വേനൽക്കാലം; ബീച്ചുകളിലും സ്വിമ്മിങ് പൂളുകളിലും സുരക്ഷാ മുന്നറിയിപ്പുമായി ബഹ്‌റൈനിലെ ആഭ്യന്തര മന്ത്രാലയം

മനാമ: കഠിനമായ വേനൽച്ചൂടിൽ ആശ്വാസം തേടി ബഹ്‌റൈനിലെ ബീച്ചുകളിലേക്കും സ്വിമ്മിംഗ് പൂളുകളിലേക്കും ജനങ്ങളുടെ ഒഴുക്ക് വർധിക്കുകയാണ്. എന്നാൽ, ഈ സാഹചര്യം കണക്കിലെടുത്ത് സുരക്ഷാ കാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുട്ടികളിലും മുതിർന്നവരിലും മുങ്ങിമരണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് അധികൃതർ ഈ നിർദ്ദേശം നൽകിയിരിക്കുന്നത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ 'അൽ അമൻ' പരിപാടിയുടെ ഭാഗമായി കേണൽ ഡോ. ഒസാമ ബഹാർ ആണ് നിർദേശം വ്യക്തമാക്കിയത്. നീന്തൽ മികച്ചൊരു വിനോദവും വ്യായാമവുമാണെങ്കിലും, പരിചയസമ്പന്നരായ നീന്തൽക്കാർക്ക് പോലും ചില സമയങ്ങളിൽ അത് അപകടകരമാകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നീന്താനിറങ്ങുന്നവർ ശ്രദ്ധിക്കേണ്ട ചില നിർദ്ദേശങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചു.

തുറസ്സായ കടലിൽ നീന്തുന്നവർ ശരീരത്തിൽ ബന്ധിപ്പിക്കാവുന്ന തിളക്കമുള്ള നിറമുള്ള 'സ്വിം ബോയ്' ഉപയോഗിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഇത് ബോട്ട്, ജെറ്റ് സ്കി ഓപ്പറേറ്റർമാർക്ക് നീന്തൽക്കാരെ എളുപ്പത്തിൽ കാണാനും, തളർച്ച അനുഭവപ്പെടുമ്പോൾ വിശ്രമിക്കാനും സഹായിക്കും. തീരത്തിന് സമാന്തരമായി മാത്രം നീന്തുക, ആഴമുള്ള സ്ഥലങ്ങൾ ഒഴിവാക്കുക, തങ്ങൾ എവിടെയാണ് നീന്തുന്നതെന്ന് മറ്റൊരാളെ അറിയിക്കുക തുടങ്ങിയ കാര്യങ്ങൾ കർശനമായി പാലിക്കണം. ബോട്ട് സഞ്ചരിക്കുന്ന വഴികൾ, തുറമുഖങ്ങൾ, പാലങ്ങൾക്കടിയിലെ ഭാഗങ്ങൾ, നീന്താൻ അനുവാദമില്ലാത്ത സ്ഥലങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കുമായി അദ്ദേഹം പ്രത്യേക മുന്നറിയിപ്പുകൾ നൽകി. ജലാശയങ്ങൾക്ക് സമീപം കുട്ടികളെ ഒരിക്കലും തനിച്ചാക്കരുത്. കുട്ടികളുടെ കൈ വിടാതെ ശ്രദ്ധിക്കണം. ചെറിയ വെള്ളത്തിൽ പോലും നിമിഷനേരം കൊണ്ട് നിശബ്ദമായി അപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷ ഉറപ്പാക്കുന്നതിലൂടെ മാത്രമെ ബീച്ച് സന്ദർശനം സന്തോഷകരമാക്കാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം

മനാമ: കഠിനമായ വേനൽക്കാലത്ത് പൊതു-സ്വകാര്യ സ്വിമ്മിംഗ് പൂളുകൾ ഉപയോഗിക്കുന്നവർ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. സ്വിമ്മിംഗ് പൂളുകളുടെ പതിവ് അറ്റകുറ്റപ്പണികളും ശുചീകരണവും ഉറപ്പാക്കാൻ ഉടമകൾക്ക് മന്ത്രാലയം കർശന നിർദ്ദേശം നൽകി. ആരോഗ്യ മന്ത്രാലയം വാട്ടർ ആൻഡ് ഇൻസ്റ്റിറ്റ്യൂഷണൽ സാനിറ്റേഷൻ വിഭാഗം തലവൻ ഹുസൈൻ അൽ റഈസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അശ്രദ്ധ മൂലം അസുഖങ്ങൾ, തെന്നിവീഴൽ, മുങ്ങിമരണം തുടങ്ങിയ അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നും, അശുദ്ധമായ വെള്ളം അണുബാധയുണ്ടാക്കാക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പൂളിലെ വെള്ളം കുടിക്കുന്നത് ഒഴിവാക്കുക, ചെവികളിൽ വെള്ളം കയറുന്നതിനെ സൂക്ഷിക്കുക, മുറിവുകളുള്ളപ്പോൾ നീന്താതിരിക്കുക, വയറിളക്കം പോലുള്ള അസുഖങ്ങളുണ്ടെങ്കിൽ നീന്തൽ ഒഴിവാക്കുക എന്നിവ ശ്രദ്ധിക്കണം. നീന്തുന്നതിന് മുൻപ് സോപ്പിട്ട് ഒരു മിനിറ്റ് കുളിക്കുന്നത് അണുബാധ തടയാൻ സഹായിക്കും. നീന്തിക്കഴിഞ്ഞാൽ നനഞ്ഞ വസ്ത്രങ്ങൾ വേഗത്തിൽ മാറി ഉണങ്ങിയ വസ്ത്രങ്ങൾ ധരിക്കണം. പൂളിന്റെ പരിസരത്ത് ഓടുന്നതും പരുക്കനായി കളിക്കുന്നതും ഒഴിവാക്കി തെന്നിവീഴാനുള്ള സാധ്യത കുറയ്ക്കണം. പൂളുകളുടെ സുരക്ഷ ഉറപ്പാക്കാൻ മന്ത്രാലയം പരിശോധനകൾ ശക്തമാക്കും. വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് അതിലെ അണുക്കൾ, മലിനീകരണം, ക്ലോറിൻ നിലവാരം എന്നിവ ലാബിൽ പരിശോധിക്കും.

സ്വകാര്യ വില്ലകളിൽ സ്വിമ്മിംഗ് പൂളുകൾ വാടകയ്‌ക്കെടുക്കുന്നവർക്ക് ആഭ്യന്തര മന്ത്രാലയവും മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പൂളിന് ലൈസൻസുണ്ടെന്നും വെള്ളം ശുദ്ധമാണെന്നും ഉറപ്പാക്കണം. ലൈഫ് ജാക്കറ്റുകൾ, ഫസ്റ്റ് എയ്ഡ് കിറ്റുകൾ, അഗ്നിശമന ഉപകരണങ്ങൾ എന്നിവയുണ്ടോയെന്ന് പരിശോധിക്കണം. കുട്ടികൾ നീന്തുമ്പോൾ മുതിർന്നവരുടെ ശ്രദ്ധ എപ്പോഴും ഉറപ്പാക്കണം. വീട്ടിൽ പോർട്ടബിൾ പൂളുകൾ ഉള്ളവർ നിർമ്മാതാക്കൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Summer: Bahrain's Ministry of Interior issues safety warnings for beaches and swimming pools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.