മനാമ: ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾ തടയാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ബഹ്റൈൻ യു.എന്നിൽ ആവശ്യപ്പെട്ടു. എല്ലാ അന്താരാഷ്ട്ര മര്യാദകളും ഉടമ്പടികളും ലംഘിച്ചുള്ള നടപടികളാണ് ഇസ്രായേലിെൻറ ഭാഗത്തുനിന്നുണ്ടാകുന്നത്. ജറൂസലമിെൻറ പദവി സംബന്ധിച്ച യു.എൻ നിർദേശങ്ങളും അവഗണിക്കപ്പെടുകയാണ്. ഫലസ്തീൻ ജനതക്കെതിരായ മനുഷ്യത്വ രഹിതമായ നടപടികൾ തടയേണ്ടതുണ്ടെന്നും ബഹ്റൈൻ വ്യക്തമാക്കി. യു.എന്നിലെ സ്ഥിരം പ്രതിനിധി അംബാസഡർ ജമാൽ ഫാരിസ് റുവൈഇ സുരക്ഷാസമിതിയിൽ നടത്തിയ പ്രസംഗത്തിലാണ് ഇങ്ങനെ പറഞ്ഞത്. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ സംബന്ധിച്ച തുറന്ന ചർച്ചയിൽ സംബന്ധിക്കുകയായിരുന്നു അദ്ദേഹം. ഇതിലാണ് ഫലസ്തീൻ പ്രശ്നവും ചർച്ചയായത്. ചൈനയുടെ സ്ഥിരം പ്രതിനിധി ലിയു ജിയേയി അധ്യക്ഷനായിരുന്നു.
അൽ അഖ്സയിൽ പ്രാർഥന തടഞ്ഞ നടപടിയിൽ ബഹ്റൈൻ ശക്തമായി പ്രതിഷേധിച്ചു.ഇത് മതസ്വാതന്ത്ര്യത്തിന് വിരുദ്ധമായ നീക്കമാണ്. ഇതിനെതിരെ ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹത്തിൽ പ്രതിഷേധമുണ്ട്.അൽ അഖ്സ പള്ളിയിലുണ്ടായ സംഘർഷവും അപലപനീയമാണ്. പള്ളി എല്ലാ വിശ്വാസികൾക്കുമായി അടിയന്തരമായി തുറന്നുകൊടുക്കണം. ഫലസ്തീൻ പ്രശ്നത്തെ ബഹ്റൈൻ ആഗോളതലത്തിലുള്ള പ്രധാന വിഷയങ്ങളിലൊന്നായി കാണുന്നത് തുടരും. ഇവിടെ നീതിയിലധിഷ്ഠിതമായ, ദീർഘകാലത്തേക്ക് നിലനിൽക്കുന്ന പരിഹാരമുണ്ടാകണം. ഇരു രാഷ്ട്രങ്ങളും സമാധാനപരമായി കഴിയുന്ന സാഹചര്യമുണ്ടാകണം. ഇതിനായുള്ള അറബ് മേഖലയുടെ ശ്രമങ്ങൾ മാനിക്കപ്പെടേണ്ടതുണ്ട്. കിഴക്കൽ ജറൂസലം തലസ്ഥാനമായി 1967 ജൂണിലുള്ള അവസ്ഥയിൽ ഫലസ്തീൻ രൂപവത്കരിക്കുകയെന്നതാണ് സ്ഥായിയായ സമാധാനത്തിനുള്ള പോംവഴി. എല്ലാ ഫലസ്തീൻ പ്രദേശങ്ങളിൽ നിന്നും ഇസ്രായേൽ അധിനിവേശം തടയണം. അവരുടെ കുടിയേറ്റവും അവസാനിപ്പിക്കണമെന്ന് ബഹ്റൈൻ വ്യക്തമാക്കി. ഇസ്രായേൽ ഫലസ്തീനുനേരെ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ എന്നും ശക്തമായ നിലപാട് സ്വീകരിച്ച രാജ്യമാണ് ബഹ്റൈൻ.
ഇസ്രായേല്‍ അതിക്രമങ്ങള്‍ക്കും ബൈത്തുല്‍ മുഖദ്ദിസില്‍ നടത്തിയ സൈനിക നടപടിക്കുമെതിരെ കഴിഞ്ഞ ദിവസം ബഹ്‌റൈനിലെ ഫലസ്തീൻ എംബസിയിൽ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചിരുന്നു. ഇതിൽ വിദേശകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി വഹീദ് സയ്യാര്‍, വിവിധ ഗൾഫ് രാജ്യങ്ങളുടെ അംബാസഡർമാർ, ബഹ്‌റൈനിലെ റഷ്യന്‍ അംബാസഡര്‍, രാഷ്ട്രീയ, സാമൂഹിക സംഘടന പ്രതിനിധികള്‍, ബഹ്‌റൈനിലെ ഫലസ്തീന്‍ പ്രവാസികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ബഹ്‌റൈന്‍ എന്നും ഫലസ്തീനികള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിച്ച് ഫലസ്തീനില്‍ സമാധാനം നിലനിര്‍ത്താനാവശ്യമായ നടപടികളുണ്ടാകണമെന്നും ഇൗ യോഗത്തിൽ വഹീദ് സയ്യാര്‍ ആവശ്യപ്പെട്ടിരുന്നു.
തുടർന്ന്, ഫലസ്തീന്‍ ജനതക്കും രാജ്യത്തിനുമായി നിലകൊള്ളുന്ന ഹമദ് രാജാവിനും ബഹ്‌റൈന്‍ ജനതക്കും ബഹ്‌റൈനിലെ ഫലസ്തീന്‍ അംബാസഡര്‍ ത്വാഹ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ നന്ദി പ്രകാശിപ്പിച്ചു. ഖുദ്‌സിന് നേരെയുള്ള കൈയേറ്റം പൊറുക്കാനാവാത്തതാണെന്നും അവിടെ ഫലസ്തീനികള്‍ക്ക് സ്വതന്ത്രാധികാരം ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപരമായ സംഘട്ടനത്തെ മതപരമാക്കി മാറ്റുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.