മനാമ: ബഹ്റൈൻ മെട്രോ പദ്ധതിയുടെ വിപുലീകരണത്തിനുള്ള ടെക്നിക്കൽ കൺസൽട്ടൻസി കരാറിന് ഏഴ് കമ്പനികൾ രംഗത്ത്. കിങ് ഹമദ് റെയിൽവേ സ്റ്റേഷൻ മുതൽ ന്യൂ ബഹ്റൈൻ സ്പോർട്സ് സിറ്റിയിലേക്കും സാഖിറിലെ ഇൻറർനാഷനൽ എക്സിബിഷൻ സെൻററിലേക്കും മെട്രോ ഇടനാഴി ദീർഘിപ്പിക്കുന്ന സാധ്യതാ പഠനത്തിനാണ് കൺസൽട്ടൻസിയെ നിയോഗിക്കുന്നത്. ബിഡ് സമർപ്പിച്ച ഏഴ് കമ്പനികളുടെ വിവരങ്ങൾ ബഹ്റൈൻ ടെൻഡർ ബോർഡ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു.
ബദൽ ഇടനാഴിയുടെ സാധ്യത, സ്റ്റേഷനുകൾ, പ്രാരംഭ ഡിസൈൻ, പദ്ധതിയുടെ എസ്റ്റിമേറ്റ് എന്നിവ തയാറാക്കുന്ന ചുമതലയാണ് ടെക്നിക്കൽ കൺസൽട്ടൻറിനുള്ളത്. കൺസോളിഡേറ്റഡ് എൻജിനീയറിങ് കമ്പനി, റിന കൺസൾട്ടിങ് സ്പാ -അബൂദബി, െഎഡം കൺസൽട്ടിങ് എൻജിനീയറിങ് ആർക്കിടെക്ചർ, സെനെർ എൻജിനീരിയ സിസ്റ്റംസ്, ദാർ അൽ ഹന്ദഷ് കൺസൽട്ടൻറ്സ്, മുഹമ്മദ് സലാഹുദ്ദീൻ കൺസൽട്ടിങ് എൻജിനീയറിങ് ബ്യൂറോ, ഏയ്കോം മിഡിൽ ഇൗസ്റ്റ് ലിമിറ്റഡ് എന്നിവയാണ് ബിഡ് സമർപ്പിച്ച കമ്പനികൾ. 109 കിലോമീറ്റർ നീളത്തിൽ നാല് ലൈനുകളായാണ് ബഹ്റൈൻ െമേട്രോ നിർമിക്കുന്നത്. വിവിധ ഘട്ടങ്ങളായി പൂർത്തിയാക്കുന്ന പദ്ധതിക്ക് ഒന്നു മുതൽ രണ്ട് ബില്യൺ ഡോളറാണ് ചെലവ് കണക്കാക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന മെട്രോയുടെ ആദ്യഘട്ടം 28.6 കിലോമീറ്റർ നീളത്തിലായിരിക്കും.
രണ്ടു പാതകളിലായി 20 സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ ഉണ്ടാവുക. രണ്ടു പാതകളെയും ബന്ധിപ്പിക്കുന്ന രണ്ട് ഇൻറർചേഞ്ചുകളും ഉണ്ടാകും. ബഹ്റൈൻ ഇൻറർനാഷനൽ എയർപോർട്ടിൽനിന്ന് മനാമ വഴി സീഫ് ഡിസ്ട്രിക്റ്റ് വരെയുള്ള റെഡ് കോറിഡോറും ജുഫൈർ മുതൽ എജുക്കേഷനൽ ഏരിയ വരെയുള്ള ബ്ലൂ കോറിഡോറുമാണ് ആദ്യഘട്ടത്തിലെ രണ്ടു പാതകൾ. ജുഫൈറിൽനിന്ന് തുടങ്ങി ഡിേപ്ലാമാറ്റിക് ഏരിയ-മനാമ-അൽ ഫാറൂഖ്-സൽമാനിയ-ഇൗസ ടൗൺ വഴിയാണ് ബ്ലൂ കോറിഡോർ എജുക്കേഷനൽ ഏരിയയിൽ എത്തുക. ബാബുൽ ബഹ്റൈൻ, സെൻട്രൽ മാർക്കറ്റ് സ്റ്റേഷനുകളിലാണ് ഇൻറർചേഞ്ച് ഉണ്ടാവുക. ബഹ്റൈനിലെ പ്രധാന താമസ, വിദ്യാഭ്യാസ, വ്യാപാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഇൗ പാതകൾ യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.