മനാമ: ബഹ്റൈൻ കടലിലെ ഇനിയും കണ്ടെത്താത്ത സമുദ്ര ജൈവവൈവിധ്യത്തിലേക്ക് സൂചന നൽകി അപൂർവ കടൽ ഒച്ചിന്റെ പുറന്തോട്. ബഹ്റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേൾസ് ആൻഡ് ജെംസ്റ്റോണിലെ (ദനാത്ത്) സീനിയർ അസോസിയേറ്റ് ആയ മുഹമ്മദ് അൽ സാഈ യാണ് 15 സെന്റീമീറ്റർ ഉയരവും 22 സെന്റീമീറ്റർ നീളവുമുള്ള കടൽ ഒച്ചിനെ കണ്ടെത്തിയത്. ഇത്രയും വലിയ കടൽ ഒച്ചിന്റെ ഷെൽ ബഹ്റൈൻ തീരത്ത് കണ്ടെത്തുന്നത് ആദ്യമാണ്. 1999 മുതൽ അപൂർവങ്ങളായ മുത്തും പവിഴവും തേടി കടലാഴങ്ങളിൽ ഊളിയിടുന്നയാളാണ് മുഹമ്മദ് അൽ സാഈ. തന്റെ ഇളയ മകൾക്കായി ഷെല്ലുകൾ ശേഖരിക്കുന്നതിനിടെയാണ് അപൂർവ സ്പീഷിസിനെ കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. നോർത്തേൺ ബുൽത്താമ ഹയറിൽനിന്നാണ് കടൽ ഒച്ചിനെ ലഭിച്ചത്.
ധാരാളമായി മുത്തും പവിഴവും ലഭിക്കുന്ന തീരമാണിത്. ഇത്രയും വലിയ ഷെൽ മ്യൂസിയത്തിൽ മാത്രമേ കണ്ടിട്ടുള്ളൂ എന്ന് കടൽപര്യവേക്ഷകനായ അദ്ദേഹം ചൂണ്ടിക്കാട്ടി. ഒമാൻ തീരത്ത് ഇവയെ കണ്ടെത്തിയിട്ടുണ്ട്. നാളുകൾക്ക് മുമ്പ് ധാരാളമായി ബഹ്റൈൻ തീരത്ത് ഇവയുണ്ടാകാനുള്ള സാധ്യതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. പിന്നീട് കാലാവസ്ഥാവ്യതിയാനംമൂലം നാശം സംഭവിച്ചതാകാം. അപൂർവ ജൈവവൈവിധ്യം സംബന്ധിച്ച് ഗവേഷണങ്ങൾക്ക് പ്രചോദകമാണ് ഈ കണ്ടെത്തലെന്നും അദ്ദേഹം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. സമുദ്ര ജൈവവൈവിധ്യം പൂർണമായി മനസ്സിലാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്. രാജ്യത്തിന്റെ സമുദ്രസമ്പത്ത് സംരക്ഷിക്കുന്നതിന് ഗവേഷണം വലിയ സംഭാവന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൂറ്റാണ്ട് പഴക്കമുള്ള പാറകൾ കൊണ്ട് നിർമിച്ച നങ്കൂരങ്ങൾ നോർത്തേൺ ഹെയർസിൽനിന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. മുത്തുതേടി പോയിരുന്ന മുങ്ങൽ വിദഗ്ധർ മുങ്ങിക്കിടക്കാനായി ഉപയോഗിച്ചിരുന്നതാണിവ. ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും വെളിച്ചം വീശുന്ന അപൂർവതകൾ ഇനിയും കടലിൽ ഒളിച്ചിരിക്കുന്നതിന്റെ സൂചനകളാണിതെന്ന അഭിപ്രായവും അദ്ദേഹം പങ്കുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.