മനാമ: അറാദിലെ റസ്റ്റാറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയെത്തുടർന്ന് കെട്ടിടം തകർന്ന് രണ്ടു പേർ മരിച്ച സംഭവത്തിൽ റസ്റ്റാറന്റ് ഉടമയുടെ വിചാരണ ആരംഭിച്ചു. നേരത്തേ പബ്ലിക് പ്രോസിക്യൂഷൻ 50കാരനായ റസ്റ്റാറന്റ് ഉടമ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ലോവർ ക്രിമിനൽ കോടതിയിൽ ഇന്നലെ നടന്ന വാദം കേട്ടു. പ്രതിക്കായി അഭിഭാഷകൻ സൈനബ് ഹസ്സനായിരുന്നു ഹാജരായത്.
കേസ് ഫയലിന്റെ പകർപ്പും പ്രതിവാദം തയാറാക്കാനുള്ള സമയവും ആവശ്യപ്പെട്ട പ്രകാരം തുടർ വാദം കേൾക്കലിനും വിധിക്കും കേസ് ഏപ്രിൽ 22ലേക്ക് മാറ്റി. കഴിഞ്ഞ ഏപ്രിൽ 12നാണ് കേസിനാസ്പദ സംഭവം നടന്നത്. കെട്ടിടത്തിന്റെ മറ്റൊരു വശത്ത് പ്രവർത്തിച്ചിരുന്ന ബാർബർ ഷോപ്പിൽ മുടി വെട്ടിക്കൊണ്ടിരുന്ന ബഹ്റൈനി പൗരനായ അലി അബ്ദുല്ല അലി അൽ ഹമീദ് (66), ബംഗ്ലാദേശ് പൗരനായ ഷൈമോൾ ചന്ദ്ര ഷിൽ മൊനിന്ദ്ര (42) എന്നിവരാണ് മരിച്ചത്.
സംഭവത്തിൽ ആറു പേർക്ക് പരിക്കേറ്റതായാണ് കണ്ടെത്തിയത്. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയും അശ്രദ്ധമായി ഗ്യാസ് കൈകാര്യം ചെയ്തതിനാണ് റസ്റ്റാറന്റ് ഉടമയെ കുറ്റക്കാരനായി പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തിയത്. ഗ്യാസ് ചോരുകയും റസ്റ്റാറന്റിലെ അകം മുഴുവൻ പരക്കുകയും ചെയ്തിരുന്നു.
പിന്നീടാണ് പൊട്ടിത്തെറിച്ചത്. സമീപത്തെ കെട്ടിടങ്ങൾ, കടകൾ, ഒരു പള്ളി, വാഹനങ്ങൾ എന്നിവക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. 400 മീറ്ററോളം ചുറ്റുവട്ടത്ത് പൊട്ടിത്തെറി ബാധിച്ചതായാണ് കണ്ടെത്തിയത്. അഗ്നിസുരക്ഷ സംവിധാനങ്ങൾക്ക് അംഗീകാരം ലഭിക്കുന്നതിന് മുമ്പ് തന്നെ റസ്റ്റാറന്റ് തുറന്ന് പ്രവർത്തിച്ചതിനും ലൈസൻസില്ലാത്ത ഗ്യാസ് സെൻസറുകളും ഷട്ട് -ഓഫ് വാൽവുകളും ഉപയോഗിച്ചതിനും ഇദ്ദേഹത്തിന് മേൽ കുറ്റം ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.