1. ബഹ്റൈൻ സമ്മർ ഫെസ്റ്റിവലിൽനിന്ന് 2. ആനിസ ദാന ഉസാമ അസ്സഅ്ദ്
മനാമ: ഈ വർഷത്തെ ബഹ്റൈൻ സമ്മർ ഫെസ്റ്റിവലിനെത്തിയത് 97,000 ത്തിലധികം സന്ദർശകർ. ഇതാദ്യമായാണ് ബഹ്റൈൻ എക്സിബിഷൻ വേൾഡിൽ വിവിധ പരിപാടികളോടെ ബഹ്റൈൻ ടൂറിസം ആന്‍ഡ് എക്സിബിഷൻ അതോറിറ്റിയുടെ കീഴിൽ സമ്മർ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. വിവിധ ഷോപ്പിങ് മാളുകൾ, സല്ലാഖ്, സഖീർ, പാർക്കുകൾ എന്നിവയിലും സന്ദർശകർ കൂടുതലായെത്തി.
ഫെസ്റ്റിവലിന്റെ ഭാഗമായി വിവിധ തദ്ദേശീയ സ്ഥാപനങ്ങളുടെ മാർക്കറ്റിങ്ങും നടന്നു. വരും വർഷങ്ങളിലും കൂടുതൽ വിപുലമായ രീതിയിൽ ബഹ്റൈൻ സമ്മർ ഫെസ്റ്റിവൽ സംഘടിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും ബഹ്റൈൻ ടൂറിസം ആന്‍ഡ് എക്സിബിഷൻ അതോറിറ്റി അസി. ചീഫ് എക്സിക്യൂട്ടിവ് ആനിസ ദാന ഉസാമ അസ്സഅ്ദ് കൂട്ടിച്ചേർത്തു.
അല്‍ ദാന ആംഫി തിയറ്റര്‍, സ്പേസ്ടൂണ്‍, എക്സിബിഷന് വേള്‍ഡ് ബഹ്റൈന്‍, നാഷനല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ എന്നിവയുടെ സംയുക്തവും ക്രിയാത്മകവുമായ സഹകരണമുണ്ടായി. ടൂറിസം, ഹോട്ടൽ, വ്യാപാര മേഖലകളിൽ ഉണർവുണ്ടാക്കാൻ ഇത് സഹായകമായിട്ടുണ്ട്. ഇത് രാജ്യത്തുടനീളമുള്ള ടൂറിസത്തെ ഗണ്യമായി ശക്തിപ്പെടുത്തുകയും ഹോസ്പിറ്റാലിറ്റി മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യും.
ടൂറിസം മേഖല വികസിപ്പിക്കാനും 2022-2026 ലെ ടൂറിസം സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാനുമുള്ള പദ്ധതികള്‍ക്ക് അനുസൃതമായി എല്ലാ പങ്കാളികളുമായും സഹകരിച്ച് ഉത്സവം ഒരു വാര്‍ഷിക പരിപാടിയാക്കാന്‍ ആഗ്രഹിക്കുന്നതായും അവര്‍ പറഞ്ഞു.
സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ വേനല്‍ക്കാലത്ത് വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കാന്‍ സഹായിച്ചു. ഇത് ഹോട്ടലുകളിലും ലോഡ്ജുകളിലും താമസിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാക്കി. സല്ലാക്ക്, സഖീര്‍ പ്രദേശങ്ങളിലെ വിനോദസഞ്ചാരവും വാണിജ്യ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചു.
സമീപത്തെ റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍, കഫേകള്‍, വിവിധ ഷോപ്പുകള്‍ എന്നിവയുടെ വാണിജ്യ പ്രവര്‍ത്തനങ്ങൾ വര്‍ധിച്ചതായും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.