പീയൂഷ് ശ്രീവാസ്തവ
ഇന്ത്യൻ അംബാസഡർ
മനാമ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇൗ അവസരത്തിൽ ബഹ്റൈനിലെ ഇന്ത്യൻസമൂഹത്തിനും ഇന്ത്യയുടെ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ. ഇത് നമുക്ക് ഒരു ചരിത്രവർഷമാണ്. പുരോഗമന ഇന്ത്യയുടെ 75 വർഷങ്ങളും രാജ്യത്തെ ജനങ്ങളുടെയും സംസ്കാരത്തിെൻറയും നേട്ടങ്ങളുടെയും മഹത്തായ പൈതൃകവും അനുസ്മരിക്കാൻ രണ്ട് വർഷം നീളുന്ന 'ആസാദി കാ അമൃത് മഹോത്സവ' ത്തിന് ആദരണീയനായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 2021 മാർച്ച് 12ന് തുടക്കംകുറിച്ചു. ഇന്ത്യയും ബഹ്‌റൈനും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചതിെൻറ സുവർണ ജൂബിലി ആഘോഷിക്കുന്നതിനാലും ഈ വർഷം പ്രത്യേക പ്രാധാന്യം കൈവരിക്കുന്നു.
സ്വാതന്ത്ര്യത്തിനുശേഷമുള്ള 75 വർഷത്തെ യാത്രയിൽ ഇന്ത്യയുടെ മുന്നേറ്റം സുവ്യക്തമാണ്. സാമൂഹിക-സാമ്പത്തിക രംഗത്തും ബഹിരാകാശ ഗവേഷണം, പ്രതിരോധം, ഐ.ടി, ബിഗ് ഡാറ്റ, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ തുടങ്ങി സകല മേഖലകളിലും അഭിമാനകരമായ നേട്ടമാണ് രാജ്യം കൈവരിച്ചത്.
ആഗോള വിതരണശൃംഖലയുടെ ശക്തമായ കണ്ണിയായി 'ആത്മ നിർഭർ ഭാരത്' സംരംഭം ഇന്ത്യയെ നയിക്കുന്നു. ഇതോടൊപ്പം, സാമ്പത്തിക, ഘടനാപരമായ പരിഷ്കാരങ്ങളും അടിസ്ഥാന സൗകര്യ വികസനത്തിന് നൽകിയ പ്രോത്സാഹനവും ഇന്ത്യയും ലോകവും തമ്മിൽ കൂടുതൽ വ്യാപാര -സാമ്പത്തിക സഹകരണത്തിനുള്ള അവസരങ്ങൾ തുറന്നു.
2020ലെ മഹാമാരിയുടെ കാലത്തും 64 ബില്യൺ ഡോളർ വിദേശനിക്ഷേപമാണ് ഇന്ത്യയിലേക്ക് ഒഴുകിയെത്തിയത്. ലോകത്തിലെ അഞ്ചാമത്തെ വലിയ വിദേശ നിക്ഷേപമാണിത്.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ കരുത്തും നിക്ഷേപകരുടെ ആത്മവിശ്വാസവുമാണ് ഇത് പ്രതിഫലിക്കുന്നത്.
ഇപ്പോഴും കോവിഡ് മഹാമാരിയോട് പൊരുതുകയാണ് നാം. പകർച്ചവ്യാധി ഉയർത്തുന്ന ആരോഗ്യവും സാമ്പത്തികവുമായ വെല്ലുവിളികൾ തരണംചെയ്യാൻ ഇരുരാജ്യങ്ങളും കൈക്കൊണ്ട ഒട്ടനവധി നടപടികൾ ക്രിയാത്മക ഫലങ്ങളാണ് ഉളവാക്കിയത്. ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്കാണ് ഇന്ത്യൻ സർക്കാർ തുടക്കംകുറിച്ചത്. 500 ദശലക്ഷത്തിലധികം ആളുകൾക്ക് വാക്സിൻ ലഭിച്ചു. പ്രതിദിന കോവിഡ് നിരക്ക് 40,000ലേക്ക് കുത്തനെ കുറഞ്ഞു. രോഗമുക്തി നിരക്ക് 97 ശതമാനത്തിലേക്ക് ഉയർന്നു.
മഹാമാരി തരണംചെയ്യുന്നതിൽ ഏറ്റവും വിജയകരമായ രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈൻ. പ്രവാസിസമൂഹത്തോട് അനിതരസാധാരണമായ പരിപാലനയാണ് ബഹ്‌റൈൻ കാണിച്ചത്. ഇന്ത്യൻ പ്രവാസിസമൂഹമാണ് ഇതിൽ ഭൂരിപക്ഷവും. പൗരന്മാർക്ക് തുല്യമായി പ്രവാസികൾക്കും സൗജന്യ പ്രതിരോധ കുത്തിവെപ്പ് നൽകാൻ സന്നദ്ധമായ ബഹ്‌റൈൻ ഭരണനേതൃത്വത്തിനും സർക്കാറിനും ഞാൻ നന്ദി അറിയിക്കുന്നു.
മഹാമാരിക്കെതിരെ പോരാടുന്നതിൽ രണ്ട് രാജ്യങ്ങളും മികച്ച സഹകരണവും സഹവർത്തിത്വവും തുടരുകയാണ്. മഹാമാരിമൂലം ഉണ്ടായ നിയന്ത്രണങ്ങൾക്കിടയിലും ആഴത്തിൽ വേരൂന്നിയ ബഹുമുഖ ഉഭയകക്ഷി സഹകരണം വർധിച്ചുവരുന്നു. ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽസയാനി ഈ വർഷം ഏപ്രിലിൽ ഇന്ത്യ-ബഹ്‌റൈൻ ഹൈ ജോയൻറ് കമീഷെൻറ മൂന്നാമത് യോഗത്തിന് ഇന്ത്യ സന്ദർശിച്ചു. ഉഭയകക്ഷി സഹകരണത്തിെൻറ വൈവിധ്യമാർന്ന തലങ്ങളെ കൂടുതൽ മുന്നോട്ടുകൊണ്ടുപോകാനുള്ള വഴികൾ ഇരുപക്ഷവും ചർച്ച ചെയ്തു. കൂടാതെ, കോവിഡാനന്തര സാമ്പത്തിക പുനരുദ്ധാരണത്തിന് ഇരു സർക്കാറുകളും സ്വീകരിച്ച നിരവധി നടപടികൾ ആരോഗ്യം, ഫാർമസ്യൂട്ടിക്കൽ, ഐ.ടി, വിദ്യാഭ്യാസം, ടൂറിസം, ഹൈഡ്രോകാർബൺ, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണത്തിന് അവസരങ്ങൾ തുറന്നു. ബഹിരാകാശം, സമുദ്രസുരക്ഷ, പുനരുപയോഗിക്കാവുന്ന ഉൗർജം, ബിഗ് ഡാറ്റ, ഫിൻടെക് എന്നിവയുടെ വിവിധ മേഖലകളിലേക്ക് ഉഭയകക്ഷി സഹകരണം വിപുലീകരിക്കാനും ഇരുപക്ഷവും തയാറെടുക്കുന്നു.
ഇന്ത്യയുടെ ചരിത്രത്തിലെ ഈ സുപ്രധാന നാഴികക്കല്ലിൽ, ബഹ്റൈനിലെ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഒരിക്കൽ കൂടി ഞാൻ എെൻറ ഹൃദ്യമായ അഭിവാദ്യങ്ങൾ അറിയിക്കുന്നു. ഒപ്പം, ഇരുരാജ്യങ്ങളുടെയും പുരോഗതിക്കും വികാസത്തിനും ഉഭയകക്ഷി ബന്ധത്തിെൻറ വളർച്ചക്കും നിരന്തരമായ സംഭാവന നൽകുന്നതിന് നന്ദി അറിയിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിെൻറയും ധാരണയുടെയും സഹകരണത്തിെൻറയും ആഴമേറിയതും ചരിത്രപരവുമായ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കാൻ ഈ അവസരം ഞാൻ പ്രയോജനപ്പെടുത്തെട്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.