ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ അഭിമാനമുദ്രയാണ് ഇന്ത്യൻ കമ്യൂണിറ്റി സ്കൂളായ ഇന്ത്യൻ സ്കൂൾ ബഹ്റൈൻ. ഇന്ത്യക്കാരുടെ മക്കൾ മാത്രമല്ല ഈ സ്കൂളിന്റെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നത്. മികച്ച വിദ്യാഭ്യാസനിലവാരം നിലനിർത്തുന്നതിൽ അധ്യാപകരുടെ പങ്ക് വളരെ വലുതാണ്. ഈ ഒറ്റക്കാരണത്താൽ ജിസിസി രാഷ്ട്രങ്ങളിലെപോലെതന്നെ ഏഷ്യൻ രാജ്യങ്ങളിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും അമേരിക്കൻ ഐക്യനാടുകളിലെയും രക്ഷിതാക്കളുടെ കുട്ടികൾ പഠനം നടത്തിവരുന്നു. എന്നാൽ നിലവിൽ സ്കൂളിൽ അധ്യാപകരുടെ ശമ്പളം വൈകുന്നുവെന്ന വിവരം അറിയുന്നു. ഒരു കാരണവശാലും ജീവനക്കാരുടെ ശമ്പളം ഒരു ദിവസം പോലും വൈകാൻ പാടില്ല എന്നാണ് എന്റെ ഭാഷ്യം. വൈകി നൽകുന്നതിലൂടെ പ്ലാറ്റിനം ജൂബിലിയുടെ ശോഭക്ക് മങ്ങലേൽക്കും. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തപ്പെട്ട ചാരിറ്റി ഡിന്നറിന് ജീവനക്കാരുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തിയിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. അതനുസരിച്ച് ടേബിൾ ബുക്കിങ്ങിന് സഹകരിച്ചിട്ടുണ്ട്. 2010ൽ ഡയമണ്ട് ജൂബിലി ആഘോഷങ്ങൾ ഒഴിവാക്കി പൊതുസമൂഹത്തിന്റെ സഹായസഹകരണങ്ങൾ കൊണ്ടാണ് ഡയമണ്ട് ജൂബിലി ബിൽഡിങ് നിർമിക്കപ്പെട്ടത്. ഇവിടെ അധ്യാപകരുടെ നിസ്തുല സഹകരണം ഉണ്ടായിരുന്നു. സ്കൂളിന്റെ സാമ്പത്തികസ്ഥിതി ഒട്ടും അനുകൂലമല്ലാത്ത സാഹചര്യത്തിൽ സ്കൂളിന് ഒരു ബാധ്യതയും ഇല്ലാതെയാണ് പണി പൂർത്തീകരിച്ചത്. ഏകദേശം 400ൽപരം കുട്ടികൾ അവിടെ അധികമായി പഠിക്കാനുള്ള സാഹചര്യവും ഒരുക്കി.
കുറച്ച് രക്ഷിതാക്കൾ യഥാസമയം ഫീസ് അടക്കുന്നില്ലെന്ന വാദമുഖം അവസാനിപ്പിക്കണം. സൗഹൃദത്തിന്റെ പേരിൽ ഫീ കൺസഷൻ കൊടുക്കുന്നുണ്ടെങ്കിൽ എത്രയും വേഗം അവസാനിപ്പിക്കണം. വളരെ കർക്കശമായി രക്ഷിതാക്കളുടെ ബുദ്ധിമുട്ടുകൾ പരിഗണിക്കാതെതന്നെ അവരുടെ കുട്ടികളുടെ പ്രമോഷനും അതുപോലെതന്നെ അർധവാർഷികപരീക്ഷയുടെ ഫലം പോലും കുട്ടികൾക്ക് നൽകാതെ കൃത്യമായി ഫീസ് വാങ്ങിച്ചശേഷം മാത്രമാണ് പ്രമോഷൻ നൽകുന്നതും അതുപോലെതന്നെ പ്രോഗ്രസ് റിപ്പോർട്ട് കൊടുക്കുന്നതും. എന്തിനേറെ പറയുന്നു രക്ഷിതാക്കളുടെ വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കേണ്ട അവകാശം പോലും ഇതിന്റെ പേരിൽ നിഷേധിക്കപ്പെടുന്നുണ്ട്.
യഥാർഥത്തിൽ പ്ലാറ്റിനം ജൂബിലി ആഘോഷം ഇന്ത്യൻ പൊതുസമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ കൂടെ ആയിരുന്നെങ്കിൽ ഇപ്പോൾ ഏതെങ്കിലും തരത്തിൽ അധിക ബാധ്യത വരുത്തിവെച്ചിട്ടുണ്ടെങ്കിൽ സാമ്പത്തിക ബാധ്യത ഒഴിവാക്കാമായിരുന്നു. ആഘോഷവേളയിൽ പൊതുസമൂഹമധ്യേ ഒരു കസേര നൽകി ഇരുത്തിയാൽ സ്കൂളിന്റെ പുരോഗമന നിർമാണപ്രവർത്തനങ്ങൾക്ക് ബലമേകില്ല. അവരെയും ആലോചനകളിലും ഫണ്ട് സമാഹരണത്തിലും പങ്കാളികളാക്കിയുള്ള കർമപരിപാടികൾ ആണ് നടത്തേണ്ടത്. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള സ്മാർട്ട് ബോർഡ് പദ്ധതി അഭിനന്ദനാർഹമാണ്. 2014ൽ തുടക്കം കുറിച്ചതാണ്. എന്നാൽ 2015 മുതൽ ഏകദേശം ഉപേക്ഷിച്ച പദ്ധതിയാണ്. കഴിഞ്ഞ സ്കൂൾ ഭരണസമിതി തെരഞ്ഞെടുപ്പിൽ രക്ഷിതാക്കൾക്ക് നമ്മൾ നൽകിയ വാഗ്ദാനം നിറവേറ്റിയതിൽ സന്തോഷമുണ്ട്.
മുതിർന്ന ക്ലാസുകൾ മുതൽ താഴേക്ക് ഘട്ടംഘട്ടമായി നടത്തിയിരുന്നെങ്കിൽ മറ്റൊരു വലിയ സാമ്പത്തിക ബുദ്ധിമുട്ട് വന്നുചേരില്ലായിരുന്നു എന്നുവേണം കരുതാൻ. ഈ പദ്ധതിയുമായി സഹകരിക്കുന്ന എല്ലാ കമ്പനികളെയും അഭിനന്ദിക്കുന്നതോടൊപ്പം ഒരു അഭ്യർഥന കൂടി ഉണ്ട്. റിഫാ കാമ്പസിന്റെ തിരിച്ചടവ് വഴിമാറ്റി മുടക്കം വരുത്തിയതുപോലെ സംഭവിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും ബന്ധപ്പെട്ടവരും ബന്ധിപ്പിക്കപ്പെട്ടവരും സ്വീകരിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.