ഹുർമുസ് വിഷയം: നയതന്ത്രബന്ധം പുനഃസ്ഥാപിക്കാതെ ഇറാനുമായി ചർച്ച ചെയ്യരുതെന്ന് ആവർത്തിച്ച് ബഹ്‌റൈൻ ജനപ്രതിനിധികൾ
മനാമ: രാജ്യത്തിന് നേരെ ഉണ്ടായ ആക്രമണങ്ങൾക്ക് പരിഹാരം കാണാതെയും നയതന്ത്രബന്ധം പുനഃസ്ഥാപിക്കാതെയും ഹുർമുസ് കടലിടുക്ക് വിഷയത്തിൽ ഇറാനുമായി ചർച്ച നടത്തരുതെന്ന് ബഹ്‌റൈൻ പാർലമെന്റ് അംഗങ്ങളും ശൂറ കൗൺസിൽ അംഗങ്ങളും ആവശ്യപ്പെട്ടു. ഒമാനിൽ നടക്കാനിരുന്ന മന്ത്രിതല യോഗത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള ബഹ്‌റൈന്റെ തീരുമാനത്തെ ജനപ്രതിനിധികൾ പൂർണ്ണമായി പിന്തുണച്ചു.
സിവിലിയൻ കേന്ദ്രങ്ങൾക്കും രാജ്യത്തെ പ്രധാന അടിസ്ഥാനസൗകര്യങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങൾ കണക്കിലെടുക്കാതെ ചർച്ചകളിലേക്ക് കടക്കാൻ കഴിയില്ലെന്ന് പ്രതിനിധികൾ വ്യക്തമാക്കി. സമാധാനവും നയതന്ത്ര സംഭാഷണങ്ങളുമാണ് ബഹ്‌റൈൻ എപ്പോഴും ആഗ്രഹിക്കുന്നതെങ്കിലും, പരസ്പര പരമാധികാരത്തെ ബഹുമാനിക്കാനും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കാനും ഭാവിയിൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകാനും ഇറാൻ തയ്യാറാകണമെന്ന് അവർ ആവശ്യപ്പെട്ടു.
നയതന്ത്രബന്ധം പുനഃസ്ഥാപിക്കാതെ ഇറാൻ പങ്കെടുക്കുന്ന ചർച്ചകളിൽ ബഹ്‌റൈൻ ഭാഗമാകില്ലെന്ന് ശൂറ കൗൺസിൽ അംഗം ആദിൽ അൽ അസൂമി വ്യക്തമാക്കി. ആക്രമണങ്ങൾ അവസാനിപ്പിക്കുകയും നിയമപരമായ മാർഗ്ഗങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമ്പോൾ മാത്രമേ യഥാർത്ഥ സമാധാനം കൈവരിക്കാനാകൂ എന്നും, രാജ്യ സുരക്ഷയെ അപായപ്പെടുത്തിയ ആക്രമണങ്ങളെ അവഗണിച്ചുകൊണ്ട് മേഖലയിൽ സുസ്ഥിരത കൈവരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളും സ്ഥാപനങ്ങളും യാതൊരു വിട്ടുവീഴ്ചയ്ക്കും വിധേയമാക്കാൻ സാധിക്കാത്ത 'റെഡ് ലൈൻ' ആണെന്ന് എം.പി ഹസൻ ഇബ്രാഹിം പറഞ്ഞു. ഒമാന്റെ മധ്യസ്ഥ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെങ്കിലും ചർച്ചയ്ക്കുള്ള സമയവും നിബന്ധനകളും തീരുമാനിക്കാൻ ബഹ്‌റൈന് പൂർണ്ണ അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എം.പി മറിയം അൽ സയീഗും ഈ നിലപാടിനെ പിന്തുണച്ചു. അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾക്കും അന്താരാഷ്ട്ര സമുദ്രസംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിട്ടായിരിക്കണം ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത നിയമങ്ങൾ നിർണ്ണയിക്കേണ്ടതെന്ന് അവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.