നൈജീരിയൻ കളിക്കാരനൊപ്പം ലേഖകൻ

ആവേശം അലയടിച്ച ഫുട്ബാൾ കാലം

പാലക്കാട്‌ ജില്ലയിലാണെങ്കിലും മലപ്പുറം ജില്ലയോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ ഭ്രാന്തമായ ഫുട്ബോൾ ആവേശം കാത്ത്‌ സൂക്ഷിക്കുന്ന സ്ഥലമാണ് എൻ്റെ നാടായ മണ്ണാർക്കാടിനടുത്ത കോട്ടോപ്പാടം. ഫുട്ബോൾ ലോകകപ്പ് ആണെങ്കിലും ഇനി യൂറോ കപ്പോ, കോപ്പ അമേരിക്കയോ ആണെങ്കിലും എന്റെ നാട്ടിലാണ് കളി നടക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ വിവിധ രാജ്യങ്ങളുടെ കൊടി തോരണങ്ങൾ നാട്ടിലെങ്ങുമുണ്ടാവും. അർദ്ധ രാത്രിയും പുലർച്ചെ സമയത്തും കുട്ടികളും മധ്യ വയസ്ക്കരും മുതിർന്നവരുമടക്കം വലിയ ആൾക്കൂട്ടങ്ങൾ ക്ലബുകളിൽ കളി കാണാനെത്തും.

നാട്ടിലെ ഗ്രൗണ്ടിൽ നാട്ടുകാരോടൊപ്പം ഫുട്ബോൾ കളിക്കാറുണ്ടെങ്കിലും എനിക്കും സുഹൃത്ത്‌ മുർഷിദിനും ക്രിക്കറ്റിനോടായിരുന്നു കൂടുതൽ ഇഷ്ടം. സച്ചിനും ഗാംഗുലിയും അസ്ഹറുദ്ധീനും അജയ് ജാഡജയും ശ്രീനാഥും അനിൽ കുംബ്ലെയും അരങ്ങ് വാണിരുന്ന കാലത്ത്‌ അവരോടുള്ള ഇഷ്ടമായിരുന്നു കാരണം.

അങ്ങനെയുള്ള എന്നിലും ഫുട്ബോൾ ഭ്രാന്ത്‌ ഉണ്ടാക്കിയത് മലബാറിന്റെ ആവേശമായ അഖിലേന്ത്യ സെവൻസ് ടൂർണ്ണമെന്റുകളായിരുന്നു. ഏറനാട്ടിലും വള്ളുവനാട്ടിലുമായി നടക്കുന്ന ടൂർണ്ണമെന്റുകളിലൊക്കെ അൽ മദീന ചെർപ്പുളശ്ശേരിയുടെ കളി കാണാൻ ഞങ്ങൾ പോവുമായിരുന്നു. അയ്യൂബ് ആയിരുന്നു ഇഷ്ട താരം. അന്ന് ഐ.എം. വിജയനെയും ജോപോൾ അഞ്ചേരിയെയും ഒക്കെ കാണാൻ നിരവധി അവസരങ്ങൾ ലഭിച്ചു. അക്കാലത്ത് നൈജീരിയൻ സ്വദേശികളായ ഒരു പാട് കളിക്കാർ മലപ്പുറം ജില്ലയിൽ ഉണ്ടായിരുന്നു. അവിടെ നിന്ന് കേരളത്തിലെ കോളേജുകളിൽ പഠിക്കാനെത്തിയവർ.

വിവിധ ക്ലബ്ബുകൾ ഫുട്ബോൾ മേളകളിൽ അവർക്ക് ദിവസക്കൂലി കൊടുത്ത് കളിപ്പിക്കുമായിരുന്നു. അവരുടെ കളി കാണാനും രസമായിരുന്നു.

യാത്ര സൗകര്യങ്ങൾ ഇത്രയേറെ ഇല്ലാത്ത കാലത്തെ കളി കാണാനുള്ള ഓട്ടപ്പാച്ചിൽ എന്നെയും ഒരു ഫുട്ബോൾ നെഞ്ചിലേറ്റുന്ന ഒരാളാക്കി മാറ്റി. കലുഷിതമായ ഈ കാലഘട്ടത്തിൽ മതത്തിനും ജാതിക്കും ദേശത്തിനും വർണ്ണത്തിനും ഭാഷക്കുമപ്പുറം മനുഷ്യരെ ഒന്നിപ്പിക്കുന്ന മാനവികതയുടെ വേദി കൂടിയായി ലോകത്ത് ഫുട്ബോൾ മാറിയിരിക്കുന്നു എന്നത് പ്രത്യാശ നൽകുന്നു.

Tags:    
News Summary - A football era that surged with excitement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.