മനാമ: ബഹ്റൈൻ ഇന്റർനാഷനൽ വിമൻസ് ഹെൽത്ത് കോൺഫറൻസും പ്രദർശനവും ഇന്ന് മനാമയിൽ അരങ്ങേറും. ബി.ഡി.എയും ബഹ്റൈൻ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി അസോസിയേഷനും ബഹ്റൈൻ മെഡിക്കൽ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടി ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂ ഹോട്ടലിൽ ഏപ്രിൽ 26 വരെ തുടരും.
സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പരിപാടിയിൽ ചർച്ച ചെയ്യും. ഗാർഹിക പീഡനത്തിൽ നിന്നുള്ള സംരക്ഷണം, ഇത് സംബന്ധിച്ച ബഹ്റൈനിലെ നിയമങ്ങൾ, മെഡിക്കൽ പിശകുകൾ, ഗർഭധാരണത്തിനു മുമ്പും ഗർഭകാലത്തും പ്രസവാനന്തര കാലഘട്ടത്തിലും അപസ്മാരം എങ്ങനെ കൈകാര്യം ചെയ്യാം, ജനിറ്റൽ ബ്ലീച്ചിങ്, ഉത്കണ്ഠ തുടങ്ങിയ വിഷയങ്ങൾ കോൺഫറൻസിന്റെ ആദ്യ ദിനത്തിൽ ചർച്ചയാകും.
രണ്ടാം ദിനത്തിൽ ട്യൂമർ മാർക്കറുകൾ, ആവർത്തിച്ചുള്ള ഗർഭം അലസൽ, അണ്ഡാശയ പ്രായം, പുരുഷ വന്ധ്യത -പ്രത്യുൽപാദന ചികിത്സയിൽ ഗൈനക്കോളജിസ്റ്റുകളുടെയും കൃത്രിമ ബുദ്ധിയുടെയും പങ്ക്, എൻഡോമെട്രിയോസിസ് ചികിത്സയിലെ വെല്ലുവിളികൾ, എച്ച്പിവി വാക്സിനേഷൻ എന്നിവയിൽ ക്ലാസുകളുണ്ടാവും. ആർത്തവവിരാമം, ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പി, ഗർഭനിരോധനം, സെർവിക്കൽ സ്മിയർ മാനേജ്മെന്റ്, സ്തനാർബുദ പരിശോധന തുടങ്ങിയ വിഷയങ്ങളിലും ചർച്ചകളുണ്ടാവും.
അവസാന ദിവസം (ഏപ്രിൽ 26) പ്രത്യേക ശില്പശാലയും സംഘടിപ്പിക്കും. ഗൈനക്കോളജിസ്റ്റുകൾ, കുടുംബ ഡോക്ടർമാർ, നഴ്സുമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ തുടങ്ങി രാജ്യത്തെ മികച്ച ആരോഗ്യ പ്രവർത്തകരും മെഡിക്കൽ വിദ്യാർഥികളും ഗവേഷകരുമുൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.