ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലിയും ഹമദ് രാജാവും കൂടിക്കാഴ്ചക്കിടെ
മനാമ: ബഹ്റൈനും യു.കെയും തമ്മിലുള്ള ദീർഘകാല തന്ത്രപ്രധാന ബന്ധവും സൈനിക സഹകരണവും കൂടുതൽ കരുത്തുറ്റതാക്കാൻ തീരുമാനം. ഔദ്യോഗിക സന്ദർശനത്തിനായി ബഹ്റൈനിലെത്തിയ ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലിക്കു നൽകിയ സ്വീകരണത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അചഞ്ചലമായ സൗഹൃദം വീണ്ടും ഊട്ടിയുറപ്പിക്കപ്പെട്ടത്.
സായുധ സേനയുടെ സുപ്രീം കമാൻഡർ കൂടിയായ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, ജോൺ ഹീലിയെ സ്വീകരിച്ച് സംസാരിക്കവെ ഇരുരാജ്യങ്ങളും തമ്മിലുള്ള ദശകങ്ങൾ പഴക്കമുള്ള സഖ്യത്തിൽ അഭിമാനം പ്രകടിപ്പിച്ചു. പ്രത്യേകിച്ച് സൈനിക, പ്രതിരോധ മേഖലകളിൽ നിലനിൽക്കുന്ന ക്രിയാത്മകമായ സഹകരണം അദ്ദേഹം എടുത്തുപറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ സുരക്ഷയും സമാധാനവും നിലനിർത്തുന്നതിൽ യു.കെ വഹിക്കുന്ന പങ്കിനെ രാജാവ് പ്രശംസിച്ചു. പ്രാദേശികവും അന്തർദ്ദേശീയവുമായ നിലവിലെ സാഹചര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
തുടർന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ജോൺ ഹീലിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുള്ള കോംപ്രിഹെൻസീവ് സെക്യൂരിറ്റി ഇന്‍റഗ്രേഷൻ ആൻഡ് പ്രോസ്പിരിറ്റി എഗ്രിമെന്‍റ് പ്രകാരമുള്ള പ്രതിരോധ സഹകരണം കൂടുതൽ വിപുലമാക്കുന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചു. മേഖലയിലെ സുരക്ഷാ വെല്ലുവിളികളും അവ അന്താരാഷ്ട്ര തലത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ചർച്ചാവിഷയമായി.
ബഹ്റൈൻ പ്രതിരോധ മന്ത്രി ലെഫ്റ്റനന്‍റ് ജനറൽ അബ്ദുല്ല അൽ നുഐമി, ബി.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്‍റ് ജനറൽ തിയാബ് ബിൻ സഖർ അൽ നുഐമി എന്നിവരും ചർച്ചകളിൽ പങ്കെടുത്തു. ബഹ്റൈനുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ രാജാവ് നൽകുന്ന നേതൃത്വത്തിന് ജോൺ ഹീലി നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.