ഇന്ത്യ-ബംഗ്ലാദേശ് കബഡി മത്സരത്തിനിടെ

ഏഷ്യൻ യൂത്ത് ഗെയിംസ് മത്സരങ്ങൾക്ക് തുടക്കം

മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ഒക്ടോബർ 31 വരെ ബഹ്‌റൈനിൽ നടക്കുന്ന മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിന്‍റെ മത്സരങ്ങൾക്ക് തുടക്കമായി. ഞായറാഴ്ച നടന്ന മത്സരത്തിൽ ജയത്തോടെ ബഹ്‌റൈൻ ഹാൻഡ്‌ബാൾ ടീം തങ്ങളുടെ ജയ തേരോട്ടത്തിന് തുടക്കം കുറിച്ചു. ഉമ്മുൽ ഹസം സ്പോർട്സ് കോംപ്ലക്സിലെ ഹാൻഡ്‌ബോൾ ഫെഡറേഷൻ ഹാളിൽ നടന്ന ഗ്രൂപ് എ മത്സരത്തിൽ ഹോങ്കോങ്ങിനെതിരെ 36-12 എന്ന സ്കോറിനാണ് ബഹ്‌റൈൻ തകർപ്പൻ വിജയം നേടിയത്.

മറ്റ് മത്സരങ്ങളിൽ ബഹ്‌റൈൻ ടീമുകൾക്ക് സമ്മിശ്ര ഫലമാണ് ലഭിച്ചത്. കബഡിയിൽ പാകിസ്താനോടും ശ്രീലങ്കയോടും ടീം പരാജയപ്പെട്ടു. എന്നാൽ ഇന്ത്യൻ ആൺ-പെൺ ടീമുകൾ കബഡിയിൽ ജയം നേടി. ഇസ സ്പോർട്സ് സിറ്റിയിൽ നടന്ന കബഡി ആദ്യമത്സരത്തിൽ ബംഗ്ലാദേശിനെ 83-19 ന് പരാചയപ്പെടുത്തിയാണ് ഇന്ത്യൻ ആൺകുട്ടികൾ ജയം നേടി‍യത്. ഒന്നാം മത്സരത്തിൽ ബംഗ്ലാദേശിനെ 46-18 എന്ന സ്കോറിനും വൈകുന്നേരം നടന്ന രണ്ടാമത്തെ മത്സരത്തിൽ തായ്‌ലൻഡിനെതിരെ 53-19 എന്ന സ്കോറിനും പെൺ പട വിജയം നേടി.

ഇന്ത്യക്ക് ആദ്യ മെഡൽ കുറാഷിൽ

മനാമ: മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിൽ കുറാഷ് ഗുസ്തിയിലൂടെ ഇന്ത്യക്ക് ആദ്യ മെഡൽ. 15 വയസ്സുകാരിയായ ഖുഷിയാണ് കുറാഷ് മത്സരത്തിൽ വെങ്കലം നേടി ഇന്ത്യയുടെ മെഡൽ നേട്ടത്തിന് തുടക്കം കുറിച്ചത്. ഞായറാഴ്ച ബഹ്‌റൈനിലെ എക്സിബിഷൻ വേൾഡ് ബഹ്‌റൈനിൽ നടന്ന വനിതകളുടെ 70 കിലോഗ്രാം വിഭാഗം മത്സരത്തിൽ ഖുഷി മെഡൽ സ്വന്തമാക്കിയത്.

കുറാഷ് മത്സരത്തിൽ വെങ്കലം നേടി ഇന്ത്യൻ താരം ഖുഷി മെഡലുമായി, വലതുനിന്ന് രണ്ടാമത്

ക്വാർട്ടർ ഫൈനലിൽ ബൈ ലഭിച്ചാണ് ഖുഷി സെമിയിലെത്തുന്നത്. എന്നാൽ സെമിഫൈനലിൽ ഉസ്ബക്കിസ്താന്റെ ദുർദോണ ടർസുനോവയുമായി ഏറ്റുമുട്ടിയ ഖുഷിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. സെമിഫൈനലിൽ പരാജയപ്പെടുന്ന ഇരുതാരങ്ങൾക്കും വെങ്കല മെഡൽ നൽകുന്ന രീതിയായതിനാൽ, ഖുഷിക്ക് ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പിക്കാൻ സാധിച്ചു. ഈ ഇനത്തിൽ സ്വർണ്ണം നേടിയത് ഉസ്ബക്കിസ്താന്റെ ദുർദോണ ടർസുനോവയാണ്.

ആദ്യ സ്വർണം ഉസ്‌ബെകിസ്താന്

മനാമ: ഏഷ്യൻ യൂത്ത് ഗെയിംസിന്റെ ആദ്യ ദിനത്തിൽ തന്നെ ആദ്യ സ്വർണ മെഡൽ ഉസ്‌ബെകിസ്താൻ നേടി. പെൺകുട്ടികളുടെ കുറാഷ് മത്സരത്തിൽ ദുർദോന തുർസനോവ ആണ് ഈ നേട്ടം കൈവരിച്ചത്. ശക്തമായ കായികശേഷിയും മികച്ച സാങ്കേതിക വൈദഗ്ധ്യവും പ്രകടിപ്പിച്ച തുർസനോവ, എല്ലാ മത്സരങ്ങളിലും വിജയിച്ച് ഒന്നാം സ്ഥാനം സ്വന്തമാക്കി.

ദുർദോന തുർസനോവ മെഡലുമായി

ഗെയിംസിൽ ഉസ്‌ബെകിസ്ഥാന്റെ ആദ്യ സ്വർണമാണിത്. ഒക്ടോബർ 22ന് ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പായി തന്നെ നിരവധി മെഡൽ ജേതാക്കളെ തീരുമാനിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

Tags:    
News Summary - Asian Youth Games competitions begin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.