മനാമ: പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ മനുഷ്യക്കടത്തിന് ഇരയാക്കിയ കേസിൽ ബഹ്‌റൈനിലെ ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി രണ്ട് പേർക്ക് ഏഴ് വർഷം വീതം തടവ് ശിക്ഷ വിധിച്ചു. ഏഷ്യൻ വംശജരായ 32 വയസ്സുകാരനും 40 വയസ്സുകാരിയുമാണ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയത്. പിഴയായി 2,000 ദിനാർ വീതം അടക്കാനും കോടതി ഉത്തരവിട്ടു.
ശിക്ഷാ കാലാവധിക്ക് ശേഷം ഇരകളെ അവരുടെ മാതൃരാജ്യത്തേക്ക് തിരിച്ചയക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 16ഉം 17ഉം വയസ്സുള്ള സഹോദരിമാരെ ഭീഷണിപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചും നിർബന്ധിത വേശ്യാവൃത്തിക്ക് വിധേയരാക്കിയതാണ് കേസ്. മറ്റൊരാൾ വഴി ജോലി വാഗ്ദാനം ചെയ്താണ് പെൺകുട്ടികളെ മറ്റൊരു ഗൾഫ് രാജ്യത്തുനിന്ന് ബഹ്‌റൈനിലേക്ക് എത്തിച്ചത്. ബഹ്‌റൈനിലെത്തിയ ശേഷം പ്രതികൾ പെൺകുട്ടികളെ തടങ്കലിൽ വെക്കുകയും അവർക്ക് ലഭിക്കേണ്ട വരുമാനം തട്ടിയെടുക്കുകയുമായിരുന്നു.
പെൺകുട്ടികൾ പ്രായപൂർത്തിയായിട്ടില്ലെന്ന് അറിഞ്ഞിട്ടും അവരുടെ സാമ്പത്തിക പ്രയാസങ്ങൾ മുതലെടുത്ത് പ്രതികൾ ക്രൂരമായ ചൂഷണം തുടരുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. പ്രായപൂർത്തിയാകാത്തവരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് സംഘത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇരകളെ തിരിച്ചയക്കുന്നതിനുള്ള ചെലവുകളും കുറ്റവാളികൾ തന്നെ വഹിക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.