ബഹ്റൈൻ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ, ശൈഖ് ഈസ ബിൻ സൽമാൻ അൽ ഖലീഫ, ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ, യാസിർ ബിൻ ഇബ്രാഹിം ഹുമൈദാൻ, ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസ്സൻ, ഹമദ് ബിൻ ഫൈസൽ അൽ മൽക്കി, അബ്ദുല്ല ബിൻ ആദിൽ ഫഖ്റോ, ശൈഖ് സൽമാൻ ബിൻ അഹമ്മദ് അൽ ഖലീഫ, ഡോ. ജുമാ ബിൻ അഹമ്മദ് അൽ കാബി എന്നിവർ പങ്കെടുത്തു.
ഹ്രസ്വ സന്ദർശനം പൂർത്തിയാക്കി ഞായറാഴ്ച വൈകീട്ടോടെ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഒമാനിൽനിന്ന് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.