മനാമ: ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ മാഗ്നം ഇംപ്രിന്റ്, ഇന്ത്യൻ ഡിലൈറ്റ് ഹോട്ടൽ എന്നിവരുമായി സഹകരിച്ച് തകഴിയുടെ വിഖ്യാത നോവലായ ചെമ്മീന്റെ നാടകാവിഷ്കാരം ഒരുക്കുന്നു. ഫെബ്രുവരി 24ന് വൈകീട്ട് 7.30ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നാടകം അരങ്ങേറും.
നാടകത്തിന്റെ സംവിധാനം നിർവഹിക്കുന്നതിന് പ്രശസ്ത നാടകസംവിധായകൻ ബേബിക്കുട്ടൻ തൂലിക ബഹ്റൈനിൽ എത്തി. 1995ൽ കേരളത്തിൽ തൂലികയുടെ ബാനറിൽ 2000ത്തിൽപരം വേദികളിൽ അവതരിപ്പിക്കപ്പെട്ട ‘ചെമ്മീൻ’ എന്ന നാടകത്തിന്റെ ആവിഷ്കാരവും സംവിധാനവും നിർവഹിച്ചത് ബേബിക്കുട്ടൻ തൂലികയാണ്. തകഴിയുടെ കൈയിൽനിന്നും നോവൽ നേരിട്ട് കൈപ്പറ്റി നാടകമാക്കി അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് ആദ്യ അവതരണം നടത്തിയത്.
ബഹ്റൈനിൽ നാടകരംഗത്തെ പ്രശസ്തരും പുതുമുഖങ്ങളും അടങ്ങുന്ന വലിയൊരു താരനിരയാണ് ഈ നാടകത്തിലൂടെ രംഗത്തെത്തുന്നത്. മനോഹരൻ പാവറട്ടി, അനീഷ് നിർമലൻ, സതീഷ് പൂലാപ്പറ്റ, അനീഷ് ഗൗരി, ശ്രീജിത്ത് ശ്രീകുമാർ, ജയ ഉണ്ണികൃഷ്ണൻ, വിജിന സന്തോഷ്, ജയ രവികുമാർ, അശ്വനി സെൽവരാജ്, ശരണ്യ അരുൺ, ലളിത ധർമരാജൻ, അഭിലാഷ് വെള്ളുക്ക, ഷിബു ജോൺ, രാജേഷ് ഇല്ലത്ത്, അരുൺ കുമാർ പിള്ള, സന്തോഷ്, ജയേഷ്, മുഹമ്മദ് സ്വാദിക്, മാസ്റ്റർ ഗണേഷ് ശങ്കർ എന്നിവരാണ് കഥാപാത്രങ്ങളായി രംഗത്തെത്തുന്നത്.
1995ൽ ആദ്യ അവതരണത്തിൽ ചിട്ടപ്പെടുത്തിയ പശ്ചാത്തല സംഗീതവും ഗാനങ്ങളുമാണ് ഇവിടെയും ഉപയോഗിക്കുന്നത്. ഗാനങ്ങൾ ഏഴാച്ചേരി രാമചന്ദ്രൻ, സംഗീതം കുമരകം രാജപ്പൻ, ആലാപനം പട്ടണക്കാട് പുരുഷോത്തമൻ, ബിമൽ മുരളി, പ്രമീള എന്നിവരാണ്. ജനമനസ്സുകളിൽ ഇടംനേടിയിട്ടുള്ള ‘ചെമ്മീൻ’ കേരളത്തിനു പുറത്ത് ആദ്യമായാണ് ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ അരങ്ങേറുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കല വിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫറോക്ക്, സ്കൂൾ ഓഫ് ഡ്രാമ കൺവീനർ കൃഷ്ണകുമാർ പയ്യന്നൂർ എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.