മനാമ: ഒമ്പതു വർഷങ്ങൾക്കുശേഷം ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) തലവന്മാരുടെ 46ാമത് ഗൾഫ് ഉച്ചകോടിക്ക് ഡിസംബറിൽ ബഹ്റൈൻ ആതിഥേയത്വം വഹിക്കും. സംയുക്ത ഗൾഫ് സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ബഹ്റൈന്റെ ഉറച്ച പ്രതിബദ്ധത ഉച്ചകോടി പ്രതിഫലിപ്പിക്കും.
നിലവിൽ പ്രാദേശിക, അന്തർദേശീയ തലത്തിൽ തുടരുന്ന സംഘർഷങ്ങളുടെ സാഹചര്യത്തിലാണ് ഉച്ചകോടി നടക്കാനിരിക്കുന്നത്. രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷ മേഖലകളിലുടനീളം ഏകീകൃത പ്രതികരണങ്ങൾ വളർത്തുന്നതിനും കൂട്ടായ പ്രവർത്തനത്തിനുള്ള സംവിധാനങ്ങൾ വർധിപ്പിക്കുന്നതിനുമുള്ള ജി.സി.സിയുടെ നിർണായക പങ്ക് ഉച്ചകോടി എടുത്തുകാണിക്കും.
പ്രതിരോധ, സുരക്ഷ ഏകോപനം ശക്തിപ്പെടുത്തുക, സാമ്പത്തിക സംയോജനം കൂടുതൽ ആഴത്തിലാക്കുക, മേഖലയുടെ സ്ഥിരതയെ ബാധിക്കുന്ന പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങൾ ചർച്ച ചെയ്യുക എന്നിവയാണ് ഉച്ചകോടി പ്രധാനമായും ചർച്ച ചെയ്യുക. ഊർജ സുരക്ഷ, ഭക്ഷ്യസുസ്ഥിരത, അംഗരാജ്യങ്ങളിലുടനീളമുള്ള ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുക എന്നിവയും ചർച്ചയിൽ ഭാഗമാകും. 45ാമത് ഗൾഫ് ഉച്ചകോടി 2024 ഡിസംബറിൽ ഖത്തറിലെ ദോഹയിലായിരുന്നു നടന്നത്. ബഹ്റൈൻ ഇതിന് മുമ്പ് ഏഴുതവണ ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. 1982, 1988, 1994, 2000, 2004, 2012, 2016 എന്നീ വർഷങ്ങളിലാണവ. ഗൾഫ് രാജ്യങ്ങൾക്കിടയിൽ ആഴത്തിലുള്ള സഹകരണത്തിലേക്കും സംയോജനത്തിലേക്കുമുള്ള കൗൺസിലിന്റെ പ്രവർത്തനങ്ങളിലെ ഒരു പ്രധാന നാഴികക്കല്ലായിരുന്നു ഓരോ ഉച്ചകോടിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.